guruprakasham

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയിട്ട് 87 വർഷമായിരിക്കുകയാണ്. ഈ കാലത്തിനിടയ്ക്ക് വളരെയധികം സംഭവവികാസങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. ഭൗതിക ജീവിതത്തോട് വിരക്തി വന്ന് ജീവന്റെ സത്തയെത്തേടി ഗിരിഗഹ്വരങ്ങളിൽ തപസനുഷ്ഠിച്ചിരുന്ന മഹർഷിമാരുടെ ചരിതം കൊണ്ട് സമ്പന്നമാണ് ഭാരതദേശം. അങ്ങനെയുള്ള ഋഷിമാരുടെ ശൃംഖലയിലെ അവസാനത്തെ കണ്ണിയായിരുന്നു ശ്രീനാരായണ ഗുരുദേവൻ. ക്ഷണികമായ ഈ ജാഗ്രതാവസ്ഥയിലെ ഭൗതിക ജീവിതത്തിൽ എല്ലാ ജീവികളും പ്രത്യേകിച്ച് മനുഷ്യർ ആഗ്രഹിക്കുന്നത് സുഖമായി ജീവിക്കണമെന്നാണ്. അതിനു വേണ്ടി അവൻ കാട്ടിക്കൂട്ടാത്ത കോപ്രായങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. അവന്റെ സ്വാർത്ഥത അങ്ങേയറ്റം മനുഷ്യകുലത്തേയും പ്രകൃതിയേയും മലീമസമാക്കുന്നു. ഗുരു സശരീരനായിരുന്ന കാലഘട്ടത്തിൽ പ്രകൃതി ഇത്രമാത്രം ഉപദ്രവിക്കപ്പെട്ടിരുന്നില്ല എന്ന് നാം മനസിലാക്കണം. എങ്കിലും വരാൻ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഗുരു നമ്മെ ഓർമ്മിപ്പിച്ചിരുന്നു.

ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിലും മനുഷ്യനെ എങ്ങനെ സമഗ്രതയിലേക്ക് അഥവാ പൂർണതയിലേക്ക് നയിക്കാമെന്ന് മനസിലാകാതെ അവൻ പകച്ചു നിൽക്കുന്ന സന്ദർഭമാണിത്. ഈ അവസ്ഥയെ മനസിലാക്കിക്കൊണ്ട് വേണം 87 വർഷം മുമ്പ് ശ്രീനാരായണ ഗുരുദേവൻ മനുഷ്യരാശിയെ സമഗ്രതയിലേക്ക് നയിക്കാനായി കല്‌പിച്ച ശിവഗിരി തീർത്ഥാടനമെന്ന മഹാതീർത്ഥാടനത്തെ വിലയിരുത്തി അറിയേണ്ടത്. ഒന്നോർക്കണം, ഗുരു ഒരു ഭൗതികവാദിയായിരുന്നില്ല. മറിച്ച് ആദ്ധ്യാത്മികതയിൽ ഊന്നിനിന്നുകൊണ്ട് ക്ഷണപ്രഭാചഞ്ചലമായ ഈ ലോകത്ത് എങ്ങനെ സുഖമായി വസിക്കാമെന്ന് കാട്ടിത്തരികയായിരുന്നു. അതിനു വേണ്ടിയായിരുന്നു ക്രാന്തദർശിയായ, ഋഷിയായ, പതിതകാരുണികനായ ഗുരു വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ടു വിഷയങ്ങളിലൂടെ മനുഷ്യന് ഏറ്റവും ഉദാത്തമായ ജീവിതം നയിക്കാമെന്ന് ശാസ്ത്രീയമായി ഉപദേശിച്ചത്. എന്നാൽ 'മുറ്റത്തെ മുല്ലയ്ക്ക് മണമില്ല' എന്ന് പറയുമ്പോലെ ഗുരുവിനേയും ഗുരുവാണികളേയും അവഗണിച്ച് കൊണ്ട് വൈദേശികരുടെ അപൂർണമായ ആശയങ്ങളെ കടമെടുത്ത് കൊണ്ട് കേരളത്തെ നന്നാക്കാൻ നോക്കുകയാണ്.

