കൊച്ചി: കർണാടക സംഗീതത്തിലെ മഹാപ്രതിഭകരിൽ ഒരാളായ ചെമ്പൈ വൈദ്യനാഥ ഭാഗവതരായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വെള്ളിത്തിരയിലെത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ വന്നിട്ട് അധിക ദിവസങ്ങളായിട്ടില്ല. ആരാധകരെ ഏറെ ആവേശത്തിലാക്കിയ വാർത്തയ്ക്ക് ശേഷം മറ്റൊരു വിശേഷവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിൽ മോഹൻലാലിനൊപ്പം മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജ് കൂടി എത്തുന്നു എന്നതാണ് ആ വാർത്ത. എന്നാൽ ഞെട്ടിക്കുന്ന കാര്യം മറ്റൊന്നാണ്. ഗാനഗന്ധർവൻ യേശുദാസിന്റെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സംവിധായകൻ വിജിത് നമ്പ്യാരുടെ വാക്കുകൾ ശ്രദ്ധിക്കാം.
'ഒരു തയാറെടുപ്പിലാണ് ഇപ്പോൾ... മാനസികമായും ശാരീരികമായും... ലോകം കണ്ട മഹാ സംഗീത പ്രതിഭയുടെ ജീവിതം ലോകസിനിമയിൽ പകരം വയ്ക്കാനിലാത്ത നമ്മുടെ എല്ലാം എല്ലാമായ മറ്റൊരു മഹാകലാകാരന് സമർപ്പിക്കുവാൻ. വേറെ ഒന്നും മനസ്സിൽ വരുന്നില്ല. ഇപ്പോൾ അലട്ടുന്ന മറ്റൊരു ചോദ്യം ഇതാണ്. ഗാനഗന്ധർവൻ ആരാകണം? ഉദിച്ചു നിൽക്കുന്ന മറ്റൊരു സകലകാലാവല്ലഭനാണ് മനസിൽ. മുന്നോട്ട് പോകുകയാണ് നിങ്ങളുടെ പ്രാർത്ഥന തീർച്ചയായും ഉണ്ടാകണം. ' വിജിത് പറയുന്നു.
ചിത്രത്തിൽ യേശുദാസിനെ അവതരിപ്പിക്കാൻ നിർമാതാക്കൾ പൃഥ്വിരാജുമായി കരാറിലേർപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന.'മുന്തിരിമൊഞ്ചൻ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിജിത് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. പ്രശസ്ത സംഗീത പ്രതിഭയായ ബി.എ ചിദംബരനാഥിന്റെ ശിഷ്യനായ വിജിത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം. ചെമ്പൈയുടെ സമഗ്ര ജീവിതചരിത്രം പ്രേക്ഷകന് മുൻപിലേക്കെത്തിക്കുവാനാണ് സംവിധായകൻ ലക്ഷ്യമിടുന്നത്.