yogi

ലക്‌നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിഷേധം നടന്നത് ഉത്തർപ്രദേശിലാണ്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിവയ്പ്പും, കണ്ണീർ വാതകവും പ്രയോഗിച്ചു. സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 19 ആളുകൾ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്കേറ്റു. പൊലീസിന്റെ നടപടികൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ ഇപ്പോൾ ഗവണ്മെന്റ് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പ്രക്ഷോഭകർക്കെതിരായ സർക്കാർ നടപടി എല്ലാവരെയും ഞെട്ടിച്ചു, എല്ലാ പ്രതിഷേധക്കാരും നിശബ്ദരായി എന്നും ആദിത്യനാഥ് വ്യക്തമാക്കി.

''സർക്കാരിന്റെ കർശന നടപടികൾ കണ്ട് എല്ലാ കലാപകാരികളും ഞെട്ടി, പ്രശ്നക്കാർ ഭയന്നു. പൊതുമുതൽ നശിപ്പിക്കുന്നവർ പണം തരേണ്ടി വരും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. യോഗി സർക്കാരിന്റെ നടപടികളെ ഭയന്ന് ഇപ്പോൾ എല്ലാ പ്രതിഷേധക്കാരും കരയുകയാണ് '' എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തിറക്കിയ ട്വിറ്റർ സന്ദേശത്തിൽ പറയുന്നത്.
''ദ ഗ്രേറ്റ് സി.എം യോഗി'' എന്ന ഹാഷ് ടാഗോടു കൂടിയാണ് സന്ദേശം.

हर दंगाई हतप्रभ है।

हर उपद्रवी हैरान है।

देख कर योगी सरकार की सख्ती मंसूबे सभी के शांत हैं।

कुछ भी कर लो अब, क्षतिपूर्ति तो क्षति करने वाले से ही होगी, ये योगी जी का ऐलान है।

हर हिंसक गतिविधि अब रोयेगी क्योंकि यूपी में योगी सरकार है। #TheGreat_CmYogi

— Yogi Adityanath Office (@myogioffice) December 27, 2019

എങ്ങനെ പ്രതിഷേധത്തെ നേരിടണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു. പ്രതിഷേധം നടത്തിയവരിൽ 498 പേരെ തിരിച്ചറിഞ്ഞതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. മീററ്റിൽ നിന്ന് മാത്രം 148 പേർ നഷ്ടം നികത്താൻ ആവശ്യപ്പെട്ടു. നശീകരണ പ്രവർത്തനങ്ങൾ നടത്തിയവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും സംസ്ഥാന ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 1113 ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ചെന്നും ട്വീറ്റിൽ പറയുന്നു.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ക്രൂര നടപടികൾ സ്വീകരിച്ചെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് യോഗിയുടെ ഒാഫീസിൽ നിന്നും ഈ പ്രസ്താവന. യോഗിയുടെ പരാമർശത്തിനെതിരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് നവാബ് മാലിക് രംഗത്തെത്തി. രാജ്യത്ത് പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നു. എന്നാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി മനപൂർവം സാഹചര്യം കൈവിട്ടുപോവാൻ അനുവദിക്കുകയായിരുന്നു. സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചെന്നും മാലിക് ആരോപിച്ചു.