ചെന്നെെ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പിന്‍മാറി. വൈരമുത്തുവിനെതിരെ ഗായിക ചിന്‍മയി ശ്രീപാദ ഉയര്‍ത്തിയ മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗ് ചടങ്ങില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകൾ. എസ്.ആര്‍.എം സാങ്കേതിക സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് വൈരമുത്തുവിനെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഭക്ത കവയത്രിയായ ആണ്ടാളിനെക്കുറിച്ച് മോശമായി സംസാരിച്ച് ഹിന്ദുത്വ വികാരങ്ങൾ വ്രണപ്പെടുത്തിയ വൈരമുത്തുവിനെ ആദരിക്കുന്ന ചടങ്ങിൽ രാജ്നാഥ് സിംഗ് പങ്കെടുക്കരുതെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. താനടക്കം ഒന്‍പത് സ്ത്രീകള്‍ വൈരമുത്തുവിനെതിരേ മീ ടൂ ആരോപണമുന്നയിച്ചിട്ടും കേന്ദ്രമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ ചിന്‍മയിയും വിമര്‍ശിച്ചിരുന്നു. പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ച് നില്‍ക്കുകയാണെന്നും എന്നാല്‍ ഈ അവഗണന ആദരിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നുവെന്നും ചിന്‍മയി കുറ്റപ്പെടുത്തി.
"ഒരു വര്‍ഷമായി ഞാന്‍ എന്റെ പരാതി ആവര്‍ത്തിക്കുന്നു. എന്നാല്‍ വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ല. വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകുന്നു, രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുന്നു, വിദേശയാത്രകള്‍ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ നീക്കം പോലും ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത"- എന്നായിരുന്നു ചിന്‍മയിയുടെ ട്വീറ്റ്.