കൊൽക്കത്ത: പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളിൽ രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിൻ റാവത്തിനെതിരെ പശ്ചിമ ബംഗാളിലെ മുതിർന്ന സി.പി.എം നേതാവ് മുഹമ്മദ് സലിം. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തെ ചൂണ്ടിക്കാട്ടി, സ്‌ഫോടകവസ്തുവായ 80 കിലോ ആർ.ഡി.എക്സ് എങ്ങനെ പുൽവാമയിലേക്ക് എത്തിച്ചേർന്നു എന്ന് ചോദിച്ചുകൊണ്ടാണ് സലിം കരസേനാ മേധാവിയെ കടന്നാക്രമിച്ചത്. ഇക്കാര്യം മാത്രമാണ് ബിപിൻ റാവത്ത് പറയേണ്ടതെന്നും സി.പി.എം നേതാവ് പറഞ്ഞു.
കരസേനാ മേധാവിയുടെ പ്രസ്താവനയോട് ട്വിറ്റർ വഴിയാണ് മുഹമ്മദ് സലിം പ്രതികരിച്ചത്. 'ലോകത്തിൽ ഏറ്റവും വലിയ സൈനിക സാന്നിധ്യമുള്ള' ഒരു പ്രദേശത്ത് എങ്ങനെയാണ് സ്‌ഫോടകവസ്‌തു എത്തിയതെന്നും അത് എങ്ങനെ പൊട്ടിത്തെറിച്ചുവെന്നും റാവത്ത് പറയണമെന്നും സലിം ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ഞങ്ങൾക്ക് ഒരു ആഭ്യന്തര മന്ത്രാലയം ഉണ്ടെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറഞ്ഞു. 'ജനറൽ, ഇത് നിങ്ങളുടെ കാര്യമല്ല' എന്ന തലക്കെട്ടോട് കൂടിയുള്ള ടെലിഗ്രാഫ് ഇന്ത്യയുടെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സലിമിന്റെ ട്വീറ്റ്.
കേന്ദ്രസർക്കാർ കൈകാര്യം ചെയ്യേണ്ട പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ രാഷ്‌ട്രീയച്ചുവയുള്ള പ്രസ്താവന നടത്തി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർ നേതാക്കളല്ലെന്നും അക്രമങ്ങളും കൊള്ളിവയ്‌പ്പും നടത്താൻ ജനക്കൂട്ടത്തെ വിദ്യാർത്ഥികൾ നയിക്കുന്നത് നല്ലതല്ലെന്നുമാണ് ബിപിൻ റാവത്ത് പറഞ്ഞത്. രാഷ്‌ട്രീയത്തിന് അതീതനും നിഷ്‌പക്ഷനും ആയിരിക്കേണ്ട കരസേനാ മേധാവി, സിവിലിയൻ ഗവൺമെന്റിന്റെ പരമാധികാരത്തിൽ വരുന്ന രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ പറ്റി രാഷ്‌ട്രീയച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷവും ആക്ഷേപം ഉന്നയിച്ചിരുന്നു.