sp

ലക്‌നൗ: മീററ്റിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്നാക്രോശിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ 20ന് മീററ്റിലെ ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് എസ്‌.പി അഖിലേഷ് നാരായൺ സിംഗിന്റെ വിവാദ പരാമർശം. ഇതിന്റെ 1.43 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ മാദ്ധ്യമങ്ങളിൽ വൈറലായി.

''കറുപ്പും മഞ്ഞയും ബാൻഡുകൾ കെട്ടി പ്രതിഷേധിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാൻ പറയൂ. നിങ്ങൾക്ക് ചോറ് ഇവിടെയും കൂറ് മറ്റൊരിടത്തുമാണ്. നിങ്ങൾക്ക് ഇവിടെ ജീവിക്കാൻ താത്പര്യമില്ലെങ്കിൽ നേരെ പാകിസ്ഥാനിലേക്ക് പോകൂ. ഇപ്പോൾ നടത്തുന്ന എല്ലാ പ്രതിഷേധങ്ങൾക്കും നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളുടെ വീടുകളിലെ എല്ലാവരെയും തൂക്കിയെടുത്ത് ജയിലിലിടും'- എസ്.പി പറഞ്ഞു.

മീററ്റ് പൊലീസിന്റെ പാകിസ്ഥാൻ പരാമർശത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ബി.ജെ.പി സർക്കാർ സ്ഥാപനങ്ങളെ വിഷലിപ്തമാക്കിയെന്ന് പ്രിയങ്ക ​പറഞ്ഞു.

"ഇത്തരം ഭാഷ ഉപയോഗിക്കാൻ ഇന്ത്യൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. നിങ്ങൾ ഒരു പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ, ഉത്തരവാദിത്വം കൂടുതലാണ്. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള മൂല്യങ്ങളോട് ബഹുമാനമില്ലാത്ത രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറുന്ന അവസ്ഥയിലേക്ക് ബി.ജെ.പി സർക്കാർസ്ഥാപനങ്ങളെ വിഷലിപ്തമാക്കി.''- വീഡിയോ പങ്കുവച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തു.

 പ്രതിഷേധം തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു. ജാമിയ മിലിയ വിദ്യാർത്ഥികളുടെ സമരം 19-ാം ദിവസത്തിലേക്ക് കടന്നു. യു.പി ഭവൻ ഉപരോധിച്ച വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്നലെ കാമ്പസിന് മുന്നിൽ പ്രതിഷേധം നടത്തി.