അലിഗഡ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 15ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാരോപിച്ച് അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയിലെ
കണ്ടാലറിയാത്ത10,000 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. 188, 341 വകുപ്പുകളാണ് എഫ്.ഐ.ആറിലുള്ളത്. വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം സമഗ്ര തടസം സൃഷ്ടിച്ചതായും യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് പുറത്തുപോയില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു.
പൊലീസ് മർദ്ദനത്തിനിരയായ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഴുകുതിരികൾ തെളിയിച്ചായിരുന്നു വിദ്യാർത്ഥികളുടെ മാർച്ച്.കാമ്പസിൽ അതിക്രമിച്ച് കയറിയ പൊലീസ് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.
വിദ്യാർത്ഥികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും കല്ലേറ് നടത്തിയെന്നും വാഹനങ്ങൾ കത്തിച്ചതായും പൊലീസ് ആരോപിച്ചു. പൊലീസിന്റെ വാദങ്ങൾക്ക് വിരുദ്ധമാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും വസ്തുതാന്വേഷണ കമ്മിറ്റിക്ക് നൽകിയ മൊഴികൾ. നൂറ്റിയമ്പതിലധികം വിദ്യാർത്ഥികൾക്ക് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഒരു വിദ്യാർത്ഥിക്ക് ഗ്രനേഡ് പൊട്ടി കൈ നഷ്ടപ്പെട്ടിരുന്നു. ചില പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
സംഘർഷത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് അലിഗഡ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.