പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രംകൊണ്ട് തിരിച്ചറിയാമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർമശത്തിനെതിരെ പ്രതിഷേധിച്ച് കോഴഞ്ചേരി മാർത്തോമാ പള്ളിയിലെ വിശ്വാസികൾ. ക്രിസ്തുമസ് ദിവസം മുസ്ലിം വേഷം ധരിച്ച് കരോൾ ഗാനം പാടിയായിരുന്നു ഇവരുടെ പ്രതിഷേധം. കരോൾ സംഘത്തിലെ സ്ത്രീകൾ ഹിജാബും പുരുഷന്മാർ തൊപ്പിയും ധരിച്ചാണ് പള്ളിയിൽ കരോൾ ഗാനം പാടിയത്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഇവർക്ക് ലഭിച്ചത്. 'വസ്ത്രത്തിൽ നിന്നും ഇവർ ആരാണെന്ന് തിരിച്ചറിയാൻ കഴിയുമോ'യെന്ന ചോദ്യവുമായി ശശി തരൂർ എം.പിയും കരോൾ ഗാനസംഘത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.
Ah yes — “you can tell who themy are from their clothes “! https://t.co/BQArDRy2hr
— Shashi Tharoor (@ShashiTharoor) December 25, 2019
അഭയാർത്ഥികൾക്കുള്ള ഐക്യദാർഡ്യമായിട്ടാണ് തങ്ങൾ മുസ്ലിം വസ്ത്രം ധരിച്ച് കരോൾ ഗാനം പാടിയതെന്നും മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് കരോൾ ഗാനം തയ്യാറാക്കിയതെന്നും കരോൾ ഗാനസംഘം പറയുന്നു. 'പ്രതിഷേധക്കാരെ വേഷംകൊണ്ട് തിരിച്ചറിയാമെന്നാണല്ലോ പ്രധാനമന്ത്രി പറഞ്ഞത്. അതുകൊണ്ട് ആ വേഷം ധരിച്ച് പാടാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ യാഥാസ്ഥിതികരായ ആളുകൾ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ക്രിസ്തു ജനിക്കുന്ന സമയത്ത് യേശുവിന്റെ മാതാപിതാക്കൾ അഭയാർത്ഥികളായി യാത്രയിലായിരുന്നല്ലോ. ഇന്ന് അഭിനവ ഹേറോദേസുമാർ വാഴുമ്പോൾ അഭയാർത്ഥികൾക്കുള്ള പിന്തുണയായിട്ടാണ് ഞങ്ങൾ കരോൾ ഗാനം പാടിയത്' റവ ഡാനിയേൽ ടി. ഫിലിപ്പ് പറഞ്ഞു.
അഭയാർത്ഥികളായവർക്ക് പിന്തുണ നൽകുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഡാനിയേൽ വ്യക്തമാക്കി. ഇവരുടെ ഈ നിലപാടിനെ പിന്തുണച്ചും എതിർത്തും വിശ്വാസികൾ രംഗത്തുണ്ട്. ഒരു ക്രിസ്ത്യൻ പള്ളിയുടെ അൾത്താരയിൽ നിന്ന് ഇത്തരത്തിൽ പാടരുതെന്നാണ് സോഷ്യൽ മീഡിയയിൽ വിശ്വാസികളുടെ ഭാഗത്തു നിന്നും ഉയരുന്ന വിമർശനം. എന്നാൽ ന്യൂനപക്ഷങ്ങൾ പീഡനം ഏറ്റുവാങ്ങുമ്പോൾ ഇത്തരത്തിൽ പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്നും ഒരു വിഭാഗം പറയുന്നു.