ss

തിരുവനന്തപുരം: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി മാർ ഇവാനിയോസ് ഗ്രൗണ്ടിലെ പ്രദർശനഗരിയിൽ ഒരുക്കിയിരിക്കുന്ന മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാവുന്ന പുഷ്പം ശ്രദ്ധ നേടുന്നു. കടുകുമണിയുടെ പത്തിലൊന്ന് മാത്രാണ് ഈ പൂവിനുള്ളത്. 'ഗുൾഫിയ ഗ്ലോബസ്യ' എന്നതാണ് ശാസ്ത്രനാമം. വംശനാശ നേരിടുന്ന സസ്യത്തെ മലബാർ ബോട്ടാനിക്കൽ ഗാർഡനാണ് പ്രദർശനത്തിനെത്തിച്ചത്. ഇതോടൊപ്പം സ്വർണ സാന്നിദ്ധ്യമുള്ള ഭൂപ്രദേശത്ത് മാത്രം കാണപ്പെടുന്ന 'സ്വർണപന്ന'യും കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു. 'ഇക്വിവിസ്റ്റം രാമോസിസിയം' എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സ്വർണപന്ന കേരളത്തിൽ അപൂർവമാണ്. മലിന ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന അരയന്ന പായൽ, കേരളത്തിലും കർണാടകയിലും മാത്രം കാണപ്പെടുന്ന കാട്ടുകിണർവാഴ, ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന ഹിമാലയൻ കുളവാഴ, അമേരിക്ക, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ അലങ്കാരച്ചെടിയായി പൂന്തോട്ടങ്ങളിൽ കാണപ്പെടുന്ന ജലസസ്യമായ മൊസൈക് ചെടി തുടങ്ങിയവയും പ്രദർശനത്തിനുണ്ട്.

ഫോട്ടോ: സസ്യപ്രദർശനത്തിൽ നിന്ന്