കോഴിക്കോട്: ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമായിരുന്നു. സിനിമാക്കാരും, ആക്ടിവിസ്റ്റുകളും, വിദ്യാർത്ഥികളും, സാധാരണക്കാരുമെല്ലാം സമരവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം നടത്തിയ പലർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനും, പ്രതിഷേധം നടത്തിയതിനുമാണ് റഫീഖ് അഹമ്മദിനെതിരെ കേസ് എടുത്തത്. തൃശൂരിലെ അയ്യന്തോൾ അമർ ജവാൻ ജ്യോതി പാർക്കിൽ ഇന്നലെ വൈകിട്ട് ഏഴു മണിക്കായിരുന്നു സംഭവം.
വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീത നിശായാണ് പാർക്കിൽ സംഘടിപ്പിച്ചിരുന്നത്. ഇതിനുള്ള അനുമതിയായിരുന്നു കോർപ്പറേഷൻ നൽകിയിരുന്നത്. എന്നാൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു ഇവിടെ പൗരത്വ നിയമത്തിനെതിരായ പാട്ടു സമരം നടത്തിയെന്നും, മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലാതെ ഉപയോഗിച്ചെന്നും കാട്ടിയാണ് പോലീസ് കേസ് എടുത്തത്. സ്ത്രീകളടക്കം 70 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അതേസമയം കേസ് എടുത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും റഫീഖ് പറഞ്ഞു. ദിവസവും ഒരുപാടു പരിപാടികളിൽ പങ്കെടുക്കുന്ന ആളാണ് താൻ അതിനാൽ ഓരോ പരിപാടിയിലും മൈക്ക് അനുവാദം ഉണ്ടോ എന്ന് പരിശോധിക്കാൻ ആവില്ല. പരിപാടിയുടെ സ്വഭാവം അല്ല കേസ് എടുത്തതിന് പൊലീസ് കാരണമായി പൊലീസ് പറയുന്നത്, മൈക്ക് ഉപയോഗിക്കാൻ അനുമതി ഇല്ല എന്നതാണെന്നും റഫീഖ് പറഞ്ഞു. എന്നാൽ പ്രതിഷേധ പരിപാടിയാണെന്നു പറഞ്ഞാണു തന്നെ വിളിച്ചതെന്നും, താൻ അതിഥിയായിരുന്നെന്നും പ്രതിഷേധം സമാധാന പരമായിരുന്നെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി