ഡൽഹിയിൽ ഓടുന്ന ബസിൽ വച്ച് അതിക്രൂരമായ നിലയിൽ ബലാത്സംഗത്തിനു വിധേയയായി ദിവസങ്ങൾക്കുശേഷം മരണത്തിനു കീഴടങ്ങിയ 'നിർഭയ"യുടെ ഓർമ്മദിനമായ ഇന്ന് കേരള സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് തികച്ചും വ്യത്യസ്തമായ ഒരു സ്ത്രീപക്ഷ പരിപാടി സംഘടിപ്പിക്കുകയാണ്.
സ്ത്രീസുരക്ഷയുടെ പ്രാധാന്യവും രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിൽ പ്രായഭേദമെന്യേ സ്ത്രീകൾ നേരിടേണ്ടിവരുന്ന അരക്ഷിതത്വവും സമൂഹ ദൃഷ്ടിയിൽ കൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 'പൊതു ഇടം എന്റേതും" എന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. തലസ്ഥാന നഗരത്തിലെ ആറു പ്രധാന വീഥികളിൽ ഇന്നു രാത്രി 11-നും വെളുപ്പിന് ഒരു മണിയ്ക്കും ഇടയിൽ സ്ത്രീകളുടെ കൂട്ട നടത്തമാണ് ഉദ്ദേശിക്കുന്നത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള മാനസികമായ ഭയസംഭ്രാന്തി ലഘൂകരിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ഈ രാത്രി നടത്ത സംസ്ഥാനത്തെ നൂറോളം പട്ടണങ്ങളിലേക്കു പിന്നീട് വ്യാപിപ്പിക്കും. തലസ്ഥാനത്ത് വലിയ പ്രചാരണത്തോടെയാണ് പരിപാടി അരങ്ങേറുന്നതെങ്കിൽ മറ്റിടങ്ങളിൽ മുന്നറിയിപ്പുകൾ കൂടാതെയാകും രാത്രികാലങ്ങളിൽ വനിതകൾ റോഡിലിറങ്ങുക. എല്ലാ ആഴ്ചയും രാത്രി നടത്ത ഉണ്ടാകും. തുടർച്ചയായ രാത്രി നടത്ത വഴി സ്ത്രീകളിൽ രാത്രി യാത്രകളെക്കുറിച്ചുള്ള അകാരണമായ ഭയം കുറച്ചുകൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പകൽ പോലും ഒറ്റയ്ക്കു നടക്കാൻ സ്ത്രീകൾ ഭയപ്പെടുന്ന ഇക്കാലത്ത് രാത്രി നടത്ത പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതും കവിഞ്ഞ തോതിൽ സ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതും നല്ല കാര്യം തന്നെയാണ്. ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് നിർഭയം സഞ്ചരിക്കാവുന്ന രാജ്യത്തെ അപൂർവ നഗരങ്ങളിലൊന്നായിരുന്നു ഒരുകാലത്ത് തിരുവനന്തപുരം. കാലം മാറിയതനുസരിച്ച് നഗരവും വളർന്നപ്പോൾ ആപൽശങ്ക കൂടാതെ സ്വന്തം വീട്ടുമുറ്റത്തു പോലും പരസഹായമില്ലാതെ രാത്രികാലത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയായി. അനേകം വോളണ്ടിയർമാരുടെയും ഷാഡോ പൊലീസിന്റെയും മറ്റ് അനവധി സന്നാഹങ്ങളുടെയും അകമ്പടിയോടെ രാത്രി നടത്ത സംഘടിപ്പിക്കുന്നതിലൂടെ മാത്രം ഇല്ലാതാവുന്നതല്ല സ്ത്രീകൾ നേരിടുന്ന സുരക്ഷാ ഭീഷണി. ഒട്ടേറെ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണത്. സാമൂഹ്യവിരുദ്ധന്മാരിൽ നിന്നും കവർച്ചക്കാരിൽ നിന്നും പീഡനവീരന്മാരിൽ നിന്നുമുള്ള രക്ഷയാണ് ആദ്യം ഉണ്ടാകേണ്ടത്. അതാകട്ടെ നിയമപാലകർ വിചാരിച്ചാലേ നടക്കുകയുള്ളൂ. വി.വി.ഐ.പികളുടെ അകമ്പടിക്ക് രാപകൽ ഭേദമെന്യേ പൊലീസുകാരുടെ പട തന്നെ കാണാമെങ്കിലും രാത്രികാലങ്ങളിൽ ഒറ്റയ്ക്കു വീടുകളിലേക്കു മടങ്ങുന്ന സ്ത്രീകളുടെ തുണയ്ക്ക് നിരത്തുകളിൽ പേരിനു പോലും ആരെയും കണ്ടെന്നുവരില്ല. റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള വഴികളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ കഴുകൻ കണ്ണുകളുമായി മറഞ്ഞുനിൽക്കുന്ന സാമൂഹ്യവിരുദ്ധന്മാരെ കണ്ടാലും കണ്ടില്ലെന്ന മട്ടിൽ നിയമപാലകർ കടന്നുപോകും. പട്ടാപ്പകൽ സ്കൂൾ - കോളേജ് വിദ്യാർത്ഥിനികൾ ഇത്തരക്കാരിൽ നിന്നു നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ ഒട്ടേറെയാണ്. ഒറ്റയ്ക്കു സഞ്ചരിക്കാൻ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ഭയപ്പെടുകയാണ്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറാതെ ഈ നിലയിൽ നാം ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാകാൻ പ്രയാസമാണ്.
