ശിവഗിരി: മഹാതീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയും പ്രാന്തപ്രദേശങ്ങളും കൊടിതോരണങ്ങളും ആർച്ചുകളും മറ്രലങ്കാരങ്ങളുമായി മഞ്ഞ പുതച്ചു നിൽക്കുകയാണ്. സമ്മേളനങ്ങൾക്കായി അതിവിശാലമായ വേദിയാണ് ഒരുങ്ങിയിട്ടുള്ളത്. ഒരേസമയം നാൽപ്പതിനായിരം പേർക്ക് പരിപാടികൾ കാണാൻ കഴിയും. 50 ലക്ഷം തീർത്ഥാടകർക്കു വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഏർപെടുത്തി.
തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേരിട്ടുള്ള നിയന്ത്റണത്തിലാണ് ക്രമസമാധാനപാലനം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തീർത്ഥാടകർക്ക് വൈദ്യ ശുശ്രൂഷ നൽകും. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗം മുഴുവൻ സമയവും പ്രവർത്തിക്കും. അഞ്ചുതെങ്ങ് ഡോ. എം.പി. വേലുമെമ്മോറിയൽ ഹോമിയോ ചികിത്സാ കേന്ദ്രത്തിന്റെ സേവനവും ഉണ്ടായിരിക്കും.
ശിവഗിരി മഠത്തിന്റെ ഔദ്യോഗിക മീഡിയയായ ശിവഗിരി ടിവി തീർത്ഥാടന പരിപാടികൾ ക്ലോസ്ഡ് സർക്യൂട്ട് ടിവിയിലൂട സംപ്രേക്ഷണം ചെയ്യും. വാട്ടർ അതോറിട്ടി 24 മണിക്കൂറും തടസ്സമില്ലാതെ തീർത്ഥാടകർക്ക് കുടിവെള്ളം നൽകും. കെ.എസ്.ഇ.ബി, റവന്യൂ, ഫയർഫോഴ്സ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളും ശുചിത്വമിഷനും മുഴുവൻ സമയവും സേവനസന്നദ്ധമായുണ്ടാകും.
ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, എസ്.എൻ കോളേജ്, നഴ്സിംഗ് കോളേജ്, സീനിയർ സെക്കൻഡറി സ്കൂൾ, കൺവെൻഷൻ സെന്റർ, മഠത്തിന്റെ മറ്രനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി തീർത്ഥാടകർക്ക് താമസ സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. ഗുരുധർമ്മപ്രചാരണ സഭയുടെ നേതൃത്വത്തിൽ തീർത്ഥാടന ദിവസങ്ങളിൽ സൗജന്യ ലഘുഭക്ഷണ പാനീയ കൗണ്ടറുകൾ പ്രവർത്തിക്കും.
ശിവഗിരി മഠത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഗ്രീൻ പ്രോട്ടോകോൾ ഏർപെടുത്തി ജില്ലാകളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുവചനങ്ങൾ ആലേഖനം ചെയ്ത സ്റ്റീൽ കുപ്പികൾ, തുണിസഞ്ചി മുതലായവ കുറഞ്ഞ വിലയ്ക്ക് ശിവഗിരിമഠം നൽകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. വർക്കല നഗരസഭ, ജില്ലാശുചിത്വമിഷൻ, പെലിക്കൺ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ചുമതലയിലാണ് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്. ഭക്തജനങ്ങൾക്ക് കുടിവെള്ളം ബീക്കൺ പ്രോജക്ടും നഗരസഭയും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇരുന്നൂറോളം എൻ.എസ്.എസ് വോളണ്ടിയർമാരുടെ സന്നദ്ധ സേവനം ഉണ്ടായിരിക്കും.
വിദേശത്ത് നിന്നുൾപ്പെടെ ശിവഗിരിയിലെത്തുന്ന അതിഥികളെയും തീർത്ഥാടക ലക്ഷങ്ങളെയും മുന്നിൽ കണ്ടുകൊണ്ടുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ബോധിതീർത്ഥ എന്നിവരാണ് തീർത്ഥാടന നടത്തിപ്പിന്റെ ആത്മീയ നേതൃസ്ഥാനത്തുള്ളത്. തീർത്ഥാടന കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാൻ കെ.ജി. ബാബുരാജ് (ബഹ്റിൻ), കെ. മുരളീധരൻ (മുരളിയാ ഫൗണ്ടേഷൻ), സുരേഷ്‌കുമാർ മധുസൂദനൻ (മുംബയ്), മീഡിയാകമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവരും നേതൃസ്ഥാനത്തുണ്ട്.
സേഫ് ശിവഗിരി
തീർത്ഥാടകർക്ക് യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ ഗതാഗതവകുപ്പിന്റെ സേഫ് ശിവഗിരി പദ്ധതി ഇന്നലെ ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റും തുറന്നു. കൊല്ലം മുതൽ അരുവിപ്പുറം വരെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതാണ് സേഫ് ശിവഗിരി. ഇതിന്റെ ഭാഗമായി ആംബുലൻസ്, വെഹിക്കിൾ റിക്കവറി സൗകര്യങ്ങളും ഉണ്ടായിരിക്കും. ശിവഗിരിയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളും നടത്തും. 40 തീർത്ഥാടകർ അടങ്ങുന്ന സംഘത്തിന് ശിവഗിരിയിൽ വന്നുപോകാൻ പ്രധാന ഡിപ്പോകളിൽ നിന്ന് സ്പെഷ്യൽ ബസുകൾ അനുവദിക്കും. ഇതിനായി ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുമായി ബന്ധപ്പെടണം.
സതേൺ റെയിൽവേ ശിവഗിരിയിൽ പ്രത്യേക കൗണ്ടർ തുടങ്ങി. അൺ റിസർവ്ഡ്, ഡി റിസർവ്ഡ്, പാസഞ്ചർ ടിക്കറ്റുകൾ ഇവിടെ ബുക്കുചെയ്യാം.