ദില്ലിയിൽ നിന്നും ആസാമിന്റെ വടക്കുകിഴക്കൻ നഗരമായ ഡിബ്രുഗഢിലേക്കുള്ള ആകാശയാത്ര ഹൃദ്യമായൊരു അനുഭവമാണ്. മഹാനദികളുടെയും മാമലകളുടെയും ഗാഢഹരിതമായ വനങ്ങളുടെയും ആകാശക്കാഴ്ചകൾ. പ്രകൃതി എന്ന മഹാചിത്രകാരന്റെ കാൻവാസിലെ പച്ചപ്പിന്റെ പാഠഭേദങ്ങൾ. താഴ്ന്നിറങ്ങാനുള്ള ചുറ്റിപ്പറക്കലിൽ ബ്രഹ്മപുത്ര കുറേ കൂടി വെളിപ്പെടാൻ തുടങ്ങി. പച്ചയുടെ വിവിധ ഛായകളിൽ വിശാലമായ നെൽവയലുകളും തേയിലത്തോട്ടങ്ങളും. അവയ്ക്കിടയിൽ സമൃദ്ധമായ ജലസാന്നിദ്ധ്യവുമായി കുളങ്ങൾ, മുളങ്കൂട്ടങ്ങൾ, വാഴയും കമുകും നെൽപ്പാടങ്ങളും. തെങ്ങിന്റെ സജീവസാന്നിദ്ധ്യമൊഴിച്ചാൽ അരനൂറ്റാണ്ടു മുമ്പുള്ള കേരളീയ ഗ്രാമങ്ങളുടെ പ്രകൃതം തന്നെ.
എയർപോർട്ടിൽ നിന്നും ഡിബ്രൂഗഢിലേക്കുള്ള പാതയോരങ്ങളിൽ ആസാം ഗ്രാമീണജീവിതത്തിന്റെ പ്രാരാബ്ദ്ധങ്ങൾ വേണ്ടത്ര വെളിപ്പെടുന്നു. തേയിലത്തോട്ടങ്ങളിലൂടെ തെരുവോരം ചേർന്ന് കടന്നു പോകുന്ന തീവണ്ടിപ്പാത വൃത്തിഹീനവും പ്രാകൃതവുമാണെന്ന് പറയാം. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ആദ്യമായി റെയിൽഗതാഗതം സ്ഥാപിക്കപ്പെട്ടത് ഡിബ്രുഗഢിലാണ്. എയർപോർട്ടിൽ സ്വീകരിക്കാനെത്തിയ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്രോട്ടോകോൾ ഓഫീസറും യുവാവുമായ അംശുമാൻ ദത്ത പറഞ്ഞു. 1882 ഡിസംബറിൽ ആദ്യ ഗുഡ്സ് വണ്ടിയും 1884 ഫെബ്രുവരി 18ന് ആദ്യ പാസഞ്ചർ ട്രെയിനും ഓടിത്തുടങ്ങി. നാനൂറ് ഇംഗ്ളീഷുകാരും ഇന്ത്യാക്കാരുമുൾപ്പെടെ യാത്രക്കാരുമായി ആദ്യവണ്ടി ഡിബ്രുഗഢിലെ ഓലപ്പുര സ്റ്റേഷനിൽ നിന്നും ലിഡോ എന്ന ചെറിയ പട്ടണത്തിലേക്ക് പുറപ്പെട്ടു.
ഇന്ത്യയിൽ സംസ്ഥാന തലസ്ഥാനത്തേക്കല്ലാതെ രാജധാനി എക്സ്പ്രസ് ഓടുന്നത് ഡിബ്രുഗഢിലേക്ക് മാത്രമാണ്. വിവേകാനന്ദ എക്സ്പ്രസ് എന്ന ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്യുന്ന യാത്രാവണ്ടി കന്യാകുമാരിയിൽ നിന്നും ഡിബ്രുഗഢിലേക്കാണ്, 4278 കിലോമീറ്റർ, അഞ്ചുദിവസം.
