മസ്കറ്റ്: ഗൾഫ് മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ സംബന്ധിച്ച് വലിയൊരു ലോട്ടറിയാണ്. ഇപ്പോൾ, വിനിമയ നിരക്കിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്ന കാത്തിരിപ്പിലാണ് പ്രവാസികൾ. വിനിമയ നിരക്ക് ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും ചലനമുണ്ടാക്കിയതാണ് പണമിടപാടില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ ലഭിക്കാനിടയാക്കുന്നത്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്ക് കൂടും. പലരും പണം നാട്ടിലേക്ക് അയക്കാതെ ഉയർന്ന നിരക്കിനായി കാത്തിരിക്കുകയാണ്.
ജനുവരി അവസാനത്തോടെ ഒരു റിയാലിന് 190 രൂപ വരെ ലഭിക്കാൻ സാദ്ധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വിനിമയ നിരക്ക് റിയാലിന് 185 രൂപയാണ്. കഴിഞ്ഞ വർഷം ജനുവരി അവസാനത്തിലും രൂപയുടെ മൂല്യം കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജനുവരി അവസാനത്തിൽ 193.45 രൂപയായിരുന്നു റിയാലിന്റെ വിനിമയ നിരക്ക്. ഈ മാസം ആദ്യം റിയാലിന്റെ വിനിമയ നിരക്ക് 186.6 രൂപയായിരുന്നു.
രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതി മേഖലക്ക് നേട്ടമാണ് ഉണ്ടാക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും കയറ്റുമതി വർദ്ധിപ്പിക്കാൻ കറൻസിയുടെ മൂല്യം കുറക്കുകയാണ് ചെയ്യുന്നത്. ഏത് രംഗത്തേക്കാളും നിക്ഷേപകർക്ക് ഏറെ സുരക്ഷിതമായത് ഡോളറുകളാണ്. ഇക്കാരണംകൊണ്ടുതന്നെ വിദേശ നിക്ഷേപകർ ഡോളർ വാങ്ങിക്കൂട്ടാൻ ശ്രമിക്കും. ഇത് ഡോളറിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കാൻ കാരണമാക്കും. അതിനാൽ, ഡോളർ ഇനിയും ശക്തിപ്രാപിക്കാനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആഗോള തലത്തിലെയും ഇന്ത്യയിലെയും സാമ്പത്തിക സാഹചര്യത്തിൽ രൂപ ഇനിയും ശക്തി പ്രാപിക്കാനാണ് സാദ്ധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.