തിരുവനന്തപുരം: കോൺഗ്രസ് സ്ഥാപക ദിനത്തിൽ കെ.പി.സി.സിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അധ്യക്ഷൻ മുളളപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് പതാക ഉയർത്താൻ ശ്രമിച്ചു. എന്നാൽ പതാക ഉയർന്നില്ല. പല തവണ ഉയർത്തികെട്ടാൻ ശ്രമിച്ചുവെങ്കിലും പതാക താഴേക്ക് ഊർന്നു വരികയായിരുന്നു. കേരള പ്രദേശ് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിലായിരുന്നു സംഭവം.
ഇതിനിടെ നേതാക്കൾ സേവാദൾ പ്രവർത്തകരോട് കയർത്തു സംസാരിച്ചു. ഒരു പതാക പോലും കെട്ടാൻ അറിയാത്തവർ എന്ത് സേവാദൾ പ്രവർത്തകർ ആണെന്ന ചോദ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ളവർ രംഗത്തെത്തി. തുടർന്ന് പതാക ഉയർത്താതെ അഴിച്ചു വച്ചു. താഴ്‌ത്തി കെട്ടുന്നത് ഉചിതമല്ല എന്ന നേതാക്കന്മാരുടെ തീരുമാന പ്രകാരമാണിത് .
ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ സേവാദൾ പ്രവർത്തകർ തടഞ്ഞു. മാദ്ധ്യമ പ്രവർത്തകരെ അനുകൂലിച്ചു ചില നേതാക്കളും രംഗത്തെത്തി. പതാക ഉയർത്താൻ പറ്റാത്തത്തിനു മാദ്ധ്യമ പ്രവർത്തകർ എന്ത് പിഴച്ചു, അവരെ എന്തിനു തടയണം എന്നായിരുന്നു ചോദ്യം. തുടർന്ന് പതാക ഉയർത്താതെ നേതാക്കൾ പാർട്ടി സ്ഥാപക ദിനം ആചരിച്ചു.