അടിയന്തര സന്ദർഭങ്ങളിൽ തൊട്ടടുത്ത് സഹായത്തിന് ആളെത്തുമെന്ന വിശ്വാസം ജനിപ്പിച്ചാൽത്തന്നെ ഒറ്റയ്ക്കു സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ആപൽ ശങ്ക നല്ലൊരളവിൽ ഇല്ലാതാകും. രാത്രികാലങ്ങളിൽ നഗര പ്രദേശങ്ങളിലെങ്കിലും ഒരു നിശ്ചിത സമയം വരെ പൊലീസ് റോന്തുചുറ്റൽ നിർബന്ധമാക്കണം. വിജന പ്രദേശങ്ങളും തിരക്കില്ലാത്ത കവലകളും ബസ് സ്റ്റോപ്പുകളുമൊക്കെ നിരീക്ഷണത്തിലാക്കണം. വഴിവിളക്കുകളെല്ലാം കത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കത്തുന്നവയെക്കാളധികമാകും ഒട്ടുമിക്ക നഗരങ്ങളിലും കത്താത്ത വിളക്കുകളുടെ എണ്ണം. പുലർകാലങ്ങളിൽ ദൂരദിക്കുകളിൽ ജോലിക്കു പോകാനും മറ്റുമായി സഞ്ചരിക്കേണ്ടിവരുന്നവർ അനവധിയാണ്. പ്രാണഭയത്തോടു കൂടിയാകും ഒട്ടുമിക്കവരും റോഡിലിറങ്ങുന്നത്. വെളിച്ചം വീശും മുമ്പേ തെരുവുവിളക്കുകൾ അണച്ച് ഡ്യൂട്ടി പൂർത്തിയാക്കുന്ന വൈദ്യുതി ബോർഡ് ജീവനക്കാരും സ്ത്രീയാത്രക്കാരിൽ അരക്ഷിത ഭീതി ജനിപ്പിക്കുന്നതിൽ മുൻനിരയിലാണ്. സ്ഥിരമായി കത്താത്ത തെരുവുവിളക്കുകൾക്കുവേണ്ടി മനുഷ്യാവകാശ കമ്മിഷൻ പോലുള്ള ഉന്നത സമിതികൾ ഇടപെടേണ്ടിവരുന്ന അവസ്ഥ പോലുമുണ്ട്. ഒഴിവുദിനങ്ങളിൽ പതിനായിരങ്ങൾ തടിച്ചുകൂടുന്ന തലസ്ഥാനത്തെ ശംഖുംമുഖം കടപ്പുറത്ത് വിളക്കുകൾ കത്താതായിട്ട് മാസങ്ങൾ തന്നെയായി. അവ കത്തിക്കാൻ നടപടി എടുക്കാനാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്.
തലസ്ഥാനത്തെ ആറ് പ്രധാന വീഥികളിൽ ഇന്ന് നടക്കുന്ന രാത്രി നടത്തയ്ക്ക് അതിവിപുലമായ രക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ സന്നാഹങ്ങളൊന്നും സാധാരണ രാത്രി യാത്രികർക്കു എന്തായാലും ലഭിക്കാൻ പോകുന്നില്ല. നിർഭയമായി ഏതു സമയത്തും സഞ്ചരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരിക്കണം സർക്കാരിന്റെ കർത്തവ്യം. പൗരന്റെ ജീവനും മാനവും രക്ഷിക്കുന്നതിനാകണം നിയമപാലകരുടെ പ്രഥമ പരിഗണന. അകമ്പടിക്കാരൊന്നുമില്ലാതെ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവുന്ന നല്ല നാളെ സമൂഹത്തിന്റെ വലിയ സ്വപ്നം തന്നെയാണ്.