ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.ഐ., കേന്ദ്ര വിജിലൻസ് കമ്മിഷൻ (സി.വി.സി), കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) എന്നിവയെ ബാങ്കുകൾ ഭയക്കേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ബാങ്കുകളെടുക്കുന്ന കളങ്കമറ്റ വാണിജ്യ തീരുമാനങ്ങൾ സംരക്ഷിക്കപ്പെടും.
അന്വേഷണ ഏജൻസികളെ പേടിച്ച്, ഉത്തമ തീരുമാനങ്ങൾ പോലും എടുക്കാൻ ബാങ്കുകൾ മടിക്കുകയാണ്. ബാങ്കുകൾ തീരുമാനിക്കാതെ ഒരു കേസും സി.ബി.ഐയ്ക്ക് വിടില്ല. മൂന്നുകോടി രൂപയ്ക്കുമേലുള്ള തട്ടിപ്പുകേസുകൾ ബാങ്കിന്റെ ആഭ്യന്തര സമിതി പരിശോധിച്ച ശേഷം ബാങ്കിംഗ് റെഗുലേറ്റർക്കും തുടർന്ന് അന്വേഷണ ഏജൻസികൾക്കും കൈമാറിയാൽ മതി. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കിംഗ് തലവന്മാരുമായി സി.ബി.ഐ ഡയറക്‌ടറുടെ സാന്നിദ്ധ്യത്തിൽ നടത്തിയ യോഗത്തിന് ശേഷമാണ് ധനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
തട്ടിപ്പ് കേസുകൾ വെളിച്ചത്ത് കൊണ്ടുവരാനും അന്വേഷിക്കാനുമായി സി.ബി.ഐ പ്രത്യേക സംവിധാനം കൊണ്ടുവരും. എഫ്.ഐ.ആറിന്റെ ഇ-ഫയലിംഗിനായി സി.ബി.ഐയ്ക്ക് പ്രത്യേക ഇ-മെയിൽ വിലാസമുണ്ടാകും. തട്ടിപ്പ് സംബന്ധിച്ച് അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറും സജ്ജമാക്കും. പരിഹരിക്കപ്പെടാത്ത വിജിലൻസ് കേസുകളിൽ തീർപ്പാക്കാനായി ജനറൽ മാനേജർ തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കാനും ബാങ്കുകളോട് ധനമന്ത്രി നിർദേശിച്ചു.