കട്ടപ്പന: നഗരസഭയുടെ അറവുശാലയിൽ നിന്നും രക്തം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്ക് ഒഴുകുന്നു. കട്ടപ്പന പുളിയന്മലയിലാണ് ആരോഗ്യ ഭീക്ഷണി ഉയർത്തുന്ന രീതിയിൽ അറവുശാലയിലെ മാലിന്യങ്ങൾ പുറന്തള്ളുന്നത്. അറവുശാലക്ക് അടുത്തുള്ള ഏലത്തോട്ടത്തിലൂടെ ഒഴുകിയാണ് മാലിന്യം തോട്ടിൽ എത്തിക്കുന്നത്. പല ആവശ്യങ്ങൾക്കായി തോട്ടിലെ വെള്ളം ആദിവാസികൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിക്കുന്നുണ്ട്. രക്തവും, അറവു മാലിന്യങ്ങളും പുറന്തള്ളിയതോടെ തോട്ടിലെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ് നാട്ടുകാർ. തോട്ടിലെ വെള്ളത്തിന് നിറവത്യാസവും, ദുർഗന്ധവും ഉള്ളതായുംനാട്ടുകാർ ആരോപിക്കുന്നു.
നഗരസഭയിൽ നിന്നും കരാർ കൊടുത്തിട്ടുള്ള അറവുശാലയാണിത്. മാലിന്യങ്ങൾ ശേഖരിക്കാൻ അറവുശാലയോടു ചേർന്ന് രണ്ടു ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ടാങ്കുകൾ നിറഞ്ഞ് മാലിന്യം പ്രദേശവാസിയുടെ പറമ്പിലൂടെ പുറത്തേക്ക് ഒഴുകുകയായായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് വലിയ തോതിൽ മാലിന്യം ഏലത്തോട്ടത്തിലൂടെ പുറത്തേക്ക് ഒഴുകിയത്. ഇക്കാര്യം പല തവണ നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി എടുക്കാൻ തയ്യാറായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
മാലിന്യം ഒഴുക്കുന്നതിനെതിരെ നാട്ടുകാരും, തോട്ടം ഉടമയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ മാലിന്യം മണ്ണിട്ട് മൂടി, താത്കാലിക പരിഹാരം കണ്ടു അറവുശാല നടത്തിപ്പുകാർ. പ്രദേശത്തു ഈച്ചയും,പുഴുവും, ദുർഗന്ധവും പെരുകി ആരോഗ്യ ഭീക്ഷണി നേരിടുകയാണ്. ടാങ്കുകളിലെ മാലിന്യം സംസ്കരിക്കത്തതാണ് ഇതിനു കാരണമെന്നു നാട്ടുകാർ വ്യക്തമാക്കി. നഗരസഭാ അധികൃതർ പ്രശനം പരിഹരിക്കാൻ നടപടി എടുത്തില്ലെങ്കിൽ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.