കോഴിക്കോട്: കഷ്ടപ്പാടുകളുടെയും പരാധീനതകളുടെയും ഇടയിൽ നിന്നും പൊരുതി ഡോക്ടർ പട്ടം നേടിയെടുത്തിരിക്കുകയാണ് കോഴിക്കോട്ടെ വിലങ്ങാട് കുറ്റല്ലൂർ ആദിവാസി ഊരിലെ ഡോക്ടർ ജ്യോത്സ്ന. ഇതാദ്യമായാണ് ഊരിൽ നിന്നും ഒരാൾ ഡോക്ടറായി മാറുന്നത്. അതുകൊണ്ടു തന്നെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഈ നേട്ടം ആദിവാസി ഊരിനാകെ അഭിമാനമായിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയുടെ മൂത്ത മകളാണ് ജ്യോത്സ്ന.
പഠിക്കാൻ മിടുക്കിയായ ജ്യോത്സ്ന പ്ലസ് ടുവിന് മികച്ച വിജയം നേടിയിരുന്നു. ഇതിന് ശേഷമാണ് കണ്ണൂർ പറശ്ശിനിക്കടവ് എം.വി രാഘവൻ മെമ്മോറിയൽ ആയുർവേദ കോളേജിൽ ബി.എ.എം.എസിന് ചേർന്നത്. കഴിഞ്ഞ ദിവസമാണ് ജ്യോത്സ്നയുടെ പരീക്ഷാഫലം വന്നത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജ്യോത്സ്നയുടെ കഴിവുകൾ ആദ്യമായി തിരിച്ചറിയുന്നത് 2013ൽ കോളനി സന്ദർശിക്കുന്നതിനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ്.
ഇതിനെ തുടർന്നാണ് കോളനിക്കാരുടെയും നാട്ടുകാരുടെയും പൊലീസുകാരുടെയും സഹായത്തോട് കൂടി ജ്യോത്സ്ന തുടർപഠനത്തിന് ചേരുന്നത്. അതിനാൽ ജ്യോത്സ്നയുടെ ഈ നേട്ടം പൊലീസുകാർക്കും അഭിമാനം തന്നെ. തന്റെ ഇന്റേൺഷിപ്പ് പൂർത്തിയായ ശേഷം മൂന്ന് വർഷത്തെ പോസ്റ്റ് ഗ്രാജുവേഷന് ചേരാനാണ് ഈ മിടുമിടുക്കിയുടെ താത്പര്യം. തനിക്ക് ലഭിച്ച ഈ അംഗീകാരത്തിന് തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ് ജ്യോത്സ്ന.