fake-news

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങളും സമരങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള വ്യാജവാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രചരിക്കപ്പെട്ട ഒന്നാണ് ജയിലഴികൾക്കരികെ ഒരമ്മ തന്റെ ഭർത്താവിന്റെ കൈകളിലിക്കുന്ന കുട്ടിയെ മുലയൂട്ടുന്ന ചിത്രം. പൗരത്വ നിയമത്തിനെതിനെയുള്ള പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വളരെ വൈകാരികമായാണ് ചിത്രം പ്രചരിക്കപ്പെട്ടത്.

ഇന്ത്യയിൽ എൻ.ആർ.സി മൂലം കോൺസൻട്രേഷൻ ക്യാമ്പിൽ കഴിയുന്ന മുസ്ലിം യുവതിയാണ് ഇവരെന്നും ദമ്പതികൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും ചിത്രം പങ്കുവച്ച് ചിലർ പ്രചരിപ്പിക്കുന്നു. ഇനിയും കോൺസൻട്രേഷൻ ക്യാമ്പുകൾ നമുക്ക് വേണ്ട എന്നും അവർ ആവശ്യപ്പെടുന്നു. ജയിലിനുള്ളിലും കുട്ടിക്ക് മുലപ്പാൽ നൽകുകയാണ് ഈ അമ്മ. മോദിയുടെ ഇന്ത്യയിൽ ഇത്തരം ചിത്രങ്ങൾ ഇനി ഏറെ കാണാം. എന്ന തലക്കെട്ടിൽ ചോട്ടു ഖാൻ എന്നയാൾ ട്വീറ്റ് ചെയ്തു.

ട്വിറ്ററിൽ മാത്രമല്ല ഫേസ്ബുക്കിലും വാട്സപ്പിലും ചിത്രം വ്യാപകമായി പ്രചരിച്ചു. അതേസമയം ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നത് ഇന്ത്യ ടുഡേയാണ്. ഈ ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും അർജന്റെീനയിലെ ഏതോ സ്ഥലത്തുള്ളതാണെന്നുമാണ് ഇന്ത്യ ടുഡേ വാർ റൂമിന്റെ കണ്ടെത്തൽ. ചിത്രം ഈ അടുത്ത കാലത്തൊന്നും എടുത്തതല്ല. കഴിഞ്ഞ ആറ് വർഷമായി ഈ ചിത്രം വിവിധ വെബ്‌സൈറ്റുകളിലുണ്ട്. ഇന്ത്യയുമായോ പൗരത്വ നിയമമായോ ചിത്രത്തിന് ബന്ധമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.