തിരുവനന്തപുരം: വൈ.എം.സി.എയിൽ നടക്കുന്ന ചിത്രപ്രദർശനത്തിന് പ്രചോദനമായ നന്മമരത്തെ ആരും കാണാതെ പോകരുത്. ഈ മാസം 21ന് തുടങ്ങിയതാണ് ചിത്രപ്രദർശനം. ജനുവരി രണ്ട് വരെയുണ്ട്. കലാകാരന്മാർ പതിനാറുപേർ. അറിയപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. അവർ വരച്ച ചിത്രങ്ങൾക്ക് കണക്ക് കൊണ്ട് മൂല്യം കല്പിക്കാനാവില്ല, അതിന് പിന്നിലെ നന്മമരത്തെ തിരിച്ചറിയുമ്പോൾ. 'ചിരാഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനത്തെ ശ്രദ്ധേയമാക്കുന്നത്, അതിന് പിന്നിലെ വേറിട്ട വഴികൾ ഒന്ന് മാത്രം!
കാൻസർ ഇരുട്ടായി വന്ന് കുരുന്നുജീവിതത്തെ പിഴുതെറിയുമെന്ന് ഭയപ്പെട്ടവർക്ക് പ്രത്യാശയുടെ വെളിച്ചം സമ്മാനിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് ആർ.സി.സിയിലെ മുൻ അഡിഷണൽ ഡയറക്ടർ ഡോ. കുസുമകുമാരി. പീഡിയാട്രിക് കാൻസർ രംഗത്ത് പ്രവർത്തിച്ച ഡോക്ടർക്കറിയാം കുരുന്നുകളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന വ്യഥകളെ. ജീവിതവഴിയിൽ അവരും അർബുദത്തിന് വഴിപ്പെടേണ്ടിവന്നു. പക്ഷേ നിരാശയല്ല അവരെ നയിച്ചത്. പ്രത്യാശയുടെ ഊർജമായിരുന്നു. ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പലവിധ പ്രയാസങ്ങളുമുണ്ടാകുമെന്ന സ്വയംബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് തണലേകാൻ ഇറങ്ങിത്തിരിച്ചതായിരുന്നു ഡോക്ടർ കുസുമകുമാരി. കുട്ടികൾക്ക് ആറ് മാസത്തെ തുടർച്ചയായ ചികിത്സയിലൂടെ രോഗം മാറ്റിയെടുക്കാം. അതിന് ആർ.സി.സിക്കടുത്ത് താമസസൗകര്യം അവർക്ക് വേണ്ടിവരും. പ്രാരാബ്ധങ്ങൾ കാരണം അത് താങ്ങാനാവാത്ത കുടുംബങ്ങൾക്ക് അത്താണിയാകാനായിരുന്നു ഡോക്ടറുടെ ശ്രമം
. അതിന് വാടകക്കെട്ടിടമുൾപ്പെടെ സജ്ജമാക്കിയ ശേഷം മുന്നോട്ട് പോകാനാവാതെ സാമ്പത്തികം തടസമായി നിന്ന ഡോക്ടർക്ക് തുണയായാണ് ട്രിവാൻഡ്രം കോസ്മോപോളിറ്റൻ ലയൺസ് ക്ലബ് എത്തിയത്. വൈ.എം.സി.എ ഹാളിൽ ഡോ. കുസുമകുമാരിയുടെ പ്രത്യാശ എന്ന സന്നദ്ധസംഘടനയുമായി ലയൺസ് ക്ലബ് കൈകോർത്തത് അങ്ങനെയായിരുന്നു. ഇരു സംഘടനകളും ചേർന്നാണിപ്പോൾ വൈ.എം.സി.എ ഹാളിൽ ചിരാഗ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രദർശനത്തിലൂടെ വിൽക്കപ്പെടുന്ന ചിത്രങ്ങളിൽ നിന്ന് കിട്ടുന്ന നൂറ് ശതമാനം തുകയും കാൻസർബാധിതരായ കുട്ടികൾക്കായി പ്രത്യാശയിലൂടെ ചെലവഴിക്കാനാണ് സംഘാടകരുടെ തീരുമാനം. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ആണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. ഈ പ്രദർശനത്തിന്റെ വലിയ ലക്ഷ്യം കേട്ടറിഞ്ഞവരെല്ലാം വൈ.എം.സി.എ ഹാളിലെത്തുന്നുണ്ട്, പലരും ചിത്രങ്ങൾ വാങ്ങുന്നുമുണ്ട്.