പെട്രോളിയൻ സിറ്റി എന്നറിയപ്പെടുന്ന ദുലിയാജാനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അതിഥി മന്ദിരത്തിലായിരുന്നു ഞങ്ങളുടെ താമസം. ദുലിയാജാൻ ചെറിയൊരു പട്ടണമാണ്. നാലുകിലോമീറ്റർ ചുറ്റളവിലുള്ള വൃത്തിയും വെടിപ്പുമുള്ള ഒരു ടൗൺഷിപ്പിനകത്താണ് അതിഥി മന്ദിരം. സർക്കാർ, പൊതുമേഖലാ ആതിഥ്യങ്ങളുടെ ഔപചാരികളില്ലാത്ത ആതിഥേയരും ആസാം ഭക്ഷണത്തിന്റെ കുലീനമായ രുചിസാന്നിദ്ധ്യവും പ്രിയതരമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവസാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് ഡിബ്രുഗഢ് സർവകലാഹാളിൽ വച്ച് മലയാളത്തിനുവേണ്ടി അനുജ അകത്തൂട്ട് അദ്ധ്യക്ഷൻ ഡോ. ചന്ദ്രശേഖര കമ്പാറിൽ നിന്നും ഏറ്റുവാങ്ങുന്ന ചടങ്ങ് ഹൃദ്യമായിരുന്നു. ഇംഗ്ളീഷ് എഴുത്തുകാരനും ജ്ഞാനവൃദ്ധനുമായ ഡോ. അമരേഷ് ദത്ത, അക്കാഡമി ഉപാദ്ധ്യക്ഷനും ഉറുദു എഴുത്തുകാരനുമായ ഡോ. മാധവ് കൗശിക്, സെക്രട്ടറി ശ്രീനിവാസ റാവു, ഇന്ത്യയിലെ 23 ഭാഷകളിൽ നിന്നും വന്ന യുവ എഴുത്തുകാരുടെ ഊർജ്വസ്വലസാന്നിദ്ധ്യവും ഭാഷണങ്ങളും യുവസാഹിത്യ സംഗമവും ശ്രദ്ധേയമായിരുന്നു.
പിറ്റേദിവസം രാവിലെ ഞങ്ങൾ ശിവസാഗറിലേക്കാണ് പുറപ്പെട്ടത്. ഡിബ്രുഗഢിൽ നിന്നും ശിവസാഗറിലേക്കുള്ള യാത്ര ആസാമിന്റെ ഹരിതസ്ഥലികളിലൂടെയാണ്. ഇരുവശത്തും നോക്കെത്താ ദൂരം സമതലത്തിൽ പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും നെൽവയലുകളും. മൂന്നാർ മലഞ്ചെരിവുകളുടെ മാദകലാവണ്യം പരിചയിച്ചവർക്ക് ഈ സമതല തേയിലപ്പാടങ്ങൾ കൗതുകം പകരാതിരിക്കില്ല. പച്ചയുടെ വൈവിദ്ധ്യമാർന്ന വർണപ്പകർച്ചകൾ അതീവ ചാരുതയാർന്നതാണ്. പുലർകാലവെട്ടത്തിലും നട്ടുച്ചയിലും അന്തിപ്പൊൻവെയിലിലും അത് ചുവടുകൾ മാറ്റുന്നു.
130 ഏക്കറിൽ നഗരഹൃദയത്തിൽ വ്യാപിച്ചു കിടക്കുന്ന ശിവസാഗർ തടാകം മനുഷ്യനിർമ്മിതമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മഹാറാണി അംബികാദേവിയാണ് തന്റെ ഭർത്താവ് ശിവസിംഹന്റെ സ്മരണയ്ക്ക് തടാകം കുഴിപ്പിച്ചത്. വലിയ തടാകം എന്നർത്ഥമുള്ള ബോർപുഖുരി എന്നും ഇതറിയപ്പെടുന്നു. നിറയെ താമരയും ആമ്പലും പൂത്തു നിൽക്കുന്ന ഈ തടാകം നീർപക്ഷികളുടെ ഇഷ്ടത്താവളമാണ്. ഈ തടാകതീരത്താണ് ചരിത്ര പ്രസിദ്ധമായ ക്ഷേത്രസമുച്ചയം. മറുഭാഗത്ത് കോളേജുകളും സർക്കാർ ഓഫീസുകളും മറ്റും.
