തിരുവനന്തപുരം: കേശവദാസപുരത്തിന് സമീപത്തെ പോസ്റ്റൽ ആൻഡ് ടെലിഗ്രാം (പി ആൻഡ് ടി) ക്വാർട്ടേഴ്സിൽ യഥാസമയം കുടിവെള്ളം കിട്ടാതായിട്ട് രണ്ട് മാസത്തിലേറെയായിട്ടും വാട്ടർ അതോറിട്ടി അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പ്രശ്ന പരിഹാരത്തിനായി പലരെയും സമീപിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഏതാണ്ട് ഒരു വർഷത്തോളമായി ഇങ്ങനെയാണ് ഇവിടത്തെ അവസ്ഥ. കുടിവെള്ളത്തിന്റെ ദൗർലഭ്യം കാരണം സ്കൂൾ കുട്ടികളും മാതാപിതാക്കളും ഏറെ ബുദ്ധിമുട്ടുകയാണ്. പേരൂർക്കടയിലെ ടാങ്കിൽ നിന്നാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്.
കണക്ഷൻ പോയിന്റ് സ്ഥിതി ചെയ്യുന്നത് ഉയർന്ന സ്ഥലത്താണ്. ലൈനുകളിൽ വേണ്ടത്ര മർദ്ദം ഇല്ലാത്തതിനാൽ ടാങ്കിൽ നിന്ന് പൈപ്പിലേക്ക് പൂർണ തോതിൽ വെള്ളം പമ്പ് ചെയ്യാനാകുന്നില്ലെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. ആറ് മാസം മുമ്പ് ഇത്തരത്തിൽ പ്രശ്നമുണ്ടായപ്പോൾ പി ആൻഡ് ടി ക്വാർട്ടേഴ്സിന് സമീപത്തെ വിവേകാനന്ദ നഗറിലുള്ള ലൈനിൽ വാൽവ് സ്ഥാപിച്ച് വെള്ളം തിരിച്ചുവിട്ട് അധികൃതർ പ്രശ്നം പരിഹരിച്ചിരുന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വാൽവ് തുറന്ന് ഇവിടുത്തുകാർക്ക് വെള്ളം ലഭ്യമാക്കിയിരുന്നു. എന്നാലിപ്പോൾ വാൽവ് തുറന്നിട്ടും ഇവർക്ക് മതിയായ വെള്ളം കിട്ടുന്നില്ല. പി ആൻഡ് ടി ക്വാർട്ടേഴ്സിലെ 80 കുടുംബങ്ങൾക്കായി ആഴ്ചയിൽ 80,000 ലിറ്റർ വെള്ളമാണ് വേണ്ടത്.
എന്നാൽ രണ്ട് ദിവസങ്ങളിലായി ഇവർക്ക് ലഭിക്കുന്നത് 10,000 ലിറ്റർ മാത്രമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇടപെട്ട് ടാങ്കറിൽ വെള്ളം ലഭ്യമാക്കിയെങ്കിലും ഒരാഴ്ചയായി അതും ലഭിക്കാത്ത സ്ഥിതിയാണ്. പ്രശ്ന പരിഹാരത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇവിടുത്തുകാർ.