കേരളത്തിന്റെ നവോത്ഥാനമണ്ഡലത്തിൽ ഗുരുദേവദർശനത്തിന്റെ തീർത്ഥം ഒരൊഴുക്കായിത്തീർന്ന പുണ്യദിനമാണ് ഇന്ന്. തൃപ്പാദങ്ങൾ 1928 ജനുവരി 16 ന് കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ വച്ച് ആശയസംഗ്രഹമൊരുക്കി കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ സമാരംഭദിനമാണ് ഡിസംബർ 30. അന്നുവരെയും ഇന്നുവരെയുമുള്ള മറ്റെല്ലാ തീർത്ഥാടനങ്ങളുടെയും ശൈലിയും രീതിയും സ്വഭാവവും പിന്തുടരാതെ മഹത്തായൊരു ലക്ഷ്യത്തിന്റെ സാദ്ധ്യത്തിനായി ഒരു പുതിയ ബാഹ്യാഭ്യന്തരരൂപം ധരിച്ചു നിലകൊള്ളുന്ന തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം.
അജ്ഞതയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അസമത്വങ്ങളുമൊക്കെക്കൊണ്ട് ആർത്തികളുടെ നടുച്ചുഴിയിൽക്കിടന്നു വലയുന്ന മനുഷ്യനെ അഭ്യുദയത്തിലേക്കും ശരിയിലേക്കും നയിക്കുന്ന തീർത്ഥാടനമാണിത്. മറ്റെല്ലാ തീർത്ഥാടനങ്ങളും മനുഷ്യന്റെ വിശ്വാസവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നതെങ്കിൽ ശിവഗിരി തീർത്ഥാടനം നിലകൊള്ളുന്നത് ജീവിതയാഥാർത്ഥ്യത്തിന്റെ മറയില്ലായ്മയിലാണ്. മനുഷ്യൻ അവന്റെ ജീവിതത്തെ അഭിമുഖീകരിക്കുന്നതും ആ ജീവിതത്തിനിടമരുളുന്ന ലോകത്തെ നോക്കിക്കാണുന്നതും ലോകത്തിന്റെ വൈവിദ്ധ്യപരതയെ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം പ്രധാനമായും രണ്ടുവിധത്തിലാണ്. ഒന്ന് , നിശ്ചയമില്ലാത്ത അറിവിന്റെ പരിമിതിയിലൂടെ. മറ്റൊന്ന് സുനിശ്ചിതമായ അറിവിന്റെ ബോധ്യത്തിലൂടെ. നിശ്ചയമില്ലാത്ത അറിവ് ഏതൊന്നിനെയും അതിന്റെ ശരിയായ സ്വരൂപത്തിൽ നിന്നും അകറ്റിക്കൊണ്ടുപോകുന്ന അറിവാണ്. ഒരു നിശ്ചയമില്ലയൊന്നിനും എന്നു ചിന്താവിഷ്ടയായ സീതയിലൂടെ ആശാൻ കാണിച്ചു തരുന്നതും അത്തരമൊരറിവിന്റെ കയറ്റിറക്കങ്ങളാണ്.
നിശ്ചയമില്ലാത്ത ഇത്തരമൊരു അറിവിന്റെ പരിമിതിയാണ് വഴിയിൽ കിടക്കുന്ന ഒരു തുണ്ടുകയറിനെ കണ്ടിട്ട് പാമ്പാണെന്നു കരുതി ഒരുവൻ ഭയപ്പെടുന്നതിനു കാരണമായിരിക്കുന്നതും. ഈവിധം തെറ്റായ അറിവുള്ളിടത്തോളം ഒരാൾക്കു ഒരിക്കലും സ്ഥിരവും ദൃഢവുമായ ഒരു ബുദ്ധിക്ക് ഉടമയായിത്തീരാനാവുകയില്ല. അവൻ തെറ്റിനെ തെറ്റുകൊണ്ട് തന്നെ വീണ്ടും വീണ്ടും ശരിപ്പെടുത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കും. അതിനതിനു ശരിയിലേക്കുള്ള ദൂരം താങ്ങാനാവാത്തവിധം അകന്നകന്നു പൊയ്‌ക്കൊണ്ടേയിരിക്കും. അതുകൊണ്ടാണു ഗുരുദേവതൃപ്പാദങ്ങൾ തെറ്റായ അറിവ് ഭേദബുദ്ധി സൃഷ്ടിക്കുമെന്ന് നമ്മെ ഓർമ്മിപ്പിച്ചത്. ഇത്തരം ഭേദബുദ്ധിയിൽപ്പെട്ട് ശരി കാണാതെ അലയുന്ന മനുഷ്യനെ ശരിയുടെ സ്ഥിരതയിലേക്ക് കൈപിടിച്ചുയർത്തുന്ന ഈ ലോകത്തെ ഒരേയൊരു തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം.
