തിരുവനന്തപുരം: അവതാരകയും മോഡലുമായ ജേജി ജോണിനെ (45) വീട്ടിലെ അടുക്കളയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ഇതുസംബന്ധിച്ച് ജേജിയുമായി അടുപ്പമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബിൽഡറെ പൊലീസ് ചോദ്യം ചെയ്തു. മരണത്തിന് തൊട്ടുമുമ്പ് ജേജി ജോൺ ഇയാളെ വിളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളോട് തലസ്ഥാനത്ത് എത്താൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഫോൺകോൾ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണസംഘം ശേഖരിച്ചു.
ജേജിയും യുവാവും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. രണ്ടു മാസം മുമ്പ് എറണാകുളത്തേക്കു മടങ്ങിയ യുവാവ് ജേജിയുടെ ഫോണിലേക്കു ദിവസവും വിളിക്കുമായിരുന്നെന്നാണ് വിവരം. ജേജി മരിച്ച ദിവസം രാവിലെ 11നു വിളിച്ചപ്പോൾ ജേജിയെ ഫോണിൽ കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോൺ എടുക്കാതായപ്പോൾ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്. ജേജിയും യുവാവും തമ്മിൽ ഏതെങ്കിലും തരത്തിൽ കലഹിച്ചിരുന്നോ എന്നാണു പൊലീസ് പരിശോധിക്കുന്നത്.
കഴിഞ്ഞ 23ന് വൈകീട്ടാണ് ജേജിയെ കുറവൻകോണത്തെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, മണിക്കൂറുകൾ മൃതദേഹം കിടന്നിട്ടും വിരലടയാളം ശേഖരിച്ചില്ലെന്നും ഫൊറൻസിക് സംഘമില്ലാതെ യുവതിയുടെ മുറി പൊലീസ് പരിശോധിച്ചതും വീഴ്ച്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു. ജേജി അടുക്കളയിൽ തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നാണ് അന്വേഷണസംഘം കണ്ടെത്തേണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ജേജിയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു. ഇവർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്.
കവടിയാറിലെ വീട്ടിൽ വൃദ്ധയായ അമ്മയോടൊപ്പമാണ് ജേജി താമസിച്ചിരുന്നത്. അയൽവാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഞായറാഴ്ചകളിലാണ് ഇരുവരെയും പുറത്തുകാണാറുണ്ടായിരുന്നതെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന മാതാവ് പരസ്പരവിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. 10 വർഷം മുൻപ് വാഹനാപകടത്തിൽ ഇവരുടെ മകനും ഭർത്താവും മരിച്ചശേഷം ഇത്തരത്തിലാണ് പെരുമാറ്റമെന്ന് അയൽക്കാർ പറയുന്നു