ബെംഗലൂരു: പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ. പ്രതിഷേധത്തിനിടെയിൽ സംസ്ഥാനത്ത് നടന്ന ആക്രണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെടുക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലലും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘടനകൾ നിരോധിക്കുന്നതു സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്യും. പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ജനങ്ങളെ ആ സംഘടനകൾ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും സുരേഷ് കുമാർ പറഞ്ഞു. ഇവർക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല. ഇവരുടെ പ്രവർത്തനം സാമൂഹ്യ വിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ക്രമസമാധനം തകർക്കാനായി പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും ശ്രമിക്കുകയാണെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി യെദ്യൂരപ്പ ഇതിനെനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധത്തിനിടെ രണ്ടു പേരാണ് പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. മംഗളൂരുവിൽ കലാപമുണ്ടാക്കുന്നത് കേരളത്തിൽ നിന്നുള്ളവരാണെന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം വിവാദമായിരുന്നു.