തിരുവനന്തപുരം: വേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡിലെ തൊഴിൽ തർക്കം ഒത്തുതീർപ്പായി. അഡിഷണൽ ലേബർ കമ്മീഷണർ രഞ്ജിത് പി.മനോഹറിന്റെ സാന്നിദ്ധ്യത്തിൽ ലേബർ കമ്മിഷണറേറ്റിൽ ഇന്നലെ നടന്ന ചർച്ചയിലാണ് പരിഹാരമുണ്ടായത്. ഇന്നു മുതൽ ഫാക്ടറി പ്രവർത്തിച്ചു തുടങ്ങും. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് നവംബർ മാസത്തെ ശമ്പളം കരാർ തൊഴിലാളികൾക്കുൾപ്പെടെ ജനുവരി 5ന് വിതരണം ചെയ്യും. സമരത്തെ തുടർന്ന് അടച്ചിട്ടിരുന്ന ദിവസങ്ങളിലെ ശമ്പളം ചർച്ചയ്ക്കു ശേഷം ജനുവരി 25ന് വിതരണം ചെയ്യും. ഫിക്‌സേഷനിൽ വരുന്ന അനോമലികളിലെ പരാതികൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കും. ഏപ്രിൽ മുതൽ സെറ്റിൽമെന്റ് പ്രകാരമുള്ള പുതുക്കിയ ശമ്പളം ജീവനക്കാർക്ക് നൽകാനും ധാരണയായി. വ്യവസ്ഥകൾക്ക് അനുസൃതമായി കാഷ്വൽ, ലോഡിംഗ് തൊഴിലാളികളുടെ ധാരണയിലെത്തിയ വ്യവസ്ഥകൾ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി കരാർ ഉണ്ടാക്കും. കാഷ്വൽ ജീവനക്കാരുടെ ശമ്പളത്തിൽ ജനുവരി മുതൽ അർഹതപ്പെട്ട വർദ്ധനവിന്റെ 60% അഡ്വാൻസായി നൽകും. സെറ്റിൽമെന്റ് പ്രകാരമുള്ള കുടിശികയുടെ തുക സെപ്തംബറിലോ കമ്പനിയുടെ മൈനിംഗ് പ്രതിസന്ധി മാറുന്ന മുറയ്‌ക്കോ നൽകുന്നതിന് ധാരണയായി. ചർച്ചയിൽ തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.