ന്യൂഡൽഹി:ഒരു വ്യക്തിയുടെ ജനനത്തീയതിയും ജന്മസ്ഥലവും മാതാപിതാക്കളുടെ പേരും ജന്മസ്ഥലവും ചോദിക്കുന്നത് അയാളുടെ പൗരത്വം ഉറപ്പിക്കാൻ തന്നെയാണെന്ന് സുപ്രീംകോടതി പതിന്നാല് വർഷം മുൻപ് ഒരു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബി. ജെ. പി നേതാവും ഇപ്പോഴത്തെ അസാം മുഖ്യമന്ത്രിയുമായ സർബാനന്ദ സോണോവാൾ 2005ൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഈ വിധി. അസാമിലെ അനധികൃത കുടിയേറ്റക്കാരെ ട്രൈബ്യൂണലുകൾ നിശ്ചയിക്കുന്നതിനുള്ള 1983ലെ നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും പകരം 1946ലെ ഫോറിനേഴ്സ് ആക്ട് അസാമിന് ബാധകമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സോണോവാളിന്റെ ഹർജി.
ഒരാളുടെ പൗരത്വം ഉറപ്പിക്കാൻ അയാളുടെ ജനനത്തീയതി, ജന്മസ്ഥലം, മാതാപിതാക്കളുടെ പേര്, അവരുടെ ജന്മസ്ഥലം, പൗരത്വം എന്നിവയുടെ തെളിവുകൾ ആവശ്യപ്പെടാമെന്നാണ് ജസ്റ്റിസ് ജി. പി മാഥൂറിന്റെ മൂന്നംഗ ബെഞ്ച് 2005 ജൂലായ് 12ന് പുറപ്പെടുവിച്ച വിധി. ഈ വിവരങ്ങൾ ബന്ധപ്പെട്ട വ്യക്തിക്ക് ഉത്തമ ബോദ്ധ്യമുള്ളതായിരിക്കണമെന്നും, അയാളുടെ പൗരത്വത്തെ പറ്റി സംശയം ഉയർന്നാൽ വിവരങ്ങൾ സത്യമാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യത ആ വ്യക്തിക്കായിരിക്കുമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു.
പൗരന്മാരുടെ സ്ഥിരതാമസം രേഖപ്പെടുത്തുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററും ( എൻ. പി. ആർ ) പൗരത്വം ഉറപ്പാക്കാനുള്ള ദേശീയ പൗരത്വ രജിസ്റ്ററും ( എൻ. ആർ. സി ) വിവാദമായിരിക്കെ, ഈ വിധിക്ക് പ്രധാന്യം ഏറെയാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നത്. ജനസംഖ്യാ രജിസ്റ്റർ വിദേശ പൗരന്മാരുടെ കാര്യവും പരിഗണിക്കും. സുപ്രീംകോടതി വിധിയിൽ പറയുന്ന ഈ വിവരങ്ങൾ ജനസംഖ്യാ രജിസ്റ്റർ പുതുക്കാനുള്ള 2020ലെ അപേക്ഷയിൽ ഉണ്ടെങ്കിൽ, ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യപടിയാണ് ജനസംഖ്യാ രജിസ്റ്റർ എന്ന ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലാതാവും
2003ലെ പൗരത്വ ചട്ടങ്ങൾ ( പൗരന്മാരുടെ രജിസ്ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് നൽകലും ) പ്രകാരം ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ വ്യക്തമായ ബന്ധമുണ്ട്. ചട്ടം 4 (3) ൽ പറയുന്നത് ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കാൻ ഉപയോഗിക്കുമെന്നാണ്.
ഒരു വില്ലേജിലോ ഗ്രാമപ്രദേശത്തോ പട്ടണത്തിലോ പൗരത്വ രജിസ്ട്രേഷൻ രജിസ്ട്രാർ ജനറൽ അതിർത്തി തിരിച്ച പട്ടണത്തിലെ ഒരു വാർഡിലോ നഗരപ്രദേശത്തോ സ്ഥിരമായി താമസിക്കുന്ന പൗരന്മാരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ എന്നാണ് പൗരത്വ നിയമം ജനസംഖ്യാ രജിസ്റ്ററിനെ നിർവചിക്കുന്നത്.
കൂടാതെ ഇന്ത്യൻ പൗരന്മാരുടെ പ്രാദേശിക രജിസ്റ്ററിൽ ഉൾപ്പെടുത്താൻ, ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിച്ച ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും വിവരങ്ങൾ പ്രാദേശിക രജിസ്ട്രാർ സൂക്ഷ്മ പരിശോധന നടത്തി ഉറപ്പാക്കണമെന്നും അദ്ദേഹത്ത സഹായിക്കാൻ പൗരത്വ രജിസ്ട്രേഷൻ രജിസ്ട്രാർ ജനറൽ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ചട്ടം 4 (3) നിഷ്കർഷിക്കുന്നുണ്ട്.