അതുകൊണ്ടാണ് ശിവഗിരി തീർത്ഥാടനം അറിവിന്റെ തീർത്ഥാടനം എന്നുകൂടി അറിയപ്പെടുന്നത്. ശിവഗിരി തീർത്ഥാടനം ശരിയുടെ അല്ലെങ്കിൽ ശരിയിലേക്കുള്ള തീർത്ഥാടനമാണ്. നമുക്ക് തെറ്റു പറ്റുമ്പോഴെല്ലാം യാതൊന്നാണോ ശരിയായിരിക്കുന്നത് ആ ശരിയിലേക്ക് നമ്മെ നയിക്കുന്ന തീർത്ഥാടനം ഇതല്ലാതെ മറ്റൊന്നില്ല. ആ അപൂർവതയെ അനുഭവമാക്കി പുതിയൊരു മനസും. ബുദ്ധിയും വിവേകവും വന്ന മനുഷ്യനായി വേണം ഈ പുണ്യഭൂമിയിൽ നിന്നു ഓരോ തീർത്ഥാടകനും മടങ്ങേണ്ടതെന്ന സങ്കല്പമാണ് തൃപ്പാദങ്ങൾക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞ കർത്തവ്യബോധത്തിന്റെ നേരുണർവിലൂടെ വേണം ഏതൊരു തീർത്ഥാടകനും ശിവഗിരി തീർത്ഥാടനത്തിൽ പങ്കുകൊള്ളേണ്ടത്. ഭേദബുദ്ധി സൃഷ്ടിക്കുന്ന അറിവിന്റെ പരിമിതികളെ മറികടന്നു ശരിയായ അറിവിന്റെ ബോദ്ധ്യത്തിൽ നിന്നുകൊണ്ട് ജീവിതത്തെയും ലോകത്തെയും അഭിമുഖീകരിക്കാനും അറിയാനും കഴിയുമ്പോഴാണ് നമ്മുടെ ജീവിതം സാർത്ഥകമായിത്തീരുന്നത്. അതിനുള്ള വഴിയൊരുക്കലിനാണ് ഗുരുക്കന്മാർ സുനിശ്ചിതമായ അറിവിന്റെ പൊൻപാത്രങ്ങൾ നമുക്ക് തന്നത്. എന്നാൽ ഖേദപൂർവം പറയട്ടെ, നമ്മൾ അതു തുറക്കാതെ കേവലം ആഭരണത്തിന്റെ അണിയൽപോലെ നമ്മുടെ പാണ്ഡിത്യത്തിനുമേൽ അണിയാനുള്ള ഒരാഭരണമാക്കിമാറ്റുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അത് അണിയുന്നവന് അന്തിമമായി പ്രയോജനം ഒന്നും തന്നെയില്ല. അനുഭവമാകാത്ത അറിവിന്റെയെല്ലാം സ്ഥിതി ഇതുതന്നെയാണ്.
