കോട്ടയം: നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവരവോടെ രാജ്യത്ത് ഹിന്ദുത്വ അമിതാധികാരം പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വനെക്കുറിച്ച് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനം കോട്ടയത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുവും കശ്മീരും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതു മുതൽ പൗരത്വനിയമഭേദഗതി നിയമം വരെയുള്ള നടപടികൾ ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ സൂചനകളാണ്. കഴിഞ്ഞ 17 ദിവസം നടന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ബി.ജെ.പി യുടെ വർഗീയ അജണ്ടകൾക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു.
ഉത്തർപ്രദേശിലും കേന്ദ്ര സർവകലാശാലകളിലും പൊലീസിനെ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങൾ അട്ടിമറിക്കാനാണ് ശ്രമിച്ചത്. എങ്കിലും 12 സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ പൗരത്വനിയമ ഭേദഗതി സംബന്ധിച്ച കേന്ദ്രസർക്കാർ തീരുമാനം നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ച് രംഗത്തെത്തിയത് പ്രക്ഷോഭങ്ങളുടെ വിജയമാണ്. ജനുവരി 8 ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് തൊഴിലാളിവർഗ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുള്ള ശക്തമായ ജനകീയ മുന്നേറ്റം കൂടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എസ്. മേനോൻ ഹാളിൽ ചേർന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.എം.മണി, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ.ആശ, കെ.സുരേഷ് കുറുപ്പ്, ജസ്റ്റിസ് കെ.ടി.തോമസ്, എം.എം. ലോറൻസ് തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം വിശ്വനെക്കുറിച്ച് സനിൽ പി. തോമസ് രചിച്ച 'കനൽവഴികൾ', ഗീതാ ബക്ഷി രചിച്ച 'ജീവിതം കൊണ്ട് ചരിത്രമെഴുതിയ നേതാവ്' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.