തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം മൂന്നു ദിവസം പിന്നിടുമ്പോൾ എവറോളിംഗ് ട്രോഫിക്ക് വേണ്ടി തലസ്ഥാനത്തിന്റെ വാശിയേറിയ പോരാട്ടം. രണ്ടാം ദിനം മുന്നിലുണ്ടായിരുന്ന കോഴിക്കോടിനെ പിന്തള്ളിയാണ് തൃശൂരിനൊപ്പമെത്തിയത്. തിരുവനന്തപുരവും തൃശൂരും 230പോയിന്റ് വീതം നേടി. തൊട്ടുപിന്നാലെ 202 പോയിന്റുമായി മലപ്പുറവും 197 പോയിന്റുമായി കോഴിക്കോടുമുണ്ട്.
മത്സരങ്ങൾ പ്രധാനവേദിയായ ആർട്സ് കോളജിൽ നല്ലതിരക്കാണ് അനുഭവപ്പെട്ടത്. സംഘനൃത്തം, നാടോടിനൃത്തം, മോഹിനിയാട്ടം, ഒപ്പന, കോൽക്കളി എന്നിവ നടന്ന വേദികളിലും വയലിൻ, ഗിത്താർ, വീണ ഉപകരണമത്സരങ്ങളും നിറസദസിലാണ് അരങ്ങേറിയത്. ദഫമുട്ട്, മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ഓട്ടൻ തുള്ളൽ, സംഘഗാനം, ദേശഭക്തിഗാനം, കളിമൺ ശില്പ നിർമാണം, പുഷ്പാലങ്കാര മത്സരം, മൈലാഞ്ചി ഇടൽ മത്സരം എന്നിവയും ഇന്നലെ നടന്നു. കേരളോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പതിപ്പായ ആട്സ് ആപ്പിന്റെ പ്രകാശനം തൈക്കാട് ആർട്സ് കോളജിൽ മേയർ കെ. ശ്രീകുമാർ ജില്ലാ പഞ്ചായത്ത് അംഗം ബെൻഡാർവിന് നൽകി പ്രകാശനം ചെയ്തു. യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി. ബിജു, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, അഭിരാം എന്നിവർ പങ്കെടുത്തു.