ഒരു ചാക്ക് നിറയെ പഞ്ചസാര അടുത്തു വെച്ചതുകൊണ്ടോ പഞ്ചസാരയുടെ ഗുണഗണങ്ങൾ ശാസ്ത്രീയമായി നിർവചിക്കുന്ന പുസ്തകങ്ങൾ പഠിച്ചതുകൊണ്ടോ അതൊരറിവായി ശേഷിക്കുമെന്നല്ലാതെ അതൊരനുഭവത്തിലെത്തുകയില്ല. മറിച്ച് അതിൽ നിന്നും ഒരു തരി പഞ്ചസാര നുണഞ്ഞു നോക്കുന്നവനാണ് അത് അനുഭവമായിത്തീരുന്നത്. ഇങ്ങനെ അറിവിനെ അനുഭവമാക്കിത്തീർക്കാൻ നമുക്ക് സാധിക്കണം. ഇല്ലെങ്കിൽ വെള്ളത്തിൽ കിടക്കുന്ന കല്ലുപോലെ അറിവ് വേറെ ജീവിതം വേറെ എന്ന നിലയിലേക്ക് നമ്മൾ അകപ്പെട്ടുപോകും. മനുഷ്യനിൽ ഭേദബുദ്ധി സൃഷ്ടിക്കുന്ന ഈയൊരു വൈരുദ്ധ്യം കണ്ടറിഞ്ഞവരാണ് ഗുരുക്കന്മാർ. അതുകൊണ്ടാണ് ഗുരുദേവതൃപ്പാദങ്ങൾ തീർത്ഥാടനാനുമതി നല്‌കിയ വേളയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളായി എട്ടു വിഷയങ്ങളും കല്പിച്ചിട്ട് അതിലോരോന്നിലും വൈദഗ്ദ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗിപ്പിക്കണമെന്നും, അത് അച്ചടക്കത്തോടെ ശ്രദ്ധിച്ചു കേൾക്കണമെന്നും, കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണമെന്നും ഉപദേശിച്ചത്.
ഇവിടെ, കേട്ട അല്ലെങ്കിൽ അറിഞ്ഞ അറിവിനെ പ്രവൃത്തിയിൽ വരുത്തണമെന്ന ഗുരൂപദേശത്തിന്റെ സാരമെന്നത് ആ അറിവിനെ അനുഭവമാക്കണമെന്നു തന്നെയാണ്. എന്തുകൊണ്ടെന്നാൽ അറിവ് അനുഭവമാകുമ്പോഴാണു മനുഷ്യനിൽ ആന്തരികമായ മാറ്റമുണ്ടാകുന്നത്. ആ മാറ്റം കൊണ്ടാണ് കുടുംബത്തിനും രാജ്യത്തിനും ലോകത്തിനും അഭ്യുന്നതിയുണ്ടാകേണ്ടത്. നോക്കുക, എത്ര ശാസ്ത്രീയമായ വളർച്ചയുടെയും ഉയർച്ചയുടെയും ഉത്ക്കർഷത്തിന്റെയും കതിരുകളാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരുദേവൻ വിളയിപ്പിച്ചെടുക്കുന്നതെന്ന്. ഇതാണ് വിശ്വമാനവികതയുടെ ഏറ്റവും മഹത്തായ തത്ത്വശാസ്ത്രം. ഇങ്ങനെയൊരു തത്ത്വശാസ്ത്രത്തെ പങ്കുവയ്‌ക്കുന്ന ഈ ലോകത്തെ ഏക തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം. വിശ്വമാനവികതയുടെ തീർത്ഥങ്ങളെക്കൊണ്ടു നിറയുന്നതും കവിയുന്നതുമായ, ഭാഗിക്കാനാവാത്ത ശരിയുടെ ഈ തീർത്ഥാടനം, ഏതെങ്കിലുമൊരു ദേശത്തിനായോ വർഗത്തിനായോ വിശ്വാസത്തിനായോ രൂപപ്പെട്ടിട്ടുള്ളതല്ല. ഈ ലോകത്തെ സമസ്ത മനുഷ്യരുടെയും ജീവിതത്തെ ശരിയുടെ അറിവനുഭവം കൊണ്ട് പ്രകാശിപ്പിക്കുകയെന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ എക്കാലത്തെയും പ്രധാനദൗത്യം. ഈ പ്രകാശമഹിമ വിശ്വപൗരത്വബോധത്തിന്റെ നിസീമമായ പ്രവാഹം കൂടിയാണ്. എല്ലാവർക്കും ശിവഗിരി തീർത്ഥാടന - പുതുവത്സരാശംസകൾ