ചരിത്രം തിരുത്തിക്കുറിച്ചാണ് പാലായുടെ അമരക്കാരനായി മാണി സി കാപ്പൻ എത്തിയത്. രാഷ്ട്രീയക്കാരൻ എന്നതിലുപരി സിനിമാ മേഖലയിലും തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. മേലേപ്പറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്‌പീക്കിംഗ് എന്നിങ്ങനെ നിരവധി സിനിമകളുടെ നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലും മലയാളികൾക്ക് സുപരിചിതനാണ് മാണി സി കാപ്പൻ.
നിരവധി തവണ പരാജയത്തിന്റെ കയ്‌പ് രുചിച്ചാണ് മാണി സി കാപ്പൻ മിന്നുന്ന വിജയം പാല ഉപതിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. ഇതേപോലെത്തന്നെ ഒരു ചെറിയ തിരിച്ചടിയിൽ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മാണി സി കാപ്പൻ.
'പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പിക്‌നിക് എന്ന സിനിമയിൽ നസീറിന്റെ കൂടെ അഭിനയിക്കാൻ ആളെ സെലക്ട് ചെയ്യുന്നുണ്ടായിരുന്നു. അതിന് പോയി. എനിക്ക് അത്യാവശ്യം മിമിക്രിയൊക്കെ അറിയാം. അതിനുവേണ്ടി മെനക്കെട്ടെങ്കിലും അവസാനം എന്നെ ഒഴിവാക്കി. അന്ന് മനസിൽ കുറിച്ചിട്ടതാ സിനിമ എന്നിലേക്ക് വരണമെന്ന്. ഷീലയുടെ ഭർത്താവ് ബാബുവിന്റെ പിതാവാണ് ആ പടം നിർമ്മിച്ചത്. പിന്നീട് ഞങ്ങൾ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു ഇപ്പോൾ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ പടത്തിൽ അഭിനയിക്കാമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഇനി എനിക്ക് വേണമെങ്കിൽ ഞാൻ സ്വന്തം പടത്തിൽ അഭിനയിച്ചോളാമെന്ന്. പിന്നെ ഒരു സാഹചര്യത്തിൽ രാജസേനനെ കണ്ടു. അങ്ങനെയാണ് സിനിമയിലെത്തുന്നത്'-മാണി സി കാപ്പൻ പറഞ്ഞു.