kalinga

ഭുവനേശ്വർ: കലിംഗ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയും കലിംഗ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് സോഷ്യൽ സയൻസും സംയുക്തമായി നടത്തുന്ന ലിറ്റിൽ മിസ് ഇന്ത്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് നടക്കും. 23 സംസ്ഥാനങ്ങളിൽ നിന്നായി 26 പ്രതിഭകൾ മത്സരിക്കും. ഇന്ത്യയിലെ 24നഗരങ്ങളിൽ നിന്ന് നാലു മാസത്തെ ഓഡിഷനിലൂടെ തിരഞ്ഞെ‌ടുക്കപ്പെട്ടവരാണ് സെമിഫൈനലിസ്റ്റുകൾ. 5000ത്തിലേറെപ്പേരിൽ നിന്നാണ് ഇവർ ജേതാക്കളായത്. ലിറ്റിൽ മിസ് ഇന്ത്യയായി കിരീടമണിയുന്നവർക്ക് 21 ലക്ഷത്തിന്റെ സമ്മാനവും കെ.ഐ.ഐ.ടിയിലെ തുടർപഠനത്തിന് 18ലക്ഷം രൂപ വരെ ഫീസിളവും നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷവും 9.5 ലക്ഷവും ലഭിക്കും.

13 മുതൽ 16 വരെ വയസ്സുള്ളവരിൽ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. 2001ൽ ഒഡിഷയിലെ ഗോത്രഗ്രാമമായ കേന്തുജ്ഹാറിൽ ആരംഭിച്ച മത്സരം ഇതിനകം18 എഡിഷനുകൾ പൂർത്തിയാക്കി.

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പ്രവർത്തകനും കലിംഗയുടെ സ്ഥാപകനുമായ പ്രൊഫ. അച്യുത് സാമന്തയാണ് ഇതിനെ ഒരു ദേശീയ മത്സരമാക്കി മാറ്റിയത്. പ്രഥമ മത്സരവിജയിയായ മിസ് യാഷിക പിൽക്കാലത്ത് പ്രമുഖ സിനിമാതാരമായി. തനിക്ക് അതിന് വഴിയൊരുക്കിയത് കലിംഗയിലെ മത്സരമാണെന്ന് യാഷിക പറയുന്നു.

മത്സരത്തിൽ ഫെമിന മിസ് ഇന്ത്യയുൾപ്പെടെ പ്രമുഖർ വിശിഷ്ടാതിഥികളായെത്തും.