mukesh-ambani

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും ഏഷ്യയിലെ തന്നെ ഏറ്രവും വലിയ സമ്പന്നനുമായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിദേശത്തെ ആസ്‌തികളുടെ വിവരങ്ങൾ തേടി ആദായ നികുതി വകുപ്പ് ഏഴ് രാജ്യങ്ങളിലെ നികുതി വകുപ്പുകൾക്ക് കത്തയച്ചു. അംബാനി കുടുംബത്തിന് വിദേശ രാജ്യങ്ങളിൽ വെളിപ്പെടുത്താത്ത സ്വത്തുക്കളും വരുമാന മാർഗങ്ങളും ഉണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

കള്ളപ്പണക്കാരുടെ 'സുരക്ഷിത താവളങ്ങൾ" എന്നറിയപ്പെടുന്ന സ്വിറ്റ്‌സർലൻഡ്, മൗറീഷ്യസ്, സെന്റ് ലൂസിയ, ലക്‌സംബർഗ്, ബെൽജിയം, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ ആദായ നികുതി വകുപ്പുകളോടാണ് ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡി.ടി.എ.എ), പണം തിരിമറി തടയൽ - സാമ്പത്തിക തീവ്രവാദം തടയൽ കരാർ എന്നിവ പ്രകാരം വിവരം ആരാഞ്ഞത്. 90 ദിവസത്തിനകം മറുപടി ലഭിക്കുമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ.

സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ കൈമാറാനുള്ള ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഒഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിൽ ഇന്ത്യയും സ്വിറ്റ്‌സർലൻഡും കഴിഞ്ഞ ജനുവരിയിൽ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരവും അംബാനി കുടുംബത്തെ സംബന്ധിച്ച വിശദാംശങ്ങൾ ഇന്ത്യയ്ക്ക് ലഭിച്ചേക്കും.

കഴിഞ്ഞ മാർച്ച് 28ന് അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യം റിലയൻസ് ഇൻഡസ്‌ട്രീസോ ആദായ നികുതി വകുപ്പോ സ്ഥിരീകരിച്ചിട്ടില്ല. മുകേഷ് അംബാനിയുടെ മക്കളുടെ സ്വത്ത് വിവരങ്ങളും നോട്ടീസിൽ ആരാഞ്ഞിരുന്നു എന്നാണ് സൂചന. കേമാൻ ഐലൻഡ്സിലെ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തത്തെ കുറിച്ചോ വരുമാനത്തെ കുറിച്ചോ വിശദീകരിക്കാൻ അംബാനി കുടുംബത്തിന് കഴിഞ്ഞിട്ടില്ലെന്ന് ചില മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

സ്വത്തിൽ വൻ കുതിപ്പ്

മുകേഷ് അംബാനിയുടെ സ്വത്തിൽ 2019ൽ ഡിസംബർ 23വരെ മാത്രമുണ്ടായ വർദ്ധന 1,700 കോടി ഡോളറാണ് (ഏകദേശം 1.20 ലക്ഷം കോടി രൂപ). മൊത്തം 6,100 കോടി ഡോളറിന്റെ (4.34 ലക്ഷം കോടി രൂപ) ആസ്‌തി അദ്ദേഹത്തിനുണ്ട്.