പുതുവർഷത്തിലെ ആദ്യ റിലീസ് വിജയിക്കില്ലെന്ന അന്ധവിശ്വാസവും ചീത്തപ്പേരും മാറ്റാൻ ഒമർ ലുലു ചിത്രം ധമാക്ക ഒരുങ്ങുന്നു. ജനുവരി രണ്ടിനാണ് അരുൺ, നിക്കിഗൽറാണി, മുകേഷ്, ഉർവശി, നേഹാ സക്സേന, ധർമ്മജൻ ബോൾഗാട്ടി, ഷാലിൻ സോയ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ധമാക്ക തിയേറ്ററുകളിലെത്തുന്നത്. സിനിമ നന്നായാൽ, അത് പ്രേക്ഷകർക്കിഷ്ടമായാൽ സിനിമ വിജയിക്കുമെന്നും പുതുവർഷത്തിലെ ആദ്യ റിലീസായത് കൊണ്ട് മാത്രം ഒരു നല്ല ചിത്രവും പരാജയപ്പെടില്ലെന്നുമാണ് ഒമർ ലുലുവിന്റെ പക്ഷം. ഗുഡ്്ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ധമാക്ക നിർമ്മിക്കുന്നത്.
ആർ.കെ. സുരേഷ്, നേഹാ സക്സേന എന്നിവരെ പ്രധാന വേഷങ്ങളാക്കി മലയാളത്തിലും തമിഴിലുമായി മഞ്ജിത്ത് ദിവാകർ സംവിധാനം ചെയ്യുന്ന കൊച്ചിൻ ശാദി ചെന്നൈ 03 എന്ന ചിത്രം ജനുവരി മൂന്നിന് തിയേറ്ററുകളിലെത്തും.