ഇവിടുള്ളതെല്ലാം മോശമാണെന്നും നല്ലത് വെളിയിലാണെന്നും ചിന്തിക്കുന്ന, പഠിപ്പിക്കുന്ന അഭിനവ പുരോഗമനവാദികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം ! എന്തുകൊണ്ട് ഗുരുവിനെ ഉൾക്കൊള്ളാൻ കേരളത്തിന് സാധിക്കുന്നില്ല. കാരണം നാം മനസിലാക്കണം. ഇപ്പോഴാണെങ്കിൽ ശ്രീനാരായണഗുരു എന്ന മഹാഋഷിയുടെ ഗുരുവാക്കാൻ പലരേയും രംഗത്തിറക്കിയിരിക്കുകയാണ്. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാനും വളരുന്ന കുഞ്ഞുങ്ങളെ തലതിരിഞ്ഞ് ചിന്തിപ്പിക്കുന്നതിനും ബോധപൂർവം ചിലർ ശ്രമിക്കുന്നത് കാണുമ്പോഴാണ് കേരളാ പി.എസ്.സി യിൽ പോലും ഇതുപോലുള്ള സ്വാർത്ഥമതികളായ കൃത്രിമബുദ്ധികളുടെ കളി വെളിച്ചത്താകുന്നത്. ഇങ്ങനെയുള്ള സംഘടിതനീക്കം തിരിച്ചറിയാനോ പ്രതികരിക്കാനോ ഗുരുഭക്തർക്കാകുന്നില്ലല്ലോ എന്നൊരു ദു:ഖം മനസിനെ കുറച്ചൊന്നുമല്ല അലട്ടുന്നത്.


ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ചുപോരുന്ന അദൃശ്യമായ ശക്തിയെ, അതായത് ദൈവത്തെക്കുറിച്ച് യാതൊരു ദൈവനാമങ്ങളുമില്ലാതെ ലളിത കോമള പദാവലികളാൽ ഗുരു എഴുതിയിട്ടുള്ള കൊച്ചുകൃതിയാണ് ദൈവദശകം. ഈ പ്രാർത്ഥനാകൃതിയെ സ്‌കൂൾതലത്തിൽ പ്രാർത്ഥനാഗീതമാക്കണമെന്ന് ശിവഗിരി മഠം, മാറി മാറി വന്ന ഗവൺമെന്റുകളോട് അഭ്യർത്ഥിച്ചിരുന്നു. പക്ഷേ ഇന്ന് വരെ അതിന് യാതൊരുവിധ ചലനവുമുണ്ടായിട്ടില്ല. രണ്ട്, അറിവിന്റെ തീർത്ഥാടനമെന്ന് എല്ലാവരും പറയുന്ന ശിവഗിരി തീർത്ഥാടനത്തിൽ ഏകദേശം ഗവൺമെന്റ് കണക്കനുസരിച്ച് ഡിസംബർ 30, 31 ജനുവരി ഒന്ന് എന്നീ ദിവസങ്ങളിൽ 30 - 35 ലക്ഷം തീർത്ഥാടകർ പങ്കുകൊള്ളുന്നു. ഈ ദിവസങ്ങളിൽ ഒഴിവ് വേണമെന്ന് എത്രയോ പ്രാവശ്യം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിരുന്നു. അതിലും യാതൊരു ചലനവുമില്ല. കൃത്യമായി ഗുരുഭക്തരെ ഉപദ്രവിക്കാൻ നവോത്ഥാന മതിൽ ഒരുക്കിയതും ജനുവരി ഒന്നിനായിരുന്നുവെന്നത് ഗുരുഭക്തർ ഒന്നോർക്കുന്നത് നന്നായിരിക്കും. നമുക്ക് വസ്ത്രം ധരിക്കാനും റോഡിലൂടെ സഞ്ചരിക്കാനും ക്ഷേത്രത്തിൽ പോകാനും പ്രതിഷ്ഠ നടത്താനും വിദ്യ അഭ്യസിക്കാനും ക്ഷേത്രങ്ങളും വിദ്യാലയങ്ങളുമുണ്ടാക്കി സ്വാതന്ത്ര്യം തന്നതും നമ്മുടെ നട്ടെല്ലിൽ നിവർന്നു നില്‌ക്കാൻ പഠിപ്പിച്ചതും ശ്രീനാരായണ ഗുരുദേവൻ ആയുസും വപുസും ആത്മതപസും ബലി അർപ്പിച്ചിട്ടാണെന്ന സത്യം.


