കോഴിക്കോട്: ലോകോത്തര പാർപ്പിട നിർമ്മാണ രംഗത്തെ ശ്രദ്ധേയരായ ലാൻഡ്‌മാർക്ക് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ ഹോസ്‌പിറ്റാലിറ്റി, ടൂറിസം, എന്റർടെയ്‌ൻമെന്റ് മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായ 'എന്റർടെയ്‌ൻമെന്റ് സിറ്റി"യിൽ ഇനി സാന്റേഴ്‌സൺ ഗ്രൂപ്പിന്റെ കൈയൊപ്പും. കേരളത്തിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായി കോഴിക്കോട്-വയനാട് ദേശീയ പാതയിലെ അടിവാരത്ത് 35 ഏക്കറിൽ ഒരുങ്ങുന്ന എന്റർടെയ്‌ൻമെന്റ് സിറ്റിയുടെ ആർക്കിടെക്‌ചറൽ മാസ്‌റ്റർ പ്ളാനിംഗ് ആൻഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റിനാണ് സിംഗപ്പൂർ ആസ്ഥാനമായുള്ള സാന്റേഴ്‌സൺ ഗ്രൂപ്പ് നേതൃത്വം നൽകുക.
ഇതു സംബന്ധിച്ച കരാറിൽ കോഴിക്കോട് തൊണ്ടയാട് ബൈപാസിലെ ലാൻഡ്‌മാർക്ക് വേൾഡിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പുവച്ചു. വാട്ടർ തീം പാർക്ക് മുതൽ ഷോപ്പിംഗ് സ്‌ട്രീറ്റ് വരെയുള്ള വ്യത്യസ്‌തവും ആകർഷകവുമായ സംവിധാനങ്ങളാണ് എന്റർടെയ്‌ൻമെന്റ് സിറ്റിയിൽ ഒരുങ്ങുന്നത്. ദുബായ് ഗ്ളോബൽ വില്ലേജ്, ദുബായ് ബോളിവുഡ് പാർക്ക്, ഡിസ്‌നി ലാൻഡ് ടോക്കിയോ, ഗ്രേറ്ര് മാൾ ഒഫ് ചൈന തുടങ്ങിയവ ഡിസൈൻ ചെയ്‌ത് ആഗോളതലത്തിൽ ശ്രദ്ധ നേടിയവരാണ് സാന്റേഴ്‌സൺ ഗ്രൂപ്പ്.