കുട്ടിക്കാലത്തേ മനസിൽ ഒരു ചീനഭരണിയുണ്ടായിരുന്നു. അതിൽ പതിഞ്ഞ മൂക്കുള്ള കുറേ വാക്കുകളും കാഴ്ചകളും. ചീനച്ചട്ടി, ചീനഭരണി, ചീനവല, ചീനക്കാരം. ചീനയുടെ സ്വന്തം ഹീറോ പേന. അതു പോക്കറ്റിലുണ്ടെങ്കിൽ അന്ന് നാട്ടിലെ ഹീറോ. ചൈനയുടെ ദുഃഖമെന്നും കണ്ണീരെന്നും വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞനദിയായ 'ഹൊയാങ് ഹോ". പിന്നെ മതിലുകളായ മതിലുകളുടെയെല്ലാം ചക്രവർത്തിയായ വൻമതിൽ.
ഹിമാലയം കടന്ന് ഭാരതഹൃദയം കാണാനെത്തിയ ചൈനീസ് സഞ്ചാരികളായ ഹുയാങ് സാങ്, ഫാഹിയാൻ. വൻമതിലിറങ്ങി വന്ന കൺഫ്യൂഷിയസിന്റെയും ലാവോത്സെയുടെയും തത്വചിന്തകൾ. ഹിമാലയ മതിലിന്റെ അപ്പുറവും ഇപ്പുറവും ഇണങ്ങിയും പിണങ്ങിയും മത്സരബുദ്ധിയോടെ രണ്ട് അയൽരാജ്യങ്ങൾ. ഇന്ത്യയും ചൈനയും.
ആർഷസംസ്കാരത്തിന്റെ അക്ഷയഖനികളായ കൈലാസവും മാനസ സരോവരവും ഇപ്പോൾ ചൈനയുടെ അധീനതയിലാണ്. ബുദ്ധമതസംസ്കാരത്തിന്റെ കളിത്തൊട്ടിലായ ടിബറ്റും മതമഹിമകൾക്ക് പ്രസക്തിയില്ലാത്ത ചൈനയുടെ നിയന്ത്രണത്തിലാണെന്നത് പ്രകൃതിയുടെ മറ്റൊരു വികൃതി. നേപ്പാൾ, മംഗോളിയ, റഷ്യ,ഖസാക്കിസ്ഥാൻ, താജ്കിസ്ഥാൻ എന്നിവ ചൈനയുടെ അയൽക്കാർ.
കൊളംബോയിൽ നിന്ന് ചൈനയിലെ വൻനഗരമായ ഷാങ്ഹായിലേക്ക് ശ്രീലങ്കൻ എയർലൈൻസിൽ സഞ്ചരിക്കുമ്പോൾ മാവോ സേ തൂങ്ങിന്റെ മുഖമായിരുന്നു മനസിൽ. 1934-35 കാലത്ത് അദ്ദേഹം നടത്തിയ ലോംഗ് മാർച്ച് ചരിത്രത്തിലെ മറ്റൊരു വൻമതിൽ. ചൈനയുടെ ഹൃദയത്തുടിപ്പറിയാൻ മാവോ നടന്നത് 10,000 കി.മീ. പ്രകൃതിയെപ്പോലെ അമ്മയെയും സ്നേഹിച്ചിരുന്നു അദ്ദേഹം. പ്രകൃതിയെ സ്നേഹിക്കാൻ മാവോയെ പഠിപ്പിച്ചതും അമ്മതന്നെ. ചെറിയൊരു വീട്ടിലായിരുന്നു അമ്മയും മാവോയും പാർത്തിരുന്നത്. എങ്കിലും ആ അമ്മയുടെ മനസ് വലുതായിരുന്നു. വീടിനുചുറ്റും ഒരു പൂന്തോട്ടം. രാവിലെയും വൈകിട്ടും അമ്മ ചെടികളെ നനയ്ക്കുമ്പോൾ കുട്ടിമാവോയും ഒപ്പം കൂടും.
ഒരിക്കൽ അമ്മ പനിപിടിച്ചു കിടപ്പായി. ചെടികളെ നനയ്ക്കാൻ മകനെ ഏല്പിച്ചു. മനസില്ലാ മനസോടെ മാവോ ആ നിയോഗം ഏറ്റെടുത്തു. ഓരോ നേരവും മകൻ തിരിച്ചുവരുമ്പോൾ അമ്മ ചോദിക്കും. ചെടികളുടെ കുടുംബവിശേഷങ്ങൾ, പൂമ്പാറ്റകളുടെ കുറുമ്പുകൾ. അസുഖം മാറി അമ്മ പൂന്തോട്ടത്തിലെത്തുമ്പോൾ പട്ടിണിയും പരിവട്ടവുമായി ചെടികളും പൂക്കളും. അമ്മയുടെ മുഖം വാടി. ക്ഷീണമെല്ലാം മറന്ന് അവർ കുടത്തിൽ വെള്ളം കൊണ്ടുവന്ന് ചെടികളുടെ ചുവട് നനച്ചു. മാവോ അതിശയത്തോടെ അതു നോക്കിനിന്നു. ചെടികളുടെ ഇലകളിലും മുകൾഭാഗത്തുമാണല്ലോ താൻ വെള്ളമൊഴിച്ചത്. എന്തൊരു മണ്ടത്തരം. രണ്ടുദിവസം അമ്മ നനച്ചപ്പോൾ ചെടികൾക്ക് ഉന്മേഷം. പൂക്കൾക്ക് പുഞ്ചിരി. ആ നിമിഷം മാവോ മനസിൽ ദൃഢനിശ്ചയമെടുത്തിരിക്കാം. എല്ലാ മാറ്റങ്ങളും വിപ്ലവങ്ങളും അടിത്തട്ടിൽ നിന്നു തുടങ്ങണം. ആ തുടക്കം മാവോയെ മാറ്റി. ചൈനയെയും മാറ്റി.
ഏഴര മണിക്കൂർ പറന്ന് വിമാനം ഷാങ് ഹായിക്കുമുകളിൽ ലാൻഡിംഗിനൊരുങ്ങുമ്പോൾ ദീപാവലിയിൽ കുളിച്ചുനിൽക്കുന്ന നഗരം. നോക്കെത്താദൂരത്തോളം ദീപങ്ങളുടെ ഒരു വൃന്ദാവനം തന്നെ. കൂറ്റൻ വിമാനത്താവളം. പുറത്തേക്ക് സ്വാഗതം ചെയ്യാൻ പാതിരാ തണുപ്പ്. ഇന്ത്യൻ സമയത്തേക്കാൾ രണ്ടരമണിക്കൂർ മുന്നിലാണ് ചൈനീസ് സമയം. നഗരപ്രാന്തത്തിലെ ഹോട്ടൽ മാരിയട്ടിലേക്ക് 46 പേരടങ്ങുന്ന യാത്രാസംഘം ആഡംബരബസിൽ നീങ്ങി. കൊച്ചിയിലെ സോമൻസാണ് ടൂർ ഓപ്പറേറ്റർ. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരടക്കം തിരുവനന്തപുരത്തുനിന്ന് പത്തുപേർ. ബാക്കിയുള്ളവർ എറണാകുളം, തൃശൂർ സ്വദേശികൾ. പാലക്കാട്ടുകാരനായ ആനന്ദാണ് ഗൈഡ്. ആറടിയിലധികം പൊക്കമുള്ള സുമുഖനും സൗമ്യനുമായ യുവാവ്. ചൈനയിലെ വിശേഷങ്ങൾ പറഞ്ഞു തരാൻ ഒരു ഗൈഡുമുണ്ട്. പേര് 'പോ". വെളുത്ത കളിമൺ പ്രതിമയെ ഓർമ്മിപ്പിക്കുന്ന പുഞ്ചിരിമായാത്ത മുഖം. ചൈനീസ് പേരാണ് 'പോ" ഇംഗ്ളീഷ് പേര് 'ലി" ബ്രൂസ്ലിയെന്ന് കേട്ടിട്ടില്ലേ അയാൾ തന്റെ പേരിൽ ഊറ്റം കൊണ്ടു.
ചിൻ രാജവംശത്തിന്റെ പേരിൽ നിന്നുചൈന ഉണ്ടായി. ഹൂണന്മാരുടെ ആക്രമണത്തോടെ ചൈന ഭരിച്ചിരുന്ന ചൗരാജവംശം അസ്തമിച്ചു. തുടർന്ന് ചിൻവംശത്തിന്റെ നാളുകൾ. പിന്നീട് മാഞ്ചുവംശത്തിന്റെ കൈകളിൽ. 19-ാം നൂറ്റണ്ടിന്റെ മദ്ധ്യം മുതൽ ഈ വംശം ക്ഷയിച്ചു തുടങ്ങി.
ഷാങ് ഹായി എന്ന പേരിന്റെ അർത്ഥം കടൽത്തീരനഗരം. ചൈനയുടെ കിഴക്കൻ കടൽതീരത്തിന്റെ മദ്ധ്യഭാഗത്തായി യാങ് ടീസ് നദിയുടെ തീരത്താണ് നഗരം. ന്യൂയോർക്ക്,പാരീസ്, ടോക്കിയോ എന്നീ നഗരങ്ങളോട് കിടപിടിക്കുന്നത്. കേരളജനസംഖ്യയുടെ മുക്കാൽ ഭാഗത്തോളം വരും ഷാങ്ഹായിൽ. അറുന്നൂറോളം സ്റ്റാർ ഹോട്ടലുകൾ. അമേരിക്കയിലെ ലാസ് വെഗാസിനെപ്പോലെ ഉറങ്ങാത്ത നഗരം. വിദേശികൾ വിളിക്കുന്ന ഓമനപ്പേര് 'നെവർ നൈറ്റ് സിറ്റി."
പാതകൾക്കിരുവശവും മരങ്ങളുടെ സല്യൂട്ട്. മരങ്ങൾ സംരക്ഷിച്ചിരിക്കുന്നതുകാണേണ്ടതുതന്നെ. മലകൾ തുരന്നും മരങ്ങളുടെ നെഞ്ചു പിളർന്നുമല്ല വികസനം വരേണ്ടതെന്ന് ചൈന കാട്ടിത്തരുന്നു. ചപ്പോ ചവറോ എങ്ങും കാണാനില്ല. നമ്മുടെ നാട്ടിലെ മാലിന്യകൂനകൾ പെറ്റുപെരുകുന്നത് ആരുടെ കുറ്റം കൊണ്ടാണ്? മറ്റെല്ലാ വഴികളും അടഞ്ഞിരിക്കെ റോഡുവക്കിൽ രഹസ്യമായി മാലിന്യം നിക്ഷേപിക്കാൻ വരുന്നവരുടെ ഗതികേട് ഓർത്തുപോയി. ചൈനയുടെ വിപ്ലവസംസ്കാരത്തിന് വിത്തുപാകിയത് തത്വചിന്തകനായ കൺഫ്യൂഷിയസ്. രാഷ്ട്രം ഒരു കുടുംബം. രാജാവ് കുടുംബനാഥനും. ഭരണാധികാരികൾ ഇക്കാര്യം മറക്കുമ്പോൾ അവിടെ അക്രമങ്ങളും കലാപങ്ങളും മുളയ്ക്കുന്നു.
സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും പ്രിയപ്പെട്ട ഇടമാണ് ഷാങ് ഹായ് മ്യൂസിയം. 1995ലാണ് സ്ഥാപിച്ചത്. ചൈനക്കാരുടെ പ്രപഞ്ചസങ്കല്പത്തിന്റെ പ്രതീകമാണ്. തറഭാഗം ചതുരാകൃതി. മുകൾഭാഗം വൃത്താകൃതി. കാവൽക്കാരായി എട്ടുസിംഹപ്രതിമകൾ. നമ്മുടെ അഷ്ടദിക് പാലകന്മാരുടെ മറ്റൊരു രൂപം. ബ്രോൺസ് ഗാലറി, വിഗ്രഹ ഗാലറി, പെയിന്റിംഗ് ഗാലറി, കാലിഗ്രഫി ഗാലറി, നാണയഗാലറി, ഫർണിച്ചർ ഗാലറി. ചൈനീസ് സംസ്കാരത്തിലേക്കുള്ള ഇടനാഴികളാണവ.
മ്യൂസിയം കണ്ടിറങ്ങുമ്പോൾ ഒരു വൃദ്ധ മുഖംമൂടികൾ വിൽക്കുന്നു. പട്ടിയുടെ മുഖം മൂടി വച്ച് അവർ ആൾക്കൂട്ടത്തെ ആകർഷിക്കുന്നു. ദയനീയഭാവമാണെങ്കിലും വാത്സല്യം വറ്റാത്ത ചിരിയുണ്ട്. അവരോട് ഒന്നും സംസാരിക്കാനായില്ല. ചൈനീസ് ഭാഷയല്ലാതെ മറ്റൊന്നും അറിയില്ല. ഇംഗ്ളീഷ് പത്തിതാഴ്ത്തുന്നത് ചൈനയിലാണ്. പാതവക്കിലെ ഒരു കടയുടെ പേര് രസിപ്പിക്കുന്നത്. '25 മണിക്കൂർ പ്രവർത്തിക്കുന്ന ഷോപ്പ്". ആലസ്യത്തിനും ഉറക്കത്തിനും 24 മണിക്കൂർ തന്നെ പോരാത്ത മലയാളികളെ കൊഞ്ഞനം കുത്തുന്ന ബോർഡ്.
റോഡിൽ സൈക്കിളുകളുടെ പ്രളയം. ഒരു പക്ഷേ കാറുകളേക്കാൾ കൂടുതൽ. കാറുകളിൽ വെള്ള നിറമുള്ളവയോടാണ് ചൈനാക്കാർക്ക് പ്രിയം. വി.ഐ.പികൾ വരെ സൈക്കിൾ യാത്രക്കാർ. സൈക്കിളുകളിലും സോളാർ പാനൽ. സൈക്കിളുകൾക്ക് പ്രത്യേക ട്രാക്കും സിഗ്നലും. ഇത്രുയം വികസിച്ചിട്ടും സൈക്കിളിനെ ചൈനക്കാർ ഉപേക്ഷിച്ചിട്ടില്ല. അതുകൊണ്ട് രണ്ടു ഗുണം. ഇന്ധനചെലവില്ല. അന്തരീക്ഷമലിനീകരണമില്ല. സുന്ദരികളാണ് ചൈനീസ് യുവതികൾ. സ്വർണത്തോട് പ്രിയമില്ല. കൈയിൽ വളകളില്ല.മാലകളില്ല. പാദസരങ്ങളില്ല. ചിലരുടെ കൈകളിൽ കല്ലുവളകൾ മാത്രം. അക്ഷയതൃതീയക്കൊന്നും ഇങ്ങോട്ട് പ്രവേശനമില്ല. സ്വർണാഭരണങ്ങളില്ലെങ്കിലും പത്തരമാറ്റുള്ള പുഞ്ചിരിയും വിനയവും ചൈനീസ് പെൺകുട്ടികളുടെ അഴക് കൂട്ടുന്നു.
