ലക്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ ഉണ്ടായ പ്രക്ഷോഭത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി ആറ് ലക്ഷം രൂപയുടെ ചെക്ക് മുസ്ലിം സമുദായത്തിലെ പ്രമുഖർ കൈമാറിയതായി ഉത്തർ പ്രദേശ് സർക്കാർ. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലെ മുസ്ലിം സമുദായത്തിൽ പെട്ടവരാണ് ജില്ലാ ഭരണകൂടത്തിന് 6 ലക്ഷത്തിലധികം രൂപ ഡി.ഡി കൈമാറിയതായി പറയുന്നത്. ഇവർ ജില്ലാ ഭരണകൂടത്തിന് ചെക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും, ഇത് സംബന്ധമായ പത്രക്കുറിപ്പുകളും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. 6.27 ലക്ഷം രൂപയുടെ ഡി.ഡി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഇവർ കൈമാറുന്നതായാണ് വീഡിയോയിൽ കാണുന്നത്.
ഇതുകൂടാതെ, ബുലന്ദ്ഷഹറിന് തൊട്ടടുത്തുള്ള ജില്ലയായ മുസാഫർനഗറിലെ ഏതാനും മുസ്ലിം മതപണ്ഡിതന്മാർ ഇവിടെയുണ്ടായ അക്രമസംഭവങ്ങളിൽ മാപ്പ് പറഞ്ഞിട്ടുള്ളതായും ഉത്തർപ്രദേശ് സർക്കാർ പറയുന്നുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി പട്ടണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്കാണ് ഇവർ മാപ്പ് പറയുകയും ചെക്ക് കൈമാറുകയും ചെയ്തതതെന്നും കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ പ്രക്ഷോഭത്തിൽ നിരവധി വാഹനങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും സർക്കാർ പറയുന്നുണ്ട്.മൂന്ന് എഫ്.ഐ ആറുകളിലായി 22 പേരെ അക്രമസംഭവങ്ങൾക്ക് ഉത്തരവാദികളായി പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. പേരില്ലാതെ 800 പേരെയും പൊലീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായി ഉത്തർ പ്രദേശിൽ ആകമാനം ഉണ്ടായ പ്രക്ഷോഭത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് 21 പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് വെടിവയ്പ്പിനെ തുടർന്നാണ് ഇവർ കൊല്ലപ്പെട്ടതെന്ന ആരോപണം യു.പി പൊലീസ് നിഷേധിച്ചിരുന്നു.