ജയസൂര്യ വൈദികനാകുന്നു. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കെ.എസ്. ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലൻ എന്ന ചിത്രത്തിലാണ് ജയസൂര്യയുടെ പുതിയ വേഷപ്പകർച്ച.
അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിദേശ താരങ്ങൾ ഉൾപ്പെടെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. താരനിർണയം പൂർത്തിയായിവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 28ന് എറണാകുളത്ത് തുടങ്ങും. നാല് ദിവസത്തെ ചിത്രീകരണത്തിന് ശേഷം മൊറോക്കോയിലേക്ക് ഷിഫ്ട് ചെയ്യും.
മൊറോക്കോയിലെ ചിത്രീകരണത്തിന് ശേഷം എറണാകുളത്ത് മടങ്ങിയെത്തുന്ന ജയസൂര്യ ശരീരം മെലിയാനായി നാലാഴ്ചയോളം ചിത്രീകരണത്തിൽ നിന്ന് അവധിയെടുക്കും. ആ സമയം ജയസൂര്യയില്ലാത്ത രംഗങ്ങൾ തിരുവനന്തപുരത്ത് ചിത്രീകരിക്കും. വത്തിക്കാനിലാണ് ഈ ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ഒരു ചിത്രമായിരിക്കും അപ്പോസ്തലൻ എന്നാണ് സൂചന.
സംഗീത് ശിവന്റെ അസോസിയേറ്റായിരുന്ന കെ. എസ്. ബാവ ആസിഫ് അലി നായകനായ ഇഡിയറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. റായി ലക്ഷ്മിനായികയായ യാർ (യെവര് നുവ്വു) എന്ന തമിഴ് - തെലുങ്ക് ചിത്രവുമൊരുക്കിയിട്ടുണ്ട്.
എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന രാമസേതു എന്ന ചിത്രമാണ് അരുൺ നാരായൺ പ്രൊഡക്ഷൻസ് ആദ്യം അനൗൺസ്ചെയ്തത്. മെട്രോമാൻ ഇ. ശ്രീധരന്റെ ജീവിതകഥ പറയുന്ന ചിത്രം ഒക്ടോബറിൽ തുടങ്ങുമെന്ന് അരുൺ നാരായൺ അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിലാണ് എസ്. സുരേഷ്ബാബു. കെ.എസ്. ബാവയും അൻവർ ഹുസൈനും ചേർന്നാണ് അപ്പോസ് തലൻ രചന നിർവഹിക്കുന്നത്. റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ. സംഗീതം: ഗോപിസുന്ദർ, വിനു തോമസ്, കലാസംവിധാനം : ഗോകുൽദാസ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ജേക്കബ്.