ഇങ്ങനെയുള്ള ഗുരുവിനെ പുറംകാല് കൊണ്ട് തട്ടിമാറ്റി പലരേയും ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് അസൂയയിൽ നിന്നും ഉടലെടുത്ത സ്വാർത്ഥതയാലാണെന്ന് നാം തിരിച്ചറിയണം. ഗുരുവിനോട് നാം നന്ദികേട് കാണിക്കരുത്. ഭരണ രാഷ്ട്രീയതലങ്ങളിൽ നടക്കുന്ന ചതികളെ തിരിച്ചറിഞ്ഞ് നാം ഗുരുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സോദരത്വേന വാഴുന്ന മാതൃകാസ്ഥാനസൃഷ്ടിയ്ക്ക് വേണ്ടി ഇറങ്ങണം. അതിന് തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരു കല്‌പിപിച്ച് അനുഗ്രഹിച്ച എട്ട് വിഷയങ്ങളെ നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കിയേ മതിയാകൂ.


വിദ്യാഭ്യാസം

വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോൾ ഭാരതത്തിന്റെ ഋഷിസംസ്‌കാരമനുസരിച്ച് പരാവിദ്യയും അപരാ വിദ്യയുമുണ്ട്. ലളിതമായി പറഞ്ഞാൽ ഭൗതികവിദ്യയും ആദ്ധ്യാത്മിക വിദ്യയും. ഋഷിമാരുടെ നിരീക്ഷണത്തിൽ ഭൗതികതയുടെ പരിമിതികൾക്കപ്പുറം ആദ്ധ്യാത്മികമായ ഉന്നതി കൈവരുമ്പോഴാണ് മനസിന് സമനിലയിൽ നിന്ന് കൊണ്ട് മുന്നേറാൻ സാധിക്കുന്നത്. അപ്പോഴാണ് വിദ്യകൊണ്ട് സ്വതന്ത്രരാകാൻ ഗുരു ഉപദേശിച്ചതിന്റെ പൊരുൾ ഉൾക്കൊള്ളാൻ സാധിക്കുന്നത്.


ശുചിത്വം

ശുചിത്വം എന്നത് ബാഹ്യവും ആഭ്യന്തരവും ആയ ശുദ്ധീകരണമാണ്. അതിനെ 'പഞ്ചശുദ്ധി ' എന്ന് ഗുരു ശ്രീനാരായണ ധർമ്മം എന്ന കൃതിയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും ബാഹ്യമായ ശുചിത്വം പാലിച്ചാൽ നമ്മുടെ വീട്ടിൽ, ഗ്രാമത്തിൽ, റോഡിൽ, പൊതുസ്ഥലങ്ങളിൽ ഇത്രമാത്രം മാലിന്യം കുന്ന് കൂടുമായിരുന്നോ ? സ്വയം അത് ആചരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളാണെന്ന് നാം മറക്കരുത്.


സംഘടന

സംഘടിച്ച് ശക്തരാകാൻ ഗുരു ഉപദേശിച്ചിട്ട് നൂറ് വർഷം പിന്നിട്ടിരിക്കുകയാണ്, അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പുതിയ ഒരു സാമൂഹ്യ വിപ്ലവത്തിന് ആയുസും വപുസും ആത്മതപസും ബലി അർപ്പിച്ച ഗുരുവിന്റെ പ്രാധാന്യം മനസിലാക്കാൻ ഡോ. പല്‌പുവിന് നീണ്ടകാലം വേണ്ടിവന്നിരുന്നു. ഇന്നും ഗുരുവിനെ അപ്രകാരം അംഗീകരിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. കാരണം അവർക്ക് ഗുരുവിന്റെ ആദ്ധ്യാത്മിക മഹത്വം അറിയില്ല എന്നുള്ളതാണ്.

കൃഷി

ജീവരാശിയുടെ നട്ടെല്ലാണ് കൃഷി എന്ന് ഗുരുവാണി. അന്നം ബ്രഹ്മേതി വ്യജാനാത് എന്ന് ഋഷി ഓർമ്മിപ്പിക്കുന്നു. അതായത് ആഹാരം ബ്രഹ്മമാണെന്ന് അഥവാ ഈശ്വരനാണെന്ന്. ശരീരത്തിന്റെ പ്രാണധാരക്കു ശക്തി പകരുന്നതാവണം ആഹാരം. ഇന്നത്തെ ജംഗ്ഫുഡുകൾ പ്രാണശക്തിയെ മന്ദീഭവിപ്പിക്കുന്നവയാണ്. അതുകൊണ്ട് പ്രകൃതിയ്ക്ക് ദോഷം വരാത്ത രീതിയിൽ ജൈവകൃഷി ചെയ്യണം. ശിവഗിരി മഠം ഈ രീതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൃഷി വകുപ്പ്, ഈ രംഗത്തെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി രൂപപ്പെടുത്തിയിട്ടുണ്ട്. ഇതുമായി സഹകരിക്കാൻ ഏവർക്കും അവസരമുണ്ട്.

