mary-kom

നിഖാത്ത് സരിനെ കീഴടക്കി മേരികോം ഒളിമ്പിക്സ് യോഗ്യതാ പോരാട്ടത്തിന്

ന്യൂഡൽഹി: നിഖാത് സരിന്റെ വെല്ലുവിളിക്ക് ഇടിക്കൂട്ടിൽ മേരി കോമിന്റെ മറുപടി. സെലക്ഷൻ ട്രയൽസിൽ നിഖാത് സരിനെ കീഴടക്കി മേരി കോം ഒളിമ്പിക്സ് ബോക്സിംഗ് യോഗ്യതാ പോരാട്ടത്തിന് അർഹത നേടി. 51 കിലോ ഗ്രാം വിഭാഗം സെലക്ഷൻ ട്രയൽസിന്റെ ഫൈനലിൽ 9-1നാണ് ആറ് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരി മുൻ ജൂനിയർ ചാമ്പ്യൻ സരിനെ കീഴടക്കിയത്. അടുത്ത വർഷം ഫെബ്രുവരി 3 മുതൽ 14വരെ ചൈനയിലെ വുഹാനിൽ നടക്കുന്ന ഏഷ്യ ഓഷ്യാനിയ ഒളിമ്പിക്സ് യോഗ്യതാ പോരാട്ടത്തിൽ മേരി മത്സരിക്കാനിറങ്ങും. മത്സര ശേഷം മേരി സരിന് ഹസ്തദാനം നൽകാതിരുന്നതും വിവാദമായി.

അതേ സമയം മത്സരത്തിൽ മേരിക്കനുകൂലമായി പക്ഷപാതപരമായ നിലപാടാണ് അധികൃതർ എടുത്തതെന്ന് ആരോപിച്ച് തെലങ്കാന ബോക്സിംഗ് ആസോസിയേഷൻ ഭാരവാഹി എ.പി. റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിംഗ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തനിക്ക് വെല്ലുവിളി ഉയർത്തിയ സരിനെതിരെ പരിചയ സമ്പത്തിന്റെ ആനുകൂല്യത്തിൽ മികച്ച ഏതാനും പഞ്ചുകളിലൂടെയാണ് മേരി വിജയം സ്വന്തമാക്കിയത്. അതേസമയം പോയിന്റ് നില സൂചിപ്പിക്കും പോലെ മത്സരം ഏകപക്ഷീയമായിരുന്നില്ലെന്നും അധികൃതരുടെ ഒത്തുകളിയാണ് മേരിക്ക് കാര്യങ്ങൾ അനുകൂലമാക്കിയതെന്നും തെലങ്കാന ബോക്സിംഗ് അസോസിയേഷനും സരിന്റെ ആരാധകരും ആരോപിച്ചു. ​മേ​രി​കോം​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​റി​തു​ ​ഗ്രേ​വാ​ളി​നെ​യും​ ​സ​രി​ൻ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​ ​ജ്യോ​തി​ ​ഗു​ലി​യ​യേ​യും കീഴടക്കിയാണ് ഫൈനലിൽ എത്തിയത്.

നേരത്തെ മേരി കോമിനെ നേരിട്ട് ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കാനായിരുന്നു ഫെഡറേഷന്റെ തീരുമാനം. എന്നാൽ ഇതിനെതിരേ സരീൻ രംഗത്തുവന്നതോടെയാണ് ഇരുവരേയും ട്രയൽസിൽ പങ്കെടുപ്പിച്ചത്. കേന്ദ്ര കായിക മന്ത്രിക്ക് വരെ കത്തയച്ചാണ് സരീൻ യോഗ്യത ട്രയൽസ് നടത്തിച്ചത്.

മറ്രുമത്സരങ്ങളിൽ 57 കിലോ ഗ്രാം വിഭാഗത്തിൽ രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ സോണിയ ലാത്തറിനെ സാക്ഷി ചൗധരി അട്ടിമറിച്ചു. 60 കിലോ ഗ്രാം വിഭാഗത്തിൽ സരിതാ ദേവി സിമ്രൻ ജിത്ത് കൗറിനോട് തോറ്രു.

ഒളിമ്പിക് യോഗ്യതയ്ക്കുള്ള ഇന്ത്യൻ വനിതാ ബോക്സിംഗ് ടീം:

മേരി കോം(51 കിലോഗ്രാം), സാക്ഷി ചൗധരി (57 കിലോ ഗ്രാം), സിമ്രൻജിത്ത് കൗർ (60 കിലോ ഗ്രാം), ലോവ്‌ലിന ബൊർഗോഹയ്ൻ (69 കിലോഗ്രാം), പൂജ റാണി (75 കിലോ ഗ്രാം).