
തിരുവനന്തപുരം: തലസ്ഥാനത്ത് പരിചയപ്പെടുത്തലുകൾ വേണ്ടാത്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് എബി ജോർജ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് ജീവകാരുണ്യപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയ വ്യക്തിയാണ് എബി ജോർജ്. ജനങ്ങൾക്കൊപ്പം നിന്ന് നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയം അദ്ദേഹത്തിന് മുതൽകൂട്ടായി. നഗരത്തിൽ സാമൂഹ്യസേവനരംഗത്ത് തത്പരരായ ഒരു കൂട്ടം ആളുകളെ ഒരുമിപ്പിച്ച് 2013ൽ അദ്ദേഹം സ്വസ്തി ഫൗണ്ടേഷൻ ആരംഭിച്ചു. ആരോഗ്യം, സാമൂഹ്യം, ശിശുരക്ഷ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ഫൗണ്ടേഷൻ ജനഹൃദയങ്ങളിൽ സ്ഥാനം നേടി. കാൻസർ രോഗത്തെ മുൻകൂട്ടി കണ്ടെത്തുന്നതിനായി നിരവധി മെഡിക്കൽ ക്യാമ്പുകൾ സ്വസ്തി ഫൗണ്ടേഷൻ നടത്തിവരുന്നു. ഫൗണ്ടേഷന്റെ കൂട്ടായ്മയിൽ ' സ്നേഹതാളം"എന്ന കാൻസർ ഡയഗ്നോസിസ് പരിപാടിയിലൂടെ ലക്ഷക്കണക്കിന് ആളുകളെ സൗജന്യ കാൻസർ നിർണയ പരിശോധനയ്ക്ക് വിധേയരാക്കി, രണ്ടര ലക്ഷത്തോളം ആളുകളെ ഇതിലൂടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
'ഹീലിംഗ് ഹാന്റ്സ് " എന്ന പേരിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് സ്വസ്തി ഫൗണ്ടേഷനിലുള്ളത്. ' സ്നേഹജ്യോതി "എന്ന പരിപാടിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ സായ് - എൽ.എൻ.സി.പി.ഇ തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. ആരോഗ്യരംഗത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സ്വസ്തി ഫൗണ്ടേഷൻ പല മേഖലകളിലും യോജിച്ചു പ്രവർത്തിക്കുന്നു. കുട്ടികളെ കല, കായിക രംഗങ്ങളിൽ ഉൾപ്പെടുത്തി അവരുടെ കഴിവുകൾ ഉണർത്തുന്നതിനും ഈ പദ്ധതി സഹായിച്ചിട്ടുണ്ട്.
സ്വസ്തി ഫൗണ്ടേഷന്റെ ' സ്നേഹജ്വാല " എന്ന പ്രോഗ്രാം ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പദ്ധതിയാണ്. ഈ പദ്ധതി കേരള പൊലീസ്, യുണൈറ്റഡ് ഷിനോറിയു കരാട്ടെ അസോസിയേഷൻ,സായ് - എൽ.എൻ.സി.പി.ഇ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്നു. ഇതിലൂടെ സ്ത്രീകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സ്വയരക്ഷ എങ്ങനെ ഉറപ്പുവരുത്താമെന്ന് പഠിപ്പിക്കുന്നു. വെള്ളായണി നവനിർമ്മാണ പദ്ധതിയിലൂടെ തടാകത്തിന്റെ മുക്കാൽഭാഗവും ഇതിനകം വൃത്തിയാക്കി കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ നേവിയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ജാതി മത ചിന്തകൾക്കതീതമായി മതേതര കൂട്ടായ്മകൾ വളർത്തിയെടുക്കാനും കലാ - സാംസ്കാരിക രംഗങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്താനും എബി ജോർജിന് കഴിഞ്ഞിട്ടുണ്ട്. 1958 ജൂൺ 11ന് തിരുവല്ല നെയ്തല്ലൂരിൽ പി. ജോർജിന്റെയും (പരേതൻ) റെയ്ചൽ ജോർജിന്റെയും മകനായി ജനിച്ച എബി ജോർജ്, മാർ ഇവാനിയോസ് കോളേജിൽ പഠിക്കുമ്പോൾ കെ.എ.സ്.യു ജില്ലാ പ്രസിഡന്റായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1980ൽ കേരള സർവകലാശാലയുടെ കീഴിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചു. കോളേജ് തിരഞ്ഞെടുപ്പുകളിൽ വിജയം എബി ജോർജിനൊപ്പമായിരുന്നു. തുടർച്ചയായി മൂന്നുതവണ സർവകലാശാല സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പിനെതിരെയുള്ള സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തൊഴിലാളി പ്രസ്ഥാന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി പ്രവർത്തിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, കേന്ദ്ര സർക്കാരിന്റെ കീഴിൽ മിനിമം വേജ് ബോർഡിന്റെ ഇൻഡിപെൻഡൻസ് അംഗം, മൈനോറിറ്റി കമ്മിഷന്റെ മോണിറ്ററിംഗ് കമ്മിറ്റി അംഗം, മാർ ഇവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ അമിക്കോസിന്റെ ദീർഘകാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ബീന ആനി. മക്കൾ: നീതു, നീനു. മരുമക്കൾ: ജോസലിൻ, ജിബി. ചെറുമക്കൾ: ഇലിയാൻ, ഈഥൻ.