sivakumar

ബംഗളൂരു: യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവും, മുൻമന്ത്രിയുമായ ഡി.കെ ശിവകുമാർ. തന്റെ മണ്ഡലമായ കനകപുരിയിൽ 114 അടി ഉയരമുള്ള യേശുവിന്റെ പ്രതിമ നിർമ്മിക്കുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം ക്രിസ്‌മസ്‌ ദിനത്തിൽ ശിവകുമാർ നിർവഹിച്ചു. ഇതിനുള്ള പത്തേക്കർ സ്ഥലം പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ശിവകുമാർ കൈമാറി. എന്നാൽ ഈ നടപടിക്കെതിരെ ബി.ജെ.പി നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. പ്രീണിപ്പിക്കൽരാഷ്ട്രീയമാണ് ശിവകുമാർ നടത്തുന്നതെന്നാണ് വിമർശനം.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഖലയായ കനകപുരി ഹാരോബെലയിലെ കപിലബെട്ടിയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. 13 അടി ഉയരമുള്ള പീഠത്തിനു മുകളിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഏകശിലയിലുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ ക്രിസ്തു പ്രതിമ ആണിതെന്നു ശിവകുമാറിന്റെ ഓഫീസ് വ്യക്തമാക്കി.

ശിവകുമാറിനെ വിമർശിച്ചു ബി.ജെ.പി എംപിയും, മുൻ കേന്ദ്രമന്ത്രിയുമായ അനന്ത കുമാർ ഹെഗ്‌ഡെ രംഗത്തെത്തി. തിഹാർ ജയിലിൽ നിന്നും വന്ന നേതാവ് ഇറ്റാലിയൻ നേതാവിനെ പ്രീതിപ്പെടുത്താൻ (സോണിയ ഗാന്ധി) യേശു ക്രിസ്തുവിന്റെ പ്രതിമ നിർമിക്കുകയാണെന്നാണ് വിമർശനം. ഒരു വലിയ യേശുവിനെ സ്ഥാപിച്ചു പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ധീരത പ്രദർശിപ്പിക്കുന്നു. പ്രീണന രാഷ്ട്രീയം നടത്താൻ കൂടുതൽ കോൺഗ്രസ് അടിമകൾ പരസ്പരം മത്സരിക്കുകയാണെങ്കിൽ അതിൽ അത്ഭുതമൊന്നും ഇല്ലെന്നും ഹെഗ്‌ഡെ വ്യക്തമാക്കി.

ഹെഗ്‌ഡെയുടെ വിമർശനത്തിന് ശിവകുമാർ മറുപടി നൽകി. ഇത് എന്നെ സ്നേഹിക്കുന്ന ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. രണ്ടു വർഷം മുൻപ് ഞാൻ ഈ സ്ഥലം സന്ദർശിച്ചപ്പോൾ ഇവർ എന്നോട് ഈ പദ്ധതിയുടെ ആവശ്യം മുന്നോട്ടു വച്ചു. അന്നിത് സർക്കാർ ഭൂമി ആയിരുന്നു, ഇപ്പോൾ ഇത് വാങ്ങി അവർക്ക് നൽകി എന്നും ശിവകുമാർ പറഞ്ഞു. ഇത് കൂടതെ ഞാൻ നൂറു കണക്കിന് ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ട്. എന്റെ നിയോജക മണ്ഡലത്തിൽ എല്ലാ മതവിശ്വാസികളും ഉണ്ട്. എല്ലാവരെയും ഞാൻ ബഹുമാനിക്കുന്നു. സമുദായ ഐക്യത്തിലും മതേതരത്വത്തിലുമാണ് തനിക്ക് വിശ്വാസം എന്നും അദ്ദേഹം വ്യക്തമാക്കി.