മൊഗാഡിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡിഷുവിൽ തിരക്കേറിയ ചെക്ക് പോയിന്റിൽ കാർബോംബ് പൊട്ടിത്തെറിച്ച് 17 പൊലീസുകാർ ഉൾപ്പെടെ 90 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് ഗുരുതര പരിക്കേറ്റു. സർവകലാശാല വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസും സ്ഫോടനത്തിൽ തകർന്നു. മരിച്ചവരിൽ നിരവധി വിദ്യാർത്ഥികളും കുട്ടികളുമുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയുമേറുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്ഫോടനം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനായി പലരും ഓടിയെത്തിയെങ്കിലും ഭീകരാക്രമണം സംശയിച്ച് സൈന്യം വെടിവയ്ക്കുകയായിരുന്നു. സഹായത്തിനായി പലരും നിലവിളിക്കുകയായിരുന്നെന്നും എന്നാൽ വെടിവയ്പ് കാരണം പ്രദേശവാസികൾ ഭയന്നു തിരികെ പോവുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. 1991 മുതൽ ആഭ്യന്തരയുദ്ധത്തിൽ പൊറുതിമുട്ടുന്ന സൊമാലിയയിൽ അടുത്തിടെ നടന്ന ഏറ്റവും ഭീകരമായ സ്ഫോടനങ്ങളിലൊന്നാണ് ഇത്. നികുതി സമാഹരണ ഓഫീസ് ലക്ഷ്യമിട്ടായിരുന്നു ബോംബ് വഹിച്ച കാറെത്തിയതെന്ന് സൈന്യം പറഞ്ഞു. രാവിലെ തിരക്കേറിയ സമയമായതിനാൽ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ വർദ്ധിച്ചു. ചോര നിറഞ്ഞ, തകർന്ന വാഹനങ്ങളുടെ ഫോട്ടോകളും പുറത്തുവന്നു. ദൂരെ നിന്നു പോലും കാണാവുന്ന വിധം കറുത്ത പുക ആകാശത്തു നിറഞ്ഞു. മദീന ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്.
പിന്നിൽ അൽ-ഷബാബ്?
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അൽഖ്വായിദയുമായി ബന്ധമുള്ള ഭീകരസംഘടന അൽ–ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. യു.എൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സർക്കാരിനെതിരെ ഭീകരാക്രമണം പതിവായിരിക്കയാണ്. ചെക്ക്പോയിന്റുകളും ഹോട്ടലുകളും ലക്ഷ്യമിട്ട് ഒട്ടേറെ സ്ഫോടനങ്ങളും ഇവർ നടത്തിയിരുന്നു. 2017ൽ മൊഗാഡിഷുവിൽ നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തിൽ 600 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
സൊമാലിയയുടെ മദ്ധ്യകേന്ദ്രവും തെക്കൻ പ്രദേശങ്ങളും അൽ–ഷബാബിന്റെ നിയന്ത്രണത്തിലാണ്. യു.എസ് സൈന്യം നിരവധിത്തവണ ഇവർക്കെതിരെ വ്യോമാക്രമണം നടത്തിയിരുന്നു.