തൃശൂർ: ഇന്നായിരുന്നു 67കാരൻ കൊച്ചനിയന്റെയും 66കാരി ലക്ഷ്മി അമ്മാളിന്റെയും വിവാഹം. ഇരുവരും വർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയവർ, സംസ്ഥാന സർക്കാരിന്റെ വൃദ്ധസദനത്തിൽ നടക്കുന്ന ആദ്യ വിവാഹം, നവദമ്പതികളെ അനുഗ്രഹിക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ എന്നിങ്ങനെ ഈ വിവാഹത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്.
ഇരുവർക്കും വർഷങ്ങളായി പരസ്‌പരം അറിയാമായിരുന്നു. ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് കൃഷ്ണയ്യരുടെ സഹായിയായിരുന്നു കൊച്ചനിയൻ. കൃഷ്ണയ്യരുടെ മരണശേഷം ഒറ്റപ്പെട്ടുപോയ ലക്ഷ്മി അമ്മാളിനുള്ള ഏക ആശ്രയം കൊച്ചനിയനായിരുന്നു.
ശാരീരിക അവശതമൂലം കൊച്ചനിയനാണ് ലക്ഷ്മി അമ്മാളിനെ വൃദ്ധസദനത്തിലാക്കിയത്. അസുഖബാധിതനായി മറ്റൊരു വൃദ്ധസദനത്തിൽ കൊച്ചനിയനും എത്തി. നിയോഗം പോലെയാണ് കൊച്ചനിയനെ ലക്ഷ്മി അമ്മാളുള്ള രാമവർമപുരത്തെ വൃദ്ധസദനത്തിൽ അധികൃതർ എത്തിക്കുന്നത്.
ഒരുപാട് കാലത്തിന് ശേഷമാണ് കണ്ടതെങ്കിലും ഇരുവരും പരസ്‌പരം തിരിച്ചറിഞ്ഞു. അധികൃതരുടെ ഇടപെടലിലാണ് ഇരുവരുടെയും സ്‌നേഹം വിവാഹത്തിൽ കലാശിച്ചിരിക്കുന്നത്. ഈ മാസം 30നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ ആ ദിവസം എത്താൻ അതിഥികളിൽ പലർക്കും ബുദ്ധിമുട്ടായതിനാലാണ് കല്യാണം നേരത്തെയാക്കിയത്. നവദമ്പതികൾക്ക് വൃദ്ധസദനത്തിൽ പ്രത്യേക മുറി ഏർപ്പാടാക്കിയിട്ടുണ്ട്.