kannur

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന എൺപതാമത് ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും പ്രതിനിധികളും. ഗവർണർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലൊട്ടാകെ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് ഗവർണർ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്. പ്രതിഷേധം സമാധാനപരമാകണമെന്നും എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എങ്കിൽ ഇപ്പോൾത്തന്നെ സംവാദം നടത്താമെന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റ് നിന്ന് പറയുകയും,​പ്ലക്കാ‌ർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായെങ്കിലും സി.പി.എം നേതാക്കളും സംഘാടകരുമുൾപ്പെടെയുള്ളവർ തടയുകയായിരുന്നു.

അതേസമയം, അപായപ്പെടുത്താൻ ശ്രമമുണ്ടായെന്നും, പ്രതിഷേധം കൊണ്ട് നിശബ്ദനാകില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിലേക്ക് ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ താവക്കരയിൽവെച്ച് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെ കെ.എസ്.യു,​ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഗവ‌ർണറുടെ അകമ്പടി വാഹനത്തിലെ പൊലീസുകാരാണ് ഇവരെ നീക്കം ചെയ്തത്.