govenor

കണ്ണൂർ: എൺപതാമത് ചരിത്ര കോൺഗ്രസിനിടെ പ്രതിഷേധമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിപ്പിച്ചു. പരിപാടിയുടെ ദൃശ്യങ്ങളുമായി വി.സിയോട് കണ്ണൂർ ഗസ്റ്റ് ഹൗസിലെത്താനാണ് ഗവർണർ നിർദേശം നൽകിയത്.

പ്രതിനിധികൾക്ക് അസഹിഷ്ണുതയാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും വിവാദമുണ്ടാക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന എൺപതാമത് ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിലൊട്ടാകെ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് ഗവർണർ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്. പ്രതിഷേധം സമാധാനപരമാകണമെന്നും എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എങ്കിൽ ഇപ്പോൾത്തന്നെ സംവാദം നടത്താമെന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റ് നിന്ന് പറയുകയും,​ പ്ലക്കാ‌ർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായെങ്കിലും സി.പി.എം നേതാക്കളും സംഘാടകരുമുൾപ്പെടെയുള്ളവർ തടഞ്ഞിരുന്നു.