നടുവിലെ ശിവക്ഷേത്രമാണ് വലിപ്പത്തിലും പ്രാധാന്യത്തിലും മുഖ്യം. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിറയെ പ്രാവുകൾ. കരിങ്കല്ലിൽ തീർത്ത കൊത്തുപണികളുള്ള അടിത്തറയ്ക്ക് തന്നെ ആളുയരമുണ്ട്. അതിനു മുകളിൽ ശില്പമാതൃകയിലുള്ള ചുവപ്പുകല്ലിൽ തീർത്ത 55 മീറ്റർ ഉയരമുള്ള ക്ഷേത്രശില്പം. ഏറ്റവും മുകളിലായി ഒരു സ്വർണത്രിശൂലമുണ്ട്. അഹോം രാജാക്കാൻമാർക്കുശേഷം ഈ പ്രദേശം ഭരിച്ചിരുന്ന ബ്രിട്ടീഷ് സൈന്യത്തിനോ മറ്റു വിദേശഭരണാധികാരികൾക്കോ ഈ ക്ഷേത്രത്തിലോ സ്വർണത്രിശൂലത്തിലോ കൈവയ്ക്കാൻ കഴിഞ്ഞിട്ടില്ല.
ശിവക്ഷേത്രത്തിന്റെ പ്രകാശം കുറഞ്ഞ ഗർഭഗൃഹത്തിലാണ് ശിവലിംഗം. മഹാശിവരാത്രി ദിവസം പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഇവിടെ ദർശത്തിനെത്താറുണ്ട്. ക്ഷേത്രത്തിനുചുറ്റുമായി നന്ദി, നരസിംഹം, കൽക്കി, ദേവി, രാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ശിലാരൂപങ്ങൾ കാണാം. ഇടതും വലത്തുമായി ദേവി, വിഷ്ണു എന്നിവരുടെ സമാനശൈലിയിലുള്ള ക്ഷേത്രങ്ങളുണ്ട്.
ശിവസാഗറിലെ ചരിത്ര സ്മാരകങ്ങളിൽ മുഖ്യമാണ് കാരംഗ്ഖർ, 1751 ൽ രാജേശ്വർ സിൻഹയാണ് ഈ കൊട്ടാര നിർമ്മിതി പൂർത്തിയാക്കിയത്. മുകളിലേക്ക് നാലുനിലകളും താഴേക്ക് മൂന്നു നിലകളുമായി ഏഴുനിലകളുണ്ടായിരുന്നു ഈ കൊട്ടാരത്തിന്. ശത്രുക്കളുടെ ആക്രമണവേളയിൽ രക്ഷപ്പെടാനുള്ള രണ്ട് രഹസ്യതുരങ്കങ്ങളും താഴേ നിലയിൽ നിന്നുണ്ടായിരുന്നുവത്രെ.
മുള കൊണ്ടും മരം കൊണ്ടും മാത്രമായിരുന്നു ഈ കൊട്ടാരത്തിന്റെ ആദ്യകാല നിർമ്മിതി. പനഞ്ചക്കര, അരിമാവ്, മുട്ട എന്നിവ ഉപയോഗിച്ചുള്ള പ്രത്യേകം കൂട്ടുകൾ കൊണ്ട് ഇഷ്ടികയിൽ പിന്നീട് പുനർനിർമ്മിക്കുകയുണ്ടായത്. താഴെ നിലയിൽ പല ഹാളുകൾ കാണാം. ഇവയെല്ലാം സംഭരണശാലകളും പരിചാരകരുടെ വാസസ്ഥലങ്ങളുമായിരുന്നു. മുഗൾശൈലിയിലുള്ള ആർച്ചുവാതിലുകൾക്ക് ഉയരം നന്നേ കുറവാണ്. തല കുനിച്ചു വേണം കടന്നു പോകാൻ. പ്രധാന കവാടത്തിനരികിലെ കൂറ്റൻ പീരങ്കികൾ ഗതകാല പ്രൗഢി വിളിച്ചോതുന്നുണ്ട്.
ഇരുനിലകളിലുള്ള രാജകീയ കായിക പവലിയനായ രംഗഖർ മറ്റൊരു സന്ദർശക കേന്ദ്രമാണ്. 1746ൽ രാജ പ്രമത്ത സിൻഹയാണ് ഈ പവലിയൻ നിർമ്മിച്ചത്. രൊംഗോലി ബിഹു (വിഷു) ആഘോഷങ്ങളും കായികാഭ്യാസങ്ങളും ഈ പവലിയനിലിരുന്നാണ് രാജാവ് വീക്ഷിച്ചിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ആംഫി തിയേറ്ററായി ഇത് ഗണിക്കപ്പെടുന്നു. വലിയൊരു ബോട്ടിന്റെ ആകൃതിയിലാണ് ഇതിന്റെ നിർമ്മിതി. അഹോം രാജാക്കൻമാരുടെ വാസ്തുശൈലിയുടെ മികച്ച ഉദാഹരണങ്ങളിലൊന്നായി ഇത് കരുതപ്പെടുന്നു. കല്ലുകൾക്കും ഇഷ്ടികൾക്കും പകരമായി പനഞ്ചക്കര, ഉഴുന്ന്, ആനപ്പുല്ല്, വലിയ മീൻ അസ്ഥികൾ എന്നിവ ഉപയോഗിച്ചാണിതിന്റെ നിർമ്മിതി.