കച്ചവടം

ഒരു സന്യാസി എന്തിനാണ് കച്ചവടത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ചിന്തിച്ചേക്കാം. അവിടെയാണ് ഗുരുവിന്റെ പ്രയോഗിക പരിജ്ഞാനം നാം ദർശിക്കുന്നത്. മനുഷ്യനു ജീവിക്കാൻ പണവും കച്ചവടവും വ്യവസായവും ആവശ്യമാണ്. ശിവഗിരി മഠത്തിന് സമീപം ഒരു ചായക്കട നടത്താൻ ഗുരുദേവൻ ഒരു ഗൃഹസ്ഥഭക്തനോട് പറഞ്ഞിരുന്നു. അത് എപ്രകാരമായിരിക്കണമെന്നും അതിന്റെ ലാഭം മിതമായിരിക്കണമെന്നും പറഞ്ഞിരുന്നു. നമ്മൾ ഇങ്ങനെ ആർജ്ജിക്കുന്ന ധനത്തിന്റെ ഒരു വിഹിതം ദാനധർമ്മാദികൾക്ക് ഉപയോഗപ്പെടുത്തണമെന്നും ഗുരു നിഷ്‌കർഷിച്ചിരുന്നു.

കൈത്തൊഴിൽ

എല്ലാവർക്കും വലിയ വ്യവസായം തുടങ്ങാനുള്ള സാമ്പത്തികശേഷി ഉണ്ടാകില്ല. അതുകൊണ്ട് അവരവർക്ക് സാധിക്കുന്നതുപോലെ കൈത്തൊഴിൽ ചെയ്തും ജീവിക്കാമെന്ന് ഗുരു പറയുന്നു. എല്ലാവർക്കും ഗവൺമെന്റ് ജോലി എന്നത് അപ്രായോഗികമാണ്. ഏതൊരുനാട്ടിലും കൈത്തൊഴിലിന് അനന്തമായ സാദ്ധ്യതകളാണുള്ളത്.

ശാസ്ത്ര സാങ്കേതിക പരിജ്ഞാനം

തീർത്ഥാടന ലക്ഷ്യങ്ങളിൽ എട്ടാമത്തേതായി ഗുരു ഉപദേശിച്ചത് ശാസ്ത്ര സാങ്കേതിക പരിജ്ഞാനം നേടണമെന്നാണ്. അതിന് ഈ രംഗത്തുള്ള വിദഗ്ദ്ധരെകൊണ്ട് പ്രസംഗിപ്പിക്കണമെന്നാണ്. ആ രീതിയിൽ നമ്മുടെ കുഞ്ഞുങ്ങളെ നാം വളർത്തുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദൈനംദിന ജീവിതം സുഗമമാക്കാൻ കഴിയുന്ന കണ്ടുപിടുത്തങ്ങൾ നമുക്ക് അനിവാര്യമാണ്.
ഏറ്റവും ഉദാത്തമായ ഈ നൂതന ചിന്തയെ മുൻവിധികൾ കൊണ്ട് നിറച്ച മനുഷ്യ മസ്തിഷ്‌കത്തെ പ്രക്ഷാളനം ചെയ്ത് എടുക്കുന്നതിന് സൂക്ഷ്മമായ എനർജി അത്യന്താപേക്ഷിതമാണ്. സ്‌നേഹം വറ്റിവരണ്ട ഈ ലോകത്ത് കാരുണ്യം ലവലേശം പോലുമില്ലാത്ത ഈ ഊഷര ഭൂമിയിൽ ആർദ്രതയുടെ, പ്രകാശത്തിന്റെ വീചികൾ പ്രസരിപ്പിക്കുന്ന ദീനാവനപരായണനായ ഗുരുവിനെപോലും തമസ്‌കരിക്കാൻ നടത്തുന്ന കുത്സിത ബുദ്ധികളുടെ സംഘടിത ശ്രമങ്ങളെയും നാം തിരിച്ചറിയണം. തമ്മിൽ കലഹിക്കാൻ നമുക്ക് സമയമില്ല. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല. ക്ഷണികമായ ഈ കൊച്ചുകാലയളവിൽ വരാൻ പോകുന്ന തലമുറകൾക്കു വേണ്ടി ഒരു വേദി നമുക്ക് ഒരുക്കാം. അങ്ങനെ ഗുരുവിന്റെ സങ്കൽപ്പത്തിലുള്ള സോദരത്വേന വാഴുന്ന ഒരു ഏകലോകത്തെ നമുക്ക് കെട്ടിപ്പെടുക്കാൻ ശ്രമിക്കാം.