സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് നൂറ് ശതമാനം വെജിറ്റേറിയൻ എന്ന വിശേഷണവുമായി കോണ്ടം പുറത്തിറക്കിയിരിക്കുകയാണ് ഒരു ജർമ്മൻ കമ്പനി. Einhorn എന്ന ബ്രാൻഡിൽ പുറത്തിറങ്ങിയ കോണ്ടമാണ് ശുദ്ധ വെജിറ്റേറിയനാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നത്. വെജിറ്റേറിയൻ കോണ്ടം എന്ന ആശയം ലഭിച്ചതിനെക്കുറിച്ച് കമ്പനി സ്ഥാപകരായ ഹിലിപ്പ് സൈഫറും വാൽഡമർ സൈലറും വിശദീകരിക്കുന്നത് രസകരമായ ഒരു കഥയാണ്. 2015ൽ പുതിയ ഒരു സംരഭം തുടങ്ങുന്നതിനായി ക്രൌഡ് ഫണ്ടിംഗിന്‍റെ ഭാഗമായി നടത്തിയ നിക്ഷേപകസംഗമത്തിൽ നിങ്ങൾ വെജിറ്റേറിയൻ കോണ്ടം പുറത്തിറക്കുമോയെന്ന ഒരു പ്രതിനിധിയുടെ ചോദ്യമാണ് ഇവ പുറത്തിറക്കാൻ പ്രചോദനമായതെന്ന് സൈലെർ സഹോദരൻമാർ പറയുന്നു.
കോണ്ടം നിർമിക്കാൻ ഉപയോഗിക്കുന്ന ലാറ്റക്സിന് മയം വരുത്താൻ മിക്ക കമ്പനികളും മൃഗക്കൊഴുപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോണ്ടം ഉപയോഗിക്കുന്ന ചിലരിലെങ്കിലും അലർജിയും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഈ കാരണങ്ങൾകൊണ്ടാണ് വെജിറ്റേറിയൻ കോണ്ടം എന്ന ആശയം നിക്ഷേപസംഗമത്തിലെ പ്രതിനിധി ഉന്നയിച്ചതെന്ന് ഇരുവരും മനസിലാക്കി.
സാധാരണഗതിയിൽ കോണ്ടം നിർമിക്കുന്ന കമ്പനികൾ ലാറ്റക്സിന് മൃദുത്വം കിട്ടാൻവേണ്ടി മൃഗക്കൊഴുപ്പിൽനിന്ന് വേർതിരിച്ചെടുക്കുന്ന കേസിൻ എന്ന പ്രോട്ടീൻ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ജർമനിയിൽ കണ്ടുവരുന്ന ചില ചെടികളുടെ ഇലകളിൽനിന്നും തണ്ടിൽനിന്നും വേർതിരിച്ചെടുക്കുന്ന സോഫ്റ്റനിങ് ഏജന്റ് ഉപയോഗിച്ചാണ് ഇവർ കോണ്ടം നിർമിച്ചു. ഇതിന് കേസിൻ ഉപയോഗിച്ച് നിർമിക്കുന്ന കോണ്ടങ്ങളേക്കാൾ മൃദുത്വവും മയവും ഉണ്ടെന്ന് വ്യക്തമായി.
സൈലെർ സഹോദരൻമാർ നിർമിച്ച Einhorn എന്ന കോണ്ടം വളരെ വേഗം ഹിറ്റായി മാറി. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഈ കോണ്ടം ഏറെ ഉപകാരപ്രദമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള അലർജിയോ ചൊറിച്ചിലോ ഉണ്ടാകില്ലെന്നും ഇവർ വ്യക്തമാക്കി.
പൊതുവെ വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവരിൽ Einhorn കോണ്ടത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. . Einhorn കോണ്ടം ആഗോളതലത്തിൽ തന്നെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സൈലെർ സഹോദരൻമാർ.