ബ്രഹ്മപുത്രയുടെ രണ്ട് വിസ്മയ സേതുക്കൾകൂടി മടക്കയാത്രയിൽ കാത്തിരിപ്പുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ ഭൂപൻ ഹസാരിക സേതുവും ഏറ്റവും വലിയ ഡബിൾ ഡക്കർ പാലമായ ബോഗീബില്ലുമായിരുന്നു അവ. ചൈനയുടെ കരയാക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ പട്ടാളത്തെ ബോഗിബിൽ പാലം സഹായിക്കും. പാലത്തിനപ്പുറത്തെ പ്രദേശങ്ങൾ 1965ൽ ചൈന പിടിച്ചടക്കിയിരുന്നു. താഴെ റെയിൽപ്പാതയും മുകളിൽ റോഡുമായി 4.5 കി.മീ നീളം. ഇന്ത്യാ ചൈന അതിർത്തിയിലെ മല നിരകളിൽ നിന്നും ചൈനയുടെ കരസേനാ ആക്രമണത്തെ ഫലപ്രദമായി നേരിടാൻ കഴിയുന്ന ഒരു പ്രദേശമാണിത്.
ബ്രഹ്മപുത്രയ്ക്ക് ഇവിടെ നൂറടിയിലേറെ ആഴമുണ്ട്. പുറമെ ശാന്ത പ്രവാഹമായി തോന്നിക്കുന്ന ഈ മഹാനദിയെ അടുത്തു നിന്ന് വീക്ഷിച്ചാൽ ശക്തമായ ചുഴികൾ കാണാം. കടലിരമ്പം പോലുള്ള നദിയുടെ ഉള്ളലർച്ചയെക്കുറിച്ചും അപകടം അകമേ ഒതുക്കിയുള്ള പുറം ശാന്തപ്രകൃതത്തെക്കുറിച്ചും അംശുമാൻ പറഞ്ഞുകൊണ്ടിരുന്നു. പാലം വരുന്നതിനുമുമ്പുള്ള കടത്തുയാത്രയിൽ ഒരു ജങ്കാർ നദിയിൽ മുങ്ങിയതും കാറുകളും മനുഷ്യരും എന്നെന്നേക്കുമായി നദിയുടെ ആഴങ്ങളിലേക്ക് നഷ്ടമായതും അയാൾ ഓർമ്മിപ്പിച്ചു. ആസാമിന്റെ ജനജീവിതവും കൃഷിയും ബ്രഹ്മപുത്രയുടെ ഔദാര്യത്തിലാണ്. മനുഷ്യന്റെ കൈക്കരുത്തിനും ബുദ്ധിക്കും വഴങ്ങാത്ത ഒരാസുരഭാവം ബ്രഹ്മപുത്രയ്ക്കുണ്ട്.
ആസാമിന്റെ സംഗീതപ്പെരുമയായ ഭൂപൻ ഹസാരികയുടെ ജന്മദേശമായ സാദിയയിൽ നിർമ്മിക്കപ്പെട്ട ഭൂപൻ ഹസാരിക സേതു എന്ന ഇന്ത്യയിലെ ഏറ്റവും നീളമുള്ള (9.5 കി.മീ) പാലം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സാധാരണ പാലങ്ങൾ പോലെ ഋജുതയിലല്ല ഇതിന്റെ തുടക്കം. വിശാലമായ നീരൊഴുക്കും മണൽത്തിട്ടകളും വലിയ തുരുത്തുകളും പൊന്തക്കാടുകളുമായി ബ്രഹ്മപുത്ര വിശ്വരൂപം കാണിക്കുന്ന ഒരിടമാണിത്.
(ലേഖകന്റെ ഫോൺ : 9447575156)