തിരുവനന്തപുരം: പദ്ധതികൾ പലതും വന്നുപോയിട്ടും ഒഴുക്ക് നിലച്ചും ചെളിയും മാലിന്യവും നിറഞ്ഞും ശാപമോക്ഷമില്ലാത്ത അവസ്ഥയിലാണ് അട്ടക്കുളങ്ങര ബൈപാസിന് സമീപത്തെ കരിമഠം കുളം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിവരുന്ന മഴവെള്ളം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സംഭരിക്കാൻ രാജഭരണകാലത്ത് നിർമ്മിച്ച കുളത്തിനാണ് ഈ ദുർഗതി. അട്ടക്കുളങ്ങര ബൈപാസിനും കരിമഠം കോളനിക്കും മദ്ധ്യേ രണ്ടേക്കറിലധികം സ്ഥലത്താണ് കുളം വ്യാപിച്ച് കിടക്കുന്നത്. കൈയേറ്റത്തെ തുടർന്ന് കുളം നവീകരിക്കാൻ വിവിധ പദ്ധതികൾ സർക്കാരും നഗരസഭയും ആവിഷ്കരിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓപ്പറേഷൻ അനന്തയിൽ ഉൾപ്പെടുത്തി മണ്ണും ചെളിയും നീക്കി കുളത്തിന്റെ ആഴം കൂട്ടാനും ഒഴുക്ക് വർദ്ധിപ്പിക്കാനും ശ്രമിച്ചിരുന്നു. മണ്ണും ചെളിയും നീക്കിയതല്ലാതെ കുളത്തെ മാലിന്യമുക്തമാക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.
ഡ്രഡ്ജിംഗിനെത്തിച്ച ഡ്രഡ്ജറുകളുടെ ചിലഭാഗങ്ങൾ ഇപ്പോഴും കുളത്തിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ജൻറം, അമൃത്, ഹരിതകേരളം പദ്ധതികളിലുൾപ്പെടുത്താൻ ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും വിജയിച്ചില്ല. രാത്രികാലങ്ങളിൽ കൊതുക് ശല്യം കാരണം കോളനിയിലുള്ളവർ പൊറുതിമുട്ടുകയാണ്. എലി, പാറ്റ, വിഷപാമ്പുകൾ, മറ്റ് ഇഴജന്തുക്കൾ എന്നിവയുടെ ആവാസ കേന്ദ്രമായി കരിമഠം കുളം മാറി. ആമയിഴഞ്ചാൻ തോടുമായി കുളത്തെ ബന്ധിപ്പിക്കുന്ന തോട് കോളനി നിവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റുകളുടെ നിർമ്മാണത്തിനായി നികത്തിയതോടെ കുളത്തിൽ നിന്ന് പുറത്തേക്കുള്ള ഒഴുക്കും നിലച്ചു. സമീപത്തെ ഫ്ളാറ്റുകളിലെ മിക്ക സെപ്ടിക് ടാങ്കുകളിൽ നിന്നും പൊട്ടിയൊലിക്കുന്ന മാലിന്യവും കുളത്തിലാണ് എത്തിച്ചേരുന്നത്.
സംരക്ഷിക്കാൻ
l ചെളിയും മാലിന്യവും നീക്കണം
l കൈയേറ്റങ്ങൾ ഒഴിപ്പിക്കണം
l പടവുകൾ കെട്ടി സംരക്ഷിക്കണം
l മാലിന്യ നിക്ഷേപം തടയുക
l ചുറ്റുമതിലോ വേലിയോ കെട്ടണം
l നീന്തൽക്കുളമായോ മത്സ്യകൃഷിക്കോ ഉപയോഗിക്കണം
കരിമഠം കുളം നവീകരിക്കാനുള്ള ചില പദ്ധതികൾ നഗരസഭ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ പങ്കാളിത്തത്തോടെ കുളം വൃത്തിയാക്കി നഗരത്തിലെ ശുദ്ധജല സംഭരണിയായി നിലനിറുത്താനാണ് ലക്ഷ്യമിടുന്നത്. ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചു. കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കുന്നതിനായി സർക്കാർ സഹായം തേടിയിട്ടുണ്ട്. എൽ.എസ്. ദീപ, (സെക്രട്ടറി, നഗരസഭ)