ഷോപ്പിംഗ് മാളുകളിൽ എല്ലാം വാങ്ങാൻ കിട്ടും. വിലകേട്ടാൽ ഞെട്ടും. എത്ര യുവാനെന്ന് എഴുതിവച്ചിട്ടുണ്ട്. നമ്മുടെ പത്തുരൂപയിൽ കൂടുതലാണ് ചൈനയുടെ ഒരു യുവാന്റെ മൂല്യം. പല്ലി, പാറ്റ എന്നിവയുടെ ഉണക്കിയ പായ്ക്കറ്റുകൾ.തെരുവ് കടകളിലും ഇവയെല്ലാം ലഭിക്കും. നമ്മുടെ പല ക്ഷുദ്രജീവികളും ചൈനാക്കാരുടെ ഇഷ്ടഭോജ്യം. മാംസത്തിനു വേണ്ടി ബ്രോയിലർ കോഴികളെ പോലെ അവർ പാമ്പുകളെ വളർത്തും. വിഷമില്ലാത്ത പാമ്പുകൾ. സൈക്കിളെടുക്കാൻ പ്രത്യേക 'ആപ് " സംവിധാനമുണ്ട്. എവിടെവച്ചും സൈക്കിളെടുക്കാം. ആവശ്യം കഴിഞ്ഞിട്ട് വഴിയരികിൽ വച്ചിട്ടുപോകാം. പൂട്ടിവയ്ക്കാത്ത സൈക്കിളുകൾ അധികം കണ്ടില്ല.
ജാഡെ ബുദ്ധക്ഷേത്രം പ്രസിദ്ധം. സ്വർണനിറമുള്ള ബുദ്ധവിഗ്രഹങ്ങൾ. കറുത്ത ജാഡെകല്ലിൽ തീർത്തതുമുണ്ട്. സ്വർണത്തേക്കാൾ വിലയുണ്ട് കറുത്ത ജാഡെ കല്ലിന്. ഭക്തർ പലതരം നേർച്ചകൾ അർപ്പിക്കുന്നു. ശയിക്കുന്ന ഒരു ബുദ്ധവിഗ്രഹം നമ്മുടെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ അനന്തശയനത്തെ ഓർമ്മിപ്പിക്കുന്നത്. ക്ഷേത്രത്തിന് പുറത്തിറങ്ങുമ്പോൾ പേരക്കുട്ടിയെ കൈകളിൽ വച്ച് താരാട്ടുപാടുന്ന ഒരു മുത്തശ്ശി. അവരുടെ ഭാവത്തിലും ഈണത്തിലും വാത്സല്യം. താരാട്ടിന്റെ ഈണം ലോകത്തെവിടെയും ഒരുപോലെ.
കടലിന്റെ കണ്ണീർത്തുള്ളികളാണ് മുത്തുകളെന്ന് പേൾസെന്ററിലെ വില്പനക്കാരൻ. പല വലിപ്പത്തിലും നിറത്തിലുമുള്ള മുത്തുകൊണ്ടുള്ള ആഭരണങ്ങൾ. ഹൈദരാബാദിലെത്തുന്ന മുത്തുകളിൽ നല്ലൊരു പങ്കും ചൈനയിൽ നിന്നാണത്രേ. ചൈനയിലെത്തുന്ന സഞ്ചാരികളെ പേൾസെന്റർ, ജാഡെ ഫാക്ടറി എന്നിവിടങ്ങളിൽ എത്തിക്കണമെന്ന് സർക്കാർ നിബന്ധന. കേരളത്തിലെത്തുന്ന എത്രവിദേശസഞ്ചാരികൾ നമ്മുടെ കൈത്തറി കയർ മാഹാത്മ്യവും നാടൻ കലാരൂപവും അടുത്തറിയുന്നു.
ഷിങ്ഹായി നഗരത്തിലെ പല ഭീമൻ മന്ദിരങ്ങളുടെയും തലയെടുപ്പ് നോക്കിനിന്നാൽ കഴുത്തുകഴയ്ക്കും. 88 നിലയുള്ള ജിൻമാവോ ടവറിന് മുകളിൽ ലിഫ്ടിലെത്താൻ നിമിഷങ്ങൾ മതി. ടവറിന് മുകളിൽ സ്കൈവാക്കിംഗ് നടത്തുന്ന സാഹസികരായ യുവതീയുവാക്കൾ. സാഹസികത ചൈനാക്കാരുടെ പൊതുരക്തഗ്രൂപ്പെന്ന് ഗൈഡ് പോയുടെ സാക്ഷ്യപ്പെടുത്തൽ.
ഒരു ശരാശരി ചൈനാക്കാരന്റെ സ്വഭാവസർട്ടിഫിക്കറ്റ് അയാളുടെ വാക്കുകളിൽ തെളിഞ്ഞു. സാഹസികതയോടും ദേശത്തോടും വല്ലാത്ത പ്രണയം. കഠിനാദ്ധ്വാനം, രാജ്യസ്നേഹം കൂടുതലായതിനാൽ ഉള്ളതിനെക്കുറിച്ച് വാചാലരാകും. അതിന് കളങ്കംവരുന്ന ഒന്നിനെക്കുറിച്ചും പറയില്ല. ഭരണത്തെയും നിയമങ്ങളെയും അനുസരിക്കാൻ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ പരിധി നിരീക്ഷിക്കാൻ മുക്കിലും മൂലയിലും സിസിടിവി കാമറകൾക്ക് പുറമേ രഹസ്യപൊലീസ് സംവിധാനവും. നമ്മുടെ നാട്ടിൽ നല്ല ലാഭത്തിൽ നടക്കുന്നതോ വിവാദ വ്യവസായഫാക്ടറികൾ, നിഷ് പ്രയോജനമായ ചർച്ചകൾ, അമിതമായ ആവിഷ്കാര സ്വാതന്ത്ര്യമുറവിളികൾ. ഇതൊക്കെ ചൈനാക്കാർക്ക് കടംകഥയായിരിക്കും.
സായാഹ്നത്തിൽ എ.പി മാർക്കറ്റിൽ ഷോപ്പിംഗെന്നു കേട്ടപ്പോൾ സംഘത്തിലെ സ്ത്രീകളുടെ മുഖത്ത് ഉത്സവം. നമ്മുടെ ചാലക്കമ്പോളത്തിന്റെ ത്രി.ഡി പതിപ്പ്. നോക്കിനടന്നില്ലെങ്കിൽ വഴികളും ഊടുവഴികളും പിണങ്ങും. കടനടത്തിപ്പുകാരിൽ നല്ലൊരു പങ്കും യുവതികൾ. അവരുടെ പ്രസവ ഒഴിവുകാലം കുറവാണെന്ന് തോന്നി. കാരണം കൈക്കുഞ്ഞുങ്ങളെ പോറ്റുന്ന ധാരാളം മുത്തശ്ശിമാർ കടകൾക്കരികിലുണ്ട്. കുട്ടികൾ സംഘം ചേർന്ന് കളിക്കുന്നു. നമ്മൾ വൈകിട്ട് വടയും ചായയും കഴിക്കുന്നതുപോലെ അവർ പാറ്റ, പല്ലി ചിപ്സും മറ്റും അകത്താക്കുന്നു. ഫാൻസി സാധനങ്ങൾ വിൽക്കുന്ന ഒരു കടയ്ക്കു മുന്നിൽ വൈരൂപ്യമുള്ള ഒരു യുവാവ്. അവന്റെ കൈയിൽ ഒരു ആൺകുഞ്ഞ്. ദൈവം സമ്മാനിച്ച സുന്ദരനായ പൈതൽ. അവൻ കൊഞ്ചുകയും മുത്തം വയ്ക്കുയും ചെയ്യുന്നു. എങ്കിലും തന്റെ വൈരൂപ്യം ഭാവിയിൽ അവനെയും ബാധിക്കുമോ എന്ന ആശങ്കയുണ്ട് മുഖത്ത്.
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഹാങ് പു നദിയിലെ റിവർ ക്രൂസ്. മൂന്നുനിലകളുള്ള ബോട്ടിൽ ഉല്ലാസയാത്ര. നിരവധി നൗകകൾ നദിയിൽ വിഹരിക്കുന്നു. ടിക്കറ്റെടുത്ത സഞ്ചാരികളുടെ ഒഴുക്ക്. നദീതീര മന്ദിരങ്ങളിൽ ദീപാലങ്കാരങ്ങളുടെ ഉദയമായി. ഇരുവശത്തുമുള്ള കെട്ടിടങ്ങളിൽ താളാത്മകമായി മിന്നിക്കത്തുന്ന ദീപങ്ങൾ. ആകാശത്തിലും നക്ഷത്രദീപാവലി. ഹരിദ്വാറിൽ ഗംഗയിൽ ആരതിദീപങ്ങളാണെങ്കിൽ ഹാങ് പു നദിയിൽ വൈദ്യുത ദീപക്കാഴ്ചകളെന്ന വ്യത്യാസം.
അടുത്തപ്രഭാതത്തിൽ ഷാങ്ഹായിലെ വെനീസ് എന്നറിയപ്പെടുന്ന സുജിയാജോ വാട്ടർ ടൗൺ സന്ദർശനം. നമ്മുടെ കുട്ടനാടിന്റെ നാലിലൊന്നു സൗന്ദര്യം പോലുമില്ല. പക്ഷേ ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ വികസിപ്പിച്ചിരിക്കുന്നു. ആറുപേർക്കിരിക്കാവുന്ന ബോട്ടിൽ കനാലിലൂടെ ചൈനയിലെ ഗ്രാമീണസൗന്ദര്യം ആസ്വദിക്കാം. ഇരുവശത്തും കടകളും വീടുകളും കൈകോർത്തുനിൽക്കുന്നു. ബാറുകൾ, ആയുർവേദം, ഹോട്ടൽ എല്ലാമുണ്ട്. ഒരു ഭാഗത്ത് മീനിനെകൊണ്ട് കാലിൽ കടിപ്പിക്കുന്ന ഫിഷ് തെറാപ്പി. അതിന്റെ ഇക്കിളിപ്പെടുത്തുന്ന സുഖമറിയാൻ സഞ്ചാരികളുടെ തിരക്ക്. പണ്ട് നമ്മുടെ നാട്ടിലെ തോട്ടിലും ആറ്റിലും കുളിക്കുന്നതിനിടയിൽ മീനുകൾ കൊത്തും. വ്രണങ്ങൾ മീൻകൊത്തിയാൽ പെട്ടെന്ന് ഉണങ്ങുമെന്ന് വിശ്വാസം. വിൽക്കാൻ വച്ചിരിക്കുന്ന കൂറ്റൻ തേങ്ങ. നമ്മുടെ നാട്ടിലെ തേങ്ങയുടെ മൂന്നിരട്ടിവരും. ഈ തേങ്ങ ഗണപതിക്കടിച്ചാൽ വിഘ്നങ്ങളെല്ലാം തീരുമെന്ന് മുൻ അനർട്ട് ഡയറക്ടറും സംഘാംഗവുമായ ഡോ. ജയരാജ്. അഡ്വ. വണ്ടന്നൂർ സന്തോഷും മങ്ങാട് ബാലചന്ദ്രനും അതിനോട് യോജിച്ചു.
ഷാങ് ഹായിയോടു വിടപറഞ്ഞ് പുലർച്ചെ തലസ്ഥാനമായ ബീജിംഗിലേക്കുള്ള യാത്രയാണെന്ന് ഗൈഡ് പോ അറിയിച്ചു. ബുള്ളറ്റ് ട്രെയിനിലാണ്. ഷാങ് ഹായി - ബീജിംഗ് 1318 കി.മീ. പക്ഷേ ബുള്ളറ്റ് ട്രെയിനിന് നാലരമണിക്കൂർ മതി. ടിക്കറ്റെടുക്കാൻ വിദേശസഞ്ചാരികൾ എയർടിക്കറ്റും പാസ്പോർട്ടും നൽകണം. ഗൈഡ് അവ ശേഖരിക്കുന്നതിനിടയിൽ മനസ് ചുവന്നകൊടികളും പൂക്കളും മത്സരിച്ച് വിരിയുന്ന ബീജിംഗിലേക്ക് പാഞ്ഞു.
(ലേഖകന്റെ ഫോൺ:9946108220)