തിരുവനന്തപുരം: തൈക്കാട് മോഡൽ സ്കൂളിനു താഴെയുള്ള റോഡിൽ വൺവേ തെറ്റിച്ച് ഹെൽമെറ്റില്ലാതെ ബൈക്കിൽ മിന്നിച്ചു പോവുകയായിരുന്ന ചെറുപ്പക്കാരനെ പൊലീസ് കൈ കാണിച്ചു. സ്പീഡൊന്നു കുറച്ച ശേഷം പെട്ടെന്ന് സ്പീഡ് കൂട്ടി പയ്യനൊരു പോക്ക്. ഗ്ലാസിലൂടെ നോക്കിയപ്പോൾ പൊലീസ് നോക്കി നിൽക്കുന്നുണ്ട്!
ദൂരം കുറച്ചു പിന്നിട്ട് മ്യൂസിയത്തിനു നടയിലെത്തിയപ്പോൾ പയ്യന്റെ ഫോണിലേക്കൊരു കാൾ. പേര് ... അല്ലേ? അതെ എന്ന് മറുപടി. വിലാസവും ഉറപ്പിച്ചു. എന്താ കാര്യം എന്നു തിരിച്ചു ചോദിച്ചപ്പോൾ 'ഇത് പൊലീസാണ് വിളിക്കുന്നത്. എന്തിനാണ് കൈകാണിച്ചിട്ട് നിറുത്താത്തത്? പയ്യന്റെ കണ്ണു തള്ളി. പെട്ടെന്ന് ഒരു കാരണം കണ്ടെത്തി. 'അത് സാർ, അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞതുകൊണ്ട് പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകാനായി പോയതാണ്. അതാണ്. 'പിന്നെ ആശുപത്രിയിലൊക്കെ പോകുമ്പോൾ ഹെൽമെറ്റ് വച്ചു പോകണ്ടേ, ഇല്ലെങ്കിൽ അമ്മയ്ക്കും മകനും ആശുപത്രിയിൽ കിടക്കേണ്ടി വരില്ലേ? അപ്പുറത്ത് മറുപടിയൊന്നും ഇല്ല. പൊലീസ് വീണ്ടും'' എന്തായാലും മോൻ ഒരു 500 രൂപ കൊണ്ട് അടച്ചേക്കണേ, നോട്ടീസ് വീട്ടിലയച്ചേക്കാം''
ഇത് പുതിയ രീതിയാണ് പൊലീസിനെയോ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയോ വെട്ടിച്ചു കടന്നു പോയിട്ട്, രക്ഷപ്പെട്ടെന്ന് കരുതിയാൽ 'പണി' അപ്പോൾ തന്നെ വരും. ഗതാഗതനിയമം ലംഘിക്കുന്നവരുടെ വണ്ടിയുടെ ഫോട്ടോ എടുത്ത്. രജിസ്റ്റർ നമ്പരിൽ നിന്നു ആളെ തിരിച്ചറിഞ്ഞ് പെറ്റിയടിക്കുന്നതാണ് രീതി. അതിനു മുമ്പ് ഇങ്ങനെ വിളിക്കുകയും ചെയ്യും. തങ്ങളെ കബളിപ്പിച്ച് പോകുന്നവരുടെ ഫോൺ നമ്പരെടുത്ത് വിളിക്കുന്ന പൊലീസുകാരെല്ലാം വളരെ മാന്യമായി സംസാരിക്കുമെന്ന് കരുതരുത്. 'മോനെ' എന്ന പദത്തിനു മുമ്പിലായി ചില പദങ്ങളൊക്കെ ചേർത്തെന്നിരിക്കും. പൊതുവെ മാന്യമായിട്ടു വേണം സംസാരിക്കാനെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. പൊലീസിന്റെ വായിലിരിക്കുന്നതു മുഴുവൻ കേട്ട ഉടൻ പെറ്റിയുമായി പൊലീസ് എവിടെ നിന്നു കൈ കാണിച്ചോ അവിടേക്കു പോകുന്നവരും ഉണ്ട്.
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലുള്ളവർക്കു കൂടി ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കൈകാണിച്ചു നിറുത്തി പരിശോധിക്കുന്നത് പൊലീസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും കുറച്ചിട്ടുണ്ട്. പകരം നിയമലംഘനം കാമറയിൽ പകർത്തി വിലാസത്തിലേക്ക് തെളിവു സഹിതം അയച്ചുകൊടുക്കും. സ്റ്റേഷനിലെത്തിയോ കോടതിയിലോ തുക അടയ്ക്കാം. ശരാശരി അഞ്ച് ലക്ഷം രൂപയാണ് നഗരത്തിൽ നിന്നു മാത്രം പിഴയായി ഗതാഗത നിയമലംഘകർ അടയ്ക്കുന്നത്.
നിയമം ലംഘിക്കുന്നവരെ പിടികൂടാൻ
l മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ നഗരത്തിൽ വാഹനങ്ങളിൽ കറങ്ങുന്നു
l പൊലീസിന്റെ രണ്ട് വാഹനങ്ങളിൽ ഒന്ന് ബൈപ്പാസിൽ കഴക്കൂട്ടം മുതൽ കോവളം വരെ.
l മറ്റൊന്ന് എം.സി റോഡിലും ദേശീയ പാതയിലും
l ഓരോ വാഹത്തിനും പിഴയിടൽ ടാർജറ്റ് 10000 രൂപ
l സ്പീഡ് കാമറുയുമായി പൊലീസിന്റെ വാഹനം കോവളത്തിനടുത്ത് വാഴമുട്ടത്തും ദേശീയ പാതയിൽ നേമത്തും.
വാഹനയാത്രക്കാർക്ക് പൊതുവേ സുരക്ഷാബോധം വർദ്ധിച്ചുവരുന്നതായാണ് കാണുന്നത്. മിക്കവരും ഹെൽമെറ്റ് ധരിക്കുന്നുണ്ട്. അപകട നിരക്കിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. - രാജീവൻ പുത്തലത്ത്, അസി. ട്രാൻസ്പോർട്ട് കമ്മിഷണർ.
ആധുനിക വാഹന പരിശോധനാ രീതി പൊലീസ് പെട്ടെന്നു തന്നെ സ്വന്തമാക്കി കഴിഞ്ഞു. നഗരത്തിലെ യാത്ര അപകട രഹിതമാക്കുകയാണ് ലക്ഷ്യം.
- സുൾഫിക്കർ, അസി. കമ്മിഷണർ, ട്രാഫിക് പൊലീസ്
പ്രതിദിനം ക്ലിക്ക് ചെയ്യുന്നത് 800 പേരെ
നഗരത്തിൽ 78 സ്ഥലങ്ങളിലാണ് ട്രാഫിക് പൊലീസ് നിയമലംഘകരെ കാത്ത് കാമറയുമായി നിൽക്കുന്നത്. ചാടിവീണ് പിടിത്തമൊന്നും ഇല്ല. ഒരു പോയിന്റിൽ ഒരു ഡ്യൂട്ടിക്കു നിൽക്കുന്ന ആൾ കുറഞ്ഞത് പത്ത് നിയമലംഘനം പകർത്തി അയയ്ക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. പലരും അതിൽ കൂടുതൽ ചിത്രങ്ങൾ അയയ്ക്കാറുണ്ട്. ശരാശരി 800 ചിത്രങ്ങളാണ് പകർത്താറ്. കൂടുതലും ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെയും നോ പാർക്കിംഗിൽ വണ്ടി പാർക്കു ചെയ്യുന്നവരുടേതുമാണ്. ഇതിനു പുറമേ രണ്ട് ഇന്നോവ കാറുകൾ ഹൈവേ പട്രോളിംഗിനായി അയച്ചിട്ടുണ്ട്. ഡ്രൈവറിനു പുറമേ എസ്.ഐ റാങ്കിലെ ഒരു ഉദ്യോഗസ്ഥനും ഒരു വനിത ഉൾപ്പെടെ രണ്ടു സി.പി.ഒമാരും ഉണ്ടാകും.
മോട്ടോർ വെഹിക്കിൾ വിഭാഗം ക്ലിപ്പിട്ടാൽ പെട്ടു!
ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളാണു മോട്ടോർ വാഹന വകുപ്പിന്റെ മൂന്നാം കണ്ണായി പ്രവർത്തിക്കുന്നത്. ഇവയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്നു ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തി, വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയ്ക്കു നോട്ടീസ് അയയ്ക്കും. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങൾ വാഹൻ സോഫ്റ്റ്വെയർ വഴി തടയും. വകുപ്പിന്റെ ഓഫീസുകളിൽ നേരിട്ടോ ഓൺലൈൻ ആയോ പിഴ അടയ്ക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സൗകര്യമുണ്ട്.
നിങ്ങൾക്കും ക്ലിക്കാം അയയ്ക്കാം
പൊതുജനത്തിന് നിയമ ലംഘനം കണ്ടെത്തി അറിക്കാനുള്ള സൗകര്യവും മോട്ടോർ വാഹന വകുപ്പ് നൽകുന്നുണ്ട്. നിയമം ലംഘിക്കുന്നതു സംബന്ധിച്ച് ഫോട്ടോ എടുത്ത് മോട്ടോർ വാഹന വകുപ്പിന്റെ വാട്സ്ആപ്പ് നമ്പരായ +91 99461 00100ൽ അയച്ചു കൊടുത്താൽ മതി. പൊതുജനങ്ങൾ അയയ്ക്കുന്ന മോട്ടോർവാഹന ലംഘനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ അതത് ആർ.ടി.ഒമാർ ശേഖരിച്ചു കുറ്റകൃത്യം ഉറപ്പാക്കിയ ശേഷം നോട്ടീസ് അയയ്ക്കും.