gold

കൊച്ചി: ആഭരണ പ്രേമികളെ നിരാശപ്പെടുത്തി സ്വർണവില വീണ്ടും കുതിപ്പ് തുടങ്ങി. പവൻ വില ഇന്നലെ 80 രൂപ വർദ്ധിച്ച് 29,000 രൂപയിലെത്തി. ഗ്രാമിന് പത്തുരൂപ ഉയർന്ന് വില 3,625 രൂപയായി. ഈമാസം 13ന് പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമായിരുന്നു വില. അന്നുമുതൽ ഇതുവരെ പവന് ആയിരം രൂപയും ഗ്രാമിന് 125 രൂപയുമാണ് കൂടിയത്.

കഴിഞ്ഞ സെപ്‌തംബർ നാലിന് കുറിച്ച 29,125 രൂപയാണ് സംസ്ഥാനത്ത് പവന്റെ റെക്കാഡ് വില. അന്ന് ഗ്രാം വില 3,640 രൂപ. പുതിയ ഉയരം കുറിക്കാൻ 125 രൂപ മാത്രം അകലെയാണ് പവൻ. 15 രൂപ കൂടി ഉയർന്നാൽ ഗ്രാമും പുതിയ റെക്കാഡെഴുതും. ഒക്‌ടോബർ‌ ഒന്നിന് പവൻ വില 27,520 രൂപയായും ഗ്രാം വില 3,440 രൂപയായും താഴ്‌ന്നിരുന്നു, അതിനുശേഷം ഇതുവരെ പവന് കൂടിയത് 1,480 രൂപയാണ്. ഗ്രാമിന് 185 രൂപയും ഉയർന്നു.

ദേശീയ-അന്താരാഷ്‌ട്ര വില വർദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവ് ഏറിയതുമാണ് സ്വർണവില വീണ്ടും കുതിപ്പിന്റെ ട്രാക്കിലേറാൻ കാരണം. സ്വർണത്തിന് അന്താരാഷ്‌ട്ര വില കഴിഞ്ഞവാരം ഔൺസിന് 1,518.10 ഡോളറാണ്. അമേരിക്ക-ചൈന വ്യാപാരയുദ്ധം, വിവിധ രാജ്യങ്ങൾ തമ്മിലെ യുദ്ധസമാന സാഹചര്യം, ബ്രെക്‌സിറ്റ് തുടങ്ങിയ ഘടകങ്ങൾ മൂലം ഓഹരി വിപണികൾ തളർന്നപ്പോൾ, നിക്ഷേപം പണം സ്വർണത്തിലേക്ക് ഒഴുക്കി. ഗോൾഡ് ഇ.ടി.എഫുകൾക്കും മികച്ച ഡിമാൻഡുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്‌ച ഡോളറിനെതിരെ 45 പൈസ ഇടിഞ്ഞ് 71.35ലാണ് രൂപയുള്ളത്. ഒരുമാസത്തിനിടയിലെ ഏറ്റവും മോശം മൂല്യമാണിത്.