priyainup

ലക്‌നൗ: രാജ്യം അപകടാവസ്ഥയിലാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെത്തിരെ ഇപ്പോഴെങ്കിലും ശബ്ദമുയർത്തിയില്ലെങ്കിൽ നമ്മൾ ഭീരുക്കളായി മാറുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇവിടെ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബി.ജെ.പി ഭരണത്തെ ബ്രിട്ടീഷ് ഭരണത്തോടാണ് പ്രിയങ്ക താരമത്യം ചെയ്തത്. 'സ്വാതന്ത്ര്യ സമരകാലത്ത് രാജ്യം ഏത് പ്രത്യയശാസ്ത്രത്തിനെതിരെയാണോ യുദ്ധം ചെയ്തത്, അതേ ആശയത്തിനെതിരെയാണ് ഇപ്പോഴും പോരാടുന്നത്. രാജ്യം ബി.ജെ.പിയുടെ നുണകൾ കേട്ട് മടുത്തിരിക്കുന്നു. നിങ്ങളുടെ ഭീരുത്വം രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. യു.പിയിലെ പ്രതിപക്ഷം ഇതിനെതിരെ ശബ്​ദമുയർത്തുന്നില്ല. പക്ഷേ ഞങ്ങൾ ഭയപ്പെടില്ല. ഒറ്റയ്ക്ക് നടക്കേണ്ടി വന്നാലും ശബ്ദം ഉയർത്തിക്കൊണ്ടേയിരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക് നേരിടും.'- പ്രിയങ്ക പറഞ്ഞു. ഇന്ത്യയെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ പ്രിയങ്ക ചൊല്ലിക്കൊടുത്തു. യോഗിക്കും കണക്കിന് കൊടുത്തു ഉത്തർപ്രദേശിൽ പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ചതിൽ യോ​ഗി സർക്കാരിനെ പ്രിയങ്ക ഗാന്ധി കടന്നാക്രമിച്ചു. ''യു.പിയിൽ പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുകയാണ്. സർക്കാർ കുട്ടികൾക്ക് മോശം ഉച്ചഭക്ഷണമാണ് ന.കുന്നത്. കുട്ടികൾ തണുപ്പിൽ വിറച്ചാൽ പുതയ്ക്കാനൊരു സ്വെറ്റർ പോലും കൊടുക്കുന്നില്ല. യോഗി സർക്കാരിന്റെ വികസന പ്രവർ‌ത്തനങ്ങളെല്ലാം പ്രഹസനമാണ്. എന്ത് ഭരണമാണിത്?''- പോഷകാഹാരക്കുറവ് മൂലം പെൺകുട്ടി മരിച്ച സംഭവത്തിന്റെ മാദ്ധ്യമറിപ്പോർട്ട് സഹിതം പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഗുവാഹത്തി: അസാമിന്റെ ചരിത്രം, ഭാഷ, സംസ്‌കാരം എന്നിവയെ കടന്നാക്രമിക്കാൻ ബി.ജെ.പിയെയോ ആർ.എസ്.എസിനെയോ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി . 'അസാമിനെ നാഗ്പൂരിൽ നിന്ന് ഭരിക്കാനും ആർ.എസ്.എസിന്റെ ട്രൗസറിട്ടവർ അസാമിനെ നിയന്ത്രിക്കാനും അനുവദിക്കില്ല. അസാമിലെ കാര്യങ്ങൾ അവിടുത്തെ ജനത തീരുമാനിക്കും' - രാഹുൽ പറഞ്ഞു.

കോൺഗ്രസിന്റെ 'ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' പ്രചാരണത്തിന്റെ ഭാഗമായി ഗുവാഹത്തിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 'എവിടെ ചെന്നാലും ബി.ജെ.പി വെറുപ്പ് പടർത്തുകയാണ്. അസാമിൽ യുവാക്കളാണ് പ്രതിഷേധിക്കുന്നത്. എന്തിനാണ് പൊലീസ് പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലുന്നത്?. ബി.ജെ.പി ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ല.' - രാഹുൽ പറഞ്ഞു.

അസാമിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകളും രാഹുൽ സന്ദർശിച്ചു.

കള്ളം പറയുന്നത് മോദി

രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന മോദിയുടെ വാദം പച്ചക്കള്ളമാണെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. 'രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന് പറയുന്ന മോദിയുടെ വീഡിയോ ഞാൻ ട്വീറ്റ് ചെയ്തിരുന്നു. അതേ വീഡിയോയിൽ തന്നെ തടങ്കൽ പാളയങ്ങളുടെ ദൃശ്യങ്ങളുമുണ്ട്. നിങ്ങൾ തീരുമാനിക്കുക ആരാണ് കള്ളം പറയുന്നതെന്ന്'.

മികച്ച നുണയൻ

'രാഹുൽ ഗാന്ധി നുണ പറയുന്നത് തുടരുകയാണ്. ഈ വർഷത്തെ മികച്ച നുണയനാകാനുള്ള മത്സരാർത്ഥിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നുണകളിൽ ബുദ്ധിമുട്ടിയിരുന്നത് കുടുംബം മാത്രമായിരുന്നു. ഇപ്പോൾ കോൺഗ്രസും ജനങ്ങളും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു'

- കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ
( കഴിഞ്ഞദിവസം പറഞ്ഞത്)