ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറെ തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. താരം കൈവയ്ക്കുന്ന മിക്ക പാട്ടുകളും ഹിറ്റാകാറുണ്ട്. ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയും ഒരുമിച്ചുള്ള ക്രിസ്മസ് ആഘോഷ നിമിഷത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തബലയിലും മൃദംഗത്തിലും പ്രാവീണ്യമുള്ള ഗോപിസുന്ദർ താളമിടുമ്പോൾ അഭയ അതിനൊപ്പം കൂടി പാട്ടുപാടുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ''എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം.. ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങൾ'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഗോപി സുന്ദർ ഒരു സ്റ്റീൽപ്ലേറ്റിൽ താളമിടുന്നതൊടൊപ്പം അഭയ ആ താളത്തിനൊപ്പം പാടുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തിലെ 'ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ' എന്നു തുടങ്ങുന്ന ഗാനമാണ് അഭയ പാടുന്നത്. കഴിഞ്ഞ പ്രണയദിനത്തിൽ തനിക്ക് ഗോപി സുന്ദറുമായുള്ള ബന്ധം അഭയ വെളിപ്പെടുത്തിയിരുന്നു.