central-government

മുംബയ്: 2008ൽ ഉണ്ടായ മുംബയ് ഭീകരാക്രമണത്തിന് പ്രതികരണമായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിക്കാൻ തങ്ങൾ തയാറായിരുന്നുവെങ്കിലും അന്നത്തെ കേന്ദ്ര സർക്കാർ അതിന് അനുവദിച്ചില്ലെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വ്യോമസേനാ തലവൻ. പാകിസ്ഥാനി ഭീകരക്യാമ്പുകൾ തകർക്കാൻ തങ്ങൾ സന്നദ്ധമാണെന്ന് അന്നത്തെ മൻമോഹൻ സിംഗ് സർക്കാരിനെ വ്യോമസേന അറിയിച്ചിരുന്നതാണെങ്കിലും സർക്കാർ അതിന് അനുവാദം നൽകിയില്ല എന്നാണ് മുൻ വ്യോമസേനാ തലവൻ ബി.എസ് ധനോവ ആരോപിക്കുന്നത്.

മുംബയ് മാട്ടുങ്കയിലെ വീർമാതാ ജിജാഭായ് ടെക്‌നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിലെ 'ടെക്‌നോവാൻസ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകൾ എവിടെയൊക്കെ പ്രവർത്തിക്കുന്നുവെന്ന വിവരം സേനയ്ക്ക് അറിയാമായിരുന്നുവെന്നും ആക്രമണത്തിന് വ്യോമസേന തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതുകൂടാതെ, 2001ൽ പാർലമെന്റ് ആക്രമണം ഉണ്ടായപ്പോഴും സമാനമായ രീതിയിൽ പാകിസ്ഥാനെ ആക്രമിയ്ക്കണമെന്ന് വ്യോമസേന അന്നത്തെ വാജ്‌പേയ് സർക്കാരിനോട് പറഞ്ഞിരുന്നതായും എന്നാൽ സർക്കാർ അത് നിരസിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

സമാധാനാന്തരീക്ഷം ഉണ്ടാവുകയാണെങ്കിൽ പാകിസ്ഥാന് ഇപ്പോഴുള്ള എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെടുമെന്നും അതുകൊണ്ടുതന്നെ കശ്മീർ വിഷയം പാകിസ്ഥാൻ നിരന്തരം ഉന്നയിക്കുമെന്നും എന്നാൽ അത് തിളച്ചുതൂവാൻ അവർ അനുവദിക്കില്ലെന്നും ബി.എസ് ധനോവ പറഞ്ഞു. ദൈർഘ്യം കുറഞ്ഞ, അതിവേഗ ആക്രമണങ്ങൾ നടത്താനുള്ള കഴിവ് വ്യോമസേനയ്ക്കുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങൾ കരയിലും, സമുദ്രത്തിലും, വായുവിലും, ബഹിരാകാശത്തുമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ആണവായുധ ശേഷിയുള്ള അയൽരാജ്യങ്ങളാണെന്നും, ചൈനയെയും പാകിസ്ഥാനെയും പേരെടുത്ത് പറയാതെ ബി.എസ് ധനോവ സൂചിപ